രോരുത്തർക്കും ഉചിതമായ നിക്ഷേപ മാർഗങ്ങൾ കണ്ടെത്തും മുമ്പ് നിക്ഷേപത്തിൽ നിന്നുള്ള ലാഭം സംബന്ധിച്ച ചില തെറ്റിദ്ധാരണകൾ പരിശോധിക്കാം. നിലവിൽ ബാങ്ക് സ്ഥിര നിക്ഷേപത്തിനാണ് സുരക്ഷിതമായ മാർഗത്തിലൂടെ നിക്ഷേപിച്ചാൽ ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും കൂടിയ പലിശ നിരക്ക് (റിട്ടേൺ) ലഭിക്കുന്നത്. 

ബാങ്ക് പലിശ നിരക്കിനെക്കാൾ കൂടിയ പലിശയോ ലാഭമോ തരുന്ന നിക്ഷേപ മാർഗങ്ങളുണ്ട്. പക്ഷേ, പലിശ കൂടുന്നതിന് അനുസരിച്ച് റിസ്കും കൂടും. അതായത് മുതലിലുള്ള സുരക്ഷിതത്വം കുറയും. 

രാജ്യത്തെ പണത്തിന്റെ ലഭ്യത, പണപ്പെരുപ്പ നിരക്ക്, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത തുടങ്ങിയ നിരവധി ഘടകങ്ങൾ പരിഗണിച്ച് സമ്പദ് വ്യവസ്ഥയെ സന്തുലിതമായി കൊണ്ടുപോകുന്നതിന് മുഖ്യ പരിഗണന നൽകി പലിശ നിരക്ക് റിസർവ് ബാങ്ക് നിശ്ചയിക്കും. ഈ നിരക്കിനെ അടിസ്ഥാനമാക്കി ഓരോ ബാങ്കും നിശ്ചയിക്കുന്നതാണ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ലഭിക്കാവുന്ന ഏറ്റവും കൂടിയ പലിശ നിരക്കാണ് ഇത്. ഇതിനെക്കാൾ കൂടുതൽ പലിശ നിയമ വിധേയമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് ലഭിക്കും. എന്നാൽ ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമല്ല അവയൊന്നും. 

ബാങ്ക് നിക്ഷേപവും ഏറ്റവും സുരക്ഷിതം എന്ന് പറയാൻ പറ്റില്ല. ബാങ്ക് തകരുകയാണെങ്കിൽ ഒരു ലക്ഷം രൂപ വരെയേ തിരിച്ചു കിട്ടൂ. അത്രയും തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷയേ ലഭിക്കൂ. നിക്ഷേപകന്റെ ബാങ്കിലിടുന്ന നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിക്ഷേപ പരിരക്ഷയുണ്ട്. ഈ പരിരക്ഷയാണ് ബാങ്ക് ഡെപ്പോസിറ്റിലെ സുരക്ഷിതത്വം. 

ബാങ്ക് തകർച്ച നേരിടുകയും പുനരുജ്ജീവിപ്പിക്കാനോ ഏറ്റെടുക്കാനോ പറ്റാത്ത വിധത്തിലുള്ള പതനം ആസന്നമാകുകയും ചെയ്താൽ നിക്ഷേപിച്ചിരുന്ന തുക എത്രയോ ആയിക്കോട്ടെ പരമാവധി ഒരു ലക്ഷം രൂപ തിരിച്ചു കിട്ടും. നിക്ഷേപ തുക 10 ലക്ഷമാണെങ്കിലും കിട്ടുക ഒരു ലക്ഷം രൂപ മാത്രമായിരിക്കും എന്നു ചുരുക്കം. 

എന്നാൽ, ഇന്ത്യയിലെ ബാങ്കിങ് വ്യവസ്ഥ വളരെ ശക്തവും നിരീക്ഷണം വളരെ കാര്യക്ഷമവും ആയതിനാൽ മുകളിൽ സൂചിപ്പിച്ച പോലെ ബാങ്കുകൾ തകരാറില്ല. അത്തരത്തിലുള്ള ഒരു തകർച്ച റിസർവ് ബാങ്ക് അനുവദിക്കാറില്ല. അതിനു മുമ്പുതന്നെ ശക്തമായ ഇടപെടൽ നടത്തുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്ത ചരിത്രമാണ് റിസർവ് ബാങ്കിനുള്ളത്. പരിഹരിക്കാൻ പറ്റാത്ത വിധം ബാങ്ക് പ്രശ്നത്തിലാണെങ്കിൽ ആ ബാങ്കിനെ മറ്റേതെങ്കിലും ബാങ്കിൽ ലയിപ്പിച്ച് ആർ.ബി.ഐ. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുകയാണ് പതിവ്. 

അതേസമയം, നോട്ട് നിരോധനത്തെത്തുടർന്ന് എല്ലാവരും ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിതമായിരിക്കുകയാണല്ലോ. ആ സാഹചര്യത്തിൽ നിക്ഷേപ പരിരക്ഷ ഒരു ലക്ഷം രൂപയിൽ നിന്ന് വർധിപ്പിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഏറ്റവും ഒടുവിൽ 24 വർഷം മുമ്പാണ് ഈ തുക വർധിപ്പിച്ചത്. അന്ന് 30,000 രൂപയിൽ നിന്നാണ് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചത്. ഇൻഷുറൻസ് തുക വർധിപ്പിച്ചാൽ അതിനനുസരിച്ച് ബാങ്കുകളുടെ പ്രീമിയം അടവ് വർധിക്കുമെന്നതിനാലാണ് ബാങ്കുകൾ ഇതിന് വിമുഖത കാട്ടുന്നത്. 

സമ്പത്തിലേക്കുള്ള പാതയിൽ പ്രവേശിക്കാൻ ബാങ്ക് നിക്ഷേപങ്ങളോടുള്ള കടുത്ത വിധേയത്വം പ്രതിസന്ധി ആകരുത്. മറ്റ് നിക്ഷേപ മാർഗങ്ങൾ കൂടി പരീക്ഷിക്കാനുള്ള മനോഭാവം വളർത്തിയെടുക്കണം. 

 ഇ-മെയിൽ: jayakumarkk@gmail.com