ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) നടപ്പിലാക്കുന്ന ഭവനപദ്ധതി മാര്‍ച്ച് മാസം മുതല്‍ രാജ്യത്ത് നടപ്പില്‍ വരും. അംഗങ്ങളുടെ പി.എഫ്. നിക്ഷേപം ഈട് നല്‍കി, ചെലവു കുറഞ്ഞ വീടുകള്‍ വാങ്ങാനുളള സംവിധാനമൊരുക്കുകയാണ് ഇതിലൂടെ  ചെയ്യുന്നത്.

ഇ.പി.എഫ്.ഒ. ഒരു ഫെസിലിറ്റേറ്ററായി  നിന്ന്, അംഗങ്ങളുടെ സര്‍വീസ് കാലാവധിക്കുള്ളില്‍ വീട് വാങ്ങാനുള്ള അഡ്വാന്‍സ് നല്‍കും. ഭാവി പി.എഫ്. വിഹിതം പ്രതിമാസ തുല്യ അടവുതുക (ഇ.എം.ഐ.) യായി പരിഗണിക്കുകയുമാകും ചെയ്യുക. 

പദ്ധതിയുടെ ഗുണഭോക്താവാകാന്‍, ഇരുപതില്‍ കുറയാത്ത അംഗങ്ങളായ ജീവനക്കാര്‍ ചേര്‍ന്ന്  ഹൗസിങ് സൊസൈറ്റി രൂപവത്കരിക്കണം. 
അംഗവും ബാങ്ക് അല്ലെങ്കില്‍ ഹൗസിങ് ഏജന്‍സിയും ഇ.പി.എഫ്.ഒ. യുമായി    കരാറും ഉണ്ടാക്കും.ഭാവിയില്‍ എതെങ്കിലും തരത്തിലുളള തര്‍ക്കങ്ങളുണ്ടായാല്‍ ഇ.പി.എഫ്.ഒ.അതില്‍ കക്ഷി ചേരില്ല.

പദ്ധതി സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇ.പി.എഫ്.ഒ.യുടെ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗം നേരത്തെ അംഗീകരിച്ചിരുന്നു. നിലവില്‍ നാലുകോടി ആളുകളാണ് ഇ.പി.എഫ്.ഒ.യില്‍ അംഗങ്ങളായിട്ടുള്ളത്.