'കുറച്ച് കാശുണ്ടോ ചങ്ങായീ, ബിറ്റ് കോയിനിലിടാന്‍...' മലപ്പുറം ജില്ലയിലെ ഗ്രാമപ്രദേശമായ താനാളൂര്‍ അങ്ങാടിയില്‍നിന്നാണ് ചോദ്യം. ഈയടുത്ത് ലോകത്തെ കംപ്യൂട്ടര്‍ ശൃംഖലകളില്‍ വാനാക്രൈ വൈറസ് ആക്രമണം നടത്തിയവര്‍ മോചനദ്രവ്യമായി പണത്തിനുപകരം ചോദിച്ച ക്രിപ്‌റ്റോ കറന്‍സി (ഡിജിറ്റല്‍ പണം) ബിറ്റ്‌കോയിന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും എത്തിക്കഴിഞ്ഞു.

ബിറ്റ്‌കോയിന്‍ എന്നാല്‍
ക്രിപ്‌റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അനേകം കറന്‍സികളില്‍ ഒന്നുമാത്രമാണ് ബിറ്റ്‌കോയിന്‍. ഇത് സാധാരണ പണംപോലെ കൈയില്‍ പിടിക്കാനോ പേഴ്‌സില്‍ വെക്കാനോ കഴിയുന്ന ഒന്നല്ല. ഈ കോയിന്‍ നിര്‍മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റലാണ്.

വലിയ പ്രോസസിങ് ശേഷിയുള്ള കംപ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ഒരു ബിറ്റ്‌കോയിന്‍ ഡിസൈന്‍ ചെയ്യുന്നത്. ബിറ്റ്‌കോയിനുകള്‍ ഡിജിറ്റല്‍ലോകത്തെ പണവിനിമയത്തിനാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്.

ക്രമേണ മറ്റുമേഖലകളിലും മൂല്യമുണ്ടായതോടെയാണ് ബിറ്റ്‌കോയിന്‍ ഒരു നിക്ഷേപമാര്‍ഗമായത്. റഷ്യയില്‍ ഇത്തരം കോയിനുകള്‍ നിര്‍മിക്കാന്‍ (മിന്റ് ചെയ്യുകയെന്ന് ബിറ്റ്‌കോയിന്‍ ആരാധകര്‍ പറയും) ഒരുപാട് കംപ്യൂട്ടറുകള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാമുകള്‍ തന്നെയുണ്ട്. ജപ്പാന്‍കാരനായ സതോഷി നകാമോട്ടോയാണ് ബിറ്റ്‌കോയിനിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ലെന്നും ഒരുകൂട്ടം ആളുകളാണെന്നും അഭിപ്രായമുണ്ട്.

ഓഗസ്റ്റ് 21ന് 1,40,000 രൂപ (2187 ഡോളര്‍) ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ച താനാളൂര്‍ സ്വദേശി ഷിഷാദ് ആവേശത്തിലാണ്. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ തന്റെ വാലറ്റില്‍ റിട്ടേണായി വന്ന 1280 രൂപ (20 ഡോളര്‍) കണക്കിലെടുക്കുമ്പോള്‍ വരുംദിവസങ്ങളിലും കൂടുതല്‍ ലാഭം തരുമെന്ന പ്രതീക്ഷയിലാണയാള്‍. ഷിഷാദ് മാത്രമല്ല, തിരൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോള്‍ ഇതില്‍ പണമിറക്കിയിട്ടുണ്ട്. കൊച്ചിയില്‍ ബിസിനസ് ചെയ്യുന്ന ആലപ്പുഴക്കാരന്‍ പ്രവീണും ബിറ്റ്‌കോയിനെ വിശ്വസിക്കുന്നു.

1000 ഡോളര്‍ (64,000 രൂപ) ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ പിന്നീടുള്ള 95 ദിവസങ്ങള്‍ക്കുള്ളില്‍ മുടക്കുമുതല്‍ മുഴുവന്‍ തിരിച്ചുകിട്ടുമെന്നും അതുകഴിഞ്ഞ് കിട്ടുന്നതെല്ലാം ലാഭവുമായിരിക്കുമെന്നാണ് ഇതില്‍ നിക്ഷേപിച്ച ചിലരുടെ വാദം.

ബിറ്റ്‌കോയിനില്‍ നിക്ഷേപമിറക്കുമ്പോള്‍ അല്‍പ്പമെങ്കിലും ലാഭം കിട്ടണമെങ്കില്‍ തുടക്കത്തില്‍ 10,000 രൂപയെങ്കിലും ഇടണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇതിന് പാന്‍കാര്‍ഡും ശരിയായ മേല്‍വിലാസവും മാത്രം മതിയെന്നും ഇവര്‍ പറയുന്നു. നിക്ഷേപസാഹായികളായി ഇന്റര്‍നെറ്റില്‍ നിരവധി ലിങ്കുകളുണ്ട്.

ഇന്ത്യന്‍ രൂപയുമായുള്ള ബിറ്റ്‌കോയിനിന്റെ ഒരോ ദിവസത്തെയും വിനിമയമൂല്യവും ഇന്റര്‍നെറ്റില്‍ ലഭിക്കും.

എന്നാല്‍, ബിറ്റ്‌കോയിനെ ഒരു നിക്ഷേപ ഉപാധിയാക്കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഐ.ടി. വിദഗ്ധനായ ജോസഫ് മാത്യു പറയുന്നു. 'ഒരു വിനിമയ ഉപാധിയെന്നനിലയില്‍ ബിറ്റ്‌കോയിനെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, നിക്ഷേപകന് വ്യക്തമായ ഉറപ്പ് ലഭിക്കുന്നില്ല'- അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിറ്റ്‌കോയിന്‍ ഒരു സുരക്ഷിത നിക്ഷേപമായി കാണണമെങ്കില്‍ സര്‍ക്കാര്‍ ഇതിലും ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരേണ്ടിവരും. അല്ലെങ്കില്‍ ഇതുസംബന്ധിച്ച് ഒരു കേസ് വരുമ്പോള്‍ പരിഹാരംകാണാന്‍ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.