പെട്രോള്‍ കാര്‍ വേണോ ഡീസല്‍ കാര്‍ വേണോ? മുമ്പ് ഈ ചോദ്യത്തിന് അധികം പ്രസക്തിയില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. യാതൊരുവിധ നിയന്ത്രണവുമില്ലാതെ പെട്രോള്‍ വില ഉയരുകയാണ്. ഡീസല്‍ വില ഉയരുന്നുണ്ടെങ്കിലും പെട്രോളിന്റെ അത്ര വേഗത്തിലല്ല. പെട്രോളിന് വീണ്ടും 1.50-2.00 രൂപ കൂടി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ ഡീസല്‍പ്രേമികള്‍ കൂടുകയാണ്.

ഡീസലിനോടുള്ള പ്രേമം കൂടിവരാന്‍ പിന്നെയും കാരണങ്ങളുണ്ട്. പഴയ വിറയന്‍ എന്‍ജിനുകള്‍ ഏതാണ്ട് അപ്രത്യക്ഷമായി. മാരുതി, ഹ്യുണ്ടായ്, ടൊയോട്ട, ഫോര്‍ഡ്, ഫോക്‌സ്‌വാഗണ്‍, ഷെവര്‍ലെ തുടങ്ങി, ഹോണ്ട ഒഴികെ, എല്ലാ വാഹനങ്ങളും അവരുടെ മിക്ക മോഡലുകളുടെയും ഡീസല്‍ പതിപ്പ് പുറത്തിറങ്ങിക്കഴിഞ്ഞു. ഡീസല്‍ കാറുകളുടെ മെയിന്റനന്‍സ്-ചെലവ് കുറച്ചുകൊണ്ടുവരുന്നതിലും കമ്പനികള്‍ വിജയിച്ചു.

സൗകര്യങ്ങളും രൂപഭംഗിക്കും എല്ലാം ഒരുപോലെ. പെര്‍ഫോമന്‍സും മോശമല്ല. മൈലേജ് പെട്രോളിനേക്കാള്‍ ഒരുപടി മുന്നില്‍. ഡീസലിന് വിലയും കുറവ്. കാര്‍ വില കൂടുതലാണെങ്കിലും ആളുകള്‍ക്ക് ഡീസല്‍പ്രേമം കൂടുതലായി തോന്നിത്തുടങ്ങാന്‍ ഇതൊക്കെ തന്നെ കാരണം.

പൊതുവായ കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും നിങ്ങള്‍ ഒരു കാര്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ തീരുമാനവും നിങ്ങളുടേതായിരിക്കണം. കമ്പനി, മോഡല്‍, യാത്രാസുഖം, ഭൂമിശാസ്ത്രപരമായ കിടപ്പ്, രൂപഭംഗി എന്നിവയൊക്കെ പരിഗണിച്ച് ഒരു കാര്‍ തിരഞ്ഞെടുക്കുത്താല്‍ ഡീസല്‍ വേണോ പെട്രോള്‍ വേണോ എന്ന് നിശ്ചയിക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍കൂടി ശ്രദ്ധിക്കാനുണ്ട്.

കാര്‍ ഉപയോഗം എത്രത്തോളം?

കാര്‍ എത്രത്തോളം ഉപയോഗിക്കും എന്നതാണ് ഏറ്റവും പ്രധാനം. അതായത് മാസം എത്ര കിലോമീറ്റര്‍ ഓടും എന്നത്. പുതുമോടിയിലെ ഓട്ടമല്ല പരിഗണിക്കേണ്ടത്. മാസം ശരാശരി എത്ര കിലോമീറ്റര്‍? 1000 കിലോമീറ്റര്‍. അതായത് ദിസം 35 കിലോമീറ്ററോളം ഓടുമോ? അതോ രണ്ടായിരത്തിനും മുകളിലോ? അതോ അഞ്ഞൂറില്‍ താഴെയോ? പെട്രോള്‍ കാറാണോ ഡീസലാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് പ്രധാനമായും ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ്.
ഇതിന്റെ വ്യത്യാസം മനസ്സിലാക്കാന്‍ ഒരു ഉദാഹരണം:
ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറുകളിലൊന്നായ മാരുതി സ്വിഫ്റ്റിന്റെ പെട്രോള്‍ (എന്‍.എക്‌സ്.ഐ), ഡീസല്‍ (വി.ഡി.ഐ) മോഡലുകള്‍ താരതമ്യം ചെയ്യാം. മറ്റ് സൗകര്യങ്ങളെല്ലാം ഒരേപോലെയുള്ള അടിസ്ഥാനമോഡലുകളാണിത്.
സ്വിഫ്റ്റ് പെട്രോള്‍ മോഡലിന്റെ ഓണ്‍ റോഡ് വില (പാലക്കാട്) 4,83,483 രൂപയാണ്. ഡീസലിന് 5,77,261 രൂപ. അതായത് ഡീസല്‍ കാറിന് 93,778 രൂപ കൂടുതല്‍. കമ്പനി അവകാശപ്പെടുന്ന മൈലേജ് പെട്രോളിന് 18.6 കിലോമീറ്ററും ഡീസലിന് 22.9 കിലോമീറ്ററും. ഇപ്പോള്‍ പെട്രോള്‍വില 68.97 രൂപ. ഡീസലിന് 44.62 രൂപയും (ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, പാലക്കാട്, 29.10.2011).

ഇനി ഇവയുടെ പ്രവര്‍ത്തനച്ചെലവ് നോക്കാം. പെട്രോള്‍ കാര്‍ 1,000 കിലോ മീറ്റര്‍ ഓടാന്‍ 53.76 ലിറ്റര്‍ ഇന്ധനം വേണ്ടിവരും. അതായത് 3,708 രൂപയുടെ പെട്രോള്‍. ഡീസല്‍ കാറിന് 1000 കിലോമീറ്റര്‍ ഓടാന്‍ 43.67 ലിറ്റര്‍ ഇന്ധനം മതി. അതായത് 1,948 രൂപ ചെലവ്.

ഫലത്തില്‍ 1000 കിലോമീറ്റര്‍ ഓടുകയാണെങ്കില്‍ പെട്രോളിന് 1,760 രൂപ അധിക ചെലവ് വരും. ലോണെടുത്താണ് കാര്‍ വാങ്ങിയതെങ്കില്‍ ഡീസല്‍ കാറിനായി അധികം മുടക്കിയ 93,778 രൂപയ്ക്ക് ഇപ്പോഴത്തെ 12 ശതമാനം വാഹനവായ്പാ നിരക്കില്‍ 11,253 രൂപ വര്‍ഷം പലിശ നല്‍കേണ്ടിവരും. അതായത് മാസം 937 രൂപ.

ഡീസലിന് മാസം മുടക്കേണ്ട 1,948.47 രൂപയുടെ കൂടെ ഇത് കൂട്ടിയാലും പെട്രോള്‍ ചെലവിനേക്കാള്‍ 823 രൂപ കുറവ്.

അതായത് മാസം 1000 കിലോമീറ്റര്‍ ഓടുകയാണെങ്കില്‍, ഡീസല്‍ കാറിന് മൊത്തം 823 രൂപ ലഭിക്കാം. പക്ഷേ, കാര്‍ മാസം 500 കിലോമീറ്റര്‍ മാത്രമേ പരമാവധി ഓടുന്നുള്ളൂവെങ്കില്‍ കഥ മാറി. പെട്രോള്‍ കാറിന് ഡീസല്‍ കാറിനേക്കാള്‍ 58 രൂപ ഇന്നത്തെ നിരക്കില്‍ ലാഭം കിട്ടും.ചുരുക്കത്തില്‍ പറഞ്ഞാല്‍, മാസം അഞ്ഞൂറ് കിലോമീറ്ററെങ്കിലും ഓടാത്തവര്‍ മാസങ്ങളോളം കാത്തിരുന്ന് വന്‍ലാഭം പ്രതീക്ഷിച്ച് ഡീസല്‍ കാര്‍ എടുക്കേണ്ടതില്ല. പക്ഷേ, രണ്ടായിരത്തിലധികം കിലോമീറ്റര്‍ മാസം ഓടുന്നവര്‍ക്ക് ഡീസല്‍ തന്നെയാവും ഉചിതം. പക്ഷേ, പെട്രോള്‍ കാറുകാര്‍ പൂര്‍ണമായും നിരാശരാകേണ്ടതില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, കൊച്ചിയിലെ എന്‍.എന്‍.ജി. ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായാല്‍ പ്രകൃതിവാതകം ഇന്ധനമാക്കാമെന്നത് പ്രതീക്ഷയേകുന്നതാണ്.