കുഞ്ഞ് ജനിക്കുന്നതോടെ ചെലവുകള്‍ ഏറുംകുടുംബത്തില്‍ ഒരു കുഞ്ഞ് പിറക്കുന്നതോടെ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാംഘട്ടം ആരംഭിക്കുകയായി. പലപ്പോഴും ഈയൊരു ഘട്ടത്തില്‍ അമ്മ തന്റെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാകുന്നു. കൂട്ടുകുടുംബം എന്ന പ്രസ്ഥാനം കുട്ടികള്‍ക്കു നല്‍കിയിരുന്ന പരിരക്ഷ വെറും പഴംകഥയായി മാറിക്കഴിഞ്ഞ ഇന്നത്തെ കാലത്ത്, കുട്ടിയെ 'നോക്കണം' എന്നുണ്ടെങ്കില്‍ മാതാവ് വീട്ടില്‍ കണ്ടേ മതിയാവൂ.

വരവിലും ചിലവിലും ഗണ്യമായ വ്യതിയാനമാണ് ഈ ഘട്ടത്തിലുണ്ടാകുന്നത് എന്നത് മറക്കരുത്. ജോലി ഉപേക്ഷിച്ചു എന്ന ഒറ്റക്കാരണത്താല്‍ തന്നെ കുടുംബ വരുമാനത്തിന്റെ ഏതാണ്ട് പകുതിയോളം തുകയാണ് കുറയുന്നത്. മറുവശത്ത് കുട്ടിയുടെ പരിരക്ഷയ്ക്ക് ആവശ്യമായ ചിലവുകളും, കഴിഞ്ഞ ഘട്ടത്തെ അപേക്ഷിച്ച് ചിലവുകള്‍ ഉയരാന്‍ കാരണമാകുന്നു.

ഈയൊരു ഘട്ടത്തില്‍പെടുന്നവരുടെ സമ്പാദിക്കാനുള്ള കഴിവും ആഗ്രഹവും എങ്ങനെയെന്നു നോക്കാം. ഒരാളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയേണ്ടിവരുന്ന ഈ ഘട്ടത്തില്‍, കുട്ടിയുടെ ജനനവും അനുബന്ധചെലവുകളും കുടുംബ ബഡ്ജറ്റിനെ പ്രതികൂലമായി ബാധിച്ചു നില്‍ക്കുന്ന ഈ അവസരത്തില്‍, അതുകൊണ്ടുതന്നെ സമ്പാദിക്കാനുള്ള കഴിവും തുലോം കുറവായിരിക്കും. എന്നു മാത്രമല്ല, പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും തുണയാകുന്നത് കഴിഞ്ഞഘട്ടങ്ങളില്‍ അവര്‍ ആരുടെയെങ്കിലും നിര്‍ബന്ധപ്രകാരമോ അല്ലാതെയോ നടത്തിയ സേവിങ്‌സും ആയിരിക്കും.

മറ്റൊരു തരത്തിഅ പറഞ്ഞാല്‍ മുന്‍കാലങ്ങളില്‍ അറിഞ്ഞോ അറിയാതെയോ സ്വരൂപിച്ച പണത്തിന്റെ വില അവര്‍ മനസ്സിലാക്കുന്നത് ഈയൊരു ഘട്ടത്തിലാണ്. വരുംനാളുകളിലേക്ക് സമ്പാദിക്കേണ്ടതിന്റെ ആവശ്യകത വളരെ കൃത്യമായി ബോധ്യമാകുന്ന ഈ ഘട്ടത്തില്‍, പക്ഷേ അതിനുള്ള ആഗ്രഹം വളരെ കൂടുതലായിരിക്കുമെങ്കിലും 'കഴിവ്' മേല്‍പറഞ്ഞ കാരണങ്ങളാല്‍ വളരെ കുറവായിരിക്കും. ലോണിന്റെ ആവശ്യകത ഈ ഘട്ടക്കാര്‍ക്ക് വളരെ കൂടുതലായിരിക്കും. ദമ്പതികള്‍ രണ്ടുപേരും ജോലിക്കാരായിരുന്നപ്പോള്‍ ഉണ്ടായിരുന്ന 'സ്റ്റാറ്റസ്' ഈ ഘട്ടത്തിലും തുടരണമെന്ന് ആഗ്രഹിക്കുക സ്വാഭാവികം. പക്ഷേ ജോലി നഷ്ടമായ ഒരാളുടെ വരുമാനം ഒരു 'ഗ്യാപ്പി'ന് കാരണമാകുന്നു. കുട്ടിയുടെ ജനനത്തോടെ വേണ്ടി വരുന്ന ചിലവുകള്‍, ഫര്‍ണിച്ചര്‍, കാര്‍ ഇവയൊക്കെതന്നെ ഈ 'ഗ്യാപ്പിന്റെ' ആഴം വര്‍ധിപ്പിക്കുന്നു.

പലപ്പോഴും 'ലോണിലൂടെ' ഈ ഗ്യാപ് ഫില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് തന്നെയാണ് ഈ ഘട്ടക്കാര്‍ക്ക് ലോണിന്റെ ആവശ്യകത കൂട്ടുാന്‍ കാരണം. കഴിഞ്ഞ ഘട്ടങ്ങളില്‍ തെല്ല് പുച്ഛത്തോടെ വീക്ഷിച്ചിരുന്ന ലൈഫ് ഇന്‍ഷുറന്‍സിനെക്കുറിച്ച് അല്പം ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങും ഇക്കൂട്ടര്‍. ഒരു കുട്ടിയുടെ ജനനം, തന്നെ മാത്രം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത് എന്ന ചിന്ത, ലോണുകളില്‍ കൂടി വര്‍ധിച്ച ബാധ്യത... ഇവയൊക്കെയാണ് ഇങ്ങനെയുള്ള ചിന്തയ്ക്ക് പ്രേരകമായിത്തീരുന്നത്.

ഒരുവശത്ത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോഴും, പ്രീമിയത്തിനായി മാറ്റിവയേ്ക്കണ്ടിവരുന്ന തുകയുടെ ദൗര്‍ലഭ്യം ഇക്കൂട്ടരെ ചിന്താക്കുഴപ്പത്തിലാക്കുന്നു. റിസ്‌ക് കവര്‍ ചെയ്യാനായി മാത്രം പ്രീമിയം താരതമ്യേന കുറഞ്ഞ പോളിസികള്‍ ലഭ്യമാണോ എന്നറിയാനാവും ഇവരുടെ ശ്രമം. അവയെക്കുറിച്ച് വിശദമായി പിന്നാലെ പറയാം.

കഴിഞ്ഞ ഘട്ടത്തെ അപേക്ഷിച്ച് 'ലിക്വിഡിറ്റി' താരതമ്യേന കൂടുതല്‍ വേണ്ടിവരുന്ന ഒരു ഘട്ടമാണിത്. കുറഞ്ഞ വരുമാനം, നിനച്ചിരിക്കാത്ത നേരത്ത് കടന്നുവരുന്ന ചികിത്സാ ചെലവുകള്‍ ഇവയൊക്കെ ഈ ഘട്ടക്കാരുടെ സേവിങ്‌സില്‍ ഒരു ഭാഗം 'ലിക്വിഡിറ്റി' കൂടിയതില്‍ തന്നെ വേണം എന്ന് ഓര്‍മിപ്പിക്കുന്നു. അതായത് പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളില്‍ വേണം പണം നിക്ഷേപിക്കാന്‍.


റിസ്‌ക് എടുക്കാനുള്ള ശേഷി


അടിപൊളിയായി കടന്നുപോയ ഒന്നാംഘട്ടം, കൂസലില്ലായ്മ കൈമുതലായിരുന്ന രണ്ടാംഘട്ടം - മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ അല്പം കൂടി ഒരു 'ഇരുത്തം' ചിന്തയിലും പ്രവൃത്തിയിലുമെല്ലാം കടന്നുവരുന്നു. കുറഞ്ഞ വരുമാനം, വര്‍ധിച്ചുവരുന്ന ജീവിത ചിലവുകള്‍... പണത്തിന്റെ മൂല്യം ഒരാള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കിത്തുടങ്ങുന്നത് ഇവിടം മുതലാണെന്നു പറയാം. പണം നേടുന്നതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് നഷ്ടപ്പെടുത്താതിരിക്കുന്നതും എന്ന തിരിച്ചറിവാണ് ഈ ഘട്ടത്തിന്റെ ടേണിങ് പോയിന്റ്. ഈയൊരു കാരണത്താല്‍, റിസ്‌ക് എടുക്കാനുള്ള താത്പര്യം ഇക്കൂട്ടരില്‍ കുറഞ്ഞുതുടങ്ങുന്നു. നഷ്ടപ്പെട്ടേക്കാവുന്ന ഓരോ രൂപയുടെയും യഥാര്‍ഥ മൂല്യം ഇവര്‍ അറിഞ്ഞുതുടങ്ങുന്നു. നഷ്ടപ്പെടുത്തിയാല്‍ അത് നികത്താന്‍ പര്യാപ്തമായ ദീര്‍ഘകാലം മുന്നിലുണ്ടെങ്കില്‍കൂടി മേല്‍പറഞ്ഞ കാരണങ്ങളാല്‍ റിസ്‌ക് എടുക്കാനുള്ള താത്പര്യം ഇക്കൂട്ടരില്‍ കുറഞ്ഞുവരുന്നു.


നികുതി ബാധ്യത


ടാക്‌സ് ഇനത്തിലെ ബാധ്യത കഴിഞ്ഞ ഘട്ടത്തെ അപേക്ഷിച്ച് ഈ ഘട്ടക്കാര്‍ക്ക് കുറഞ്ഞുവരും. ഭവനവായ്പയില്‍ നിന്ന് ലഭിക്കുന്ന റിബേറ്റ്, കുട്ടിയുടെ/കുട്ടികളുടെ ട്യൂഷന്‍ ഫീസിന് ലഭിക്കുന്ന ഇളവ് എന്നിവയൊക്കെ ഇക്കൂട്ടര്‍ക്ക് ടാക്‌സ് ഇനത്തില്‍ ലഭിക്കുന്ന ഇളവുകളാണ്.

റിട്ടയര്‍മെന്റ്/ എസ്റ്റേറ്റ് പ്ലാനിങ്ങിനെക്കുറിച്ച് സീരിയസ്സായി ചിന്തിച്ചു തുടങ്ങുന്നത് ഈ ഘട്ടത്തോടെയാണെന്നു പറയാം. എങ്കിലും റിട്ടയര്‍മെന്റ് പ്ലാനിങ്ങിനായി പ്രതിമാസം മാറ്റിവയേ്ക്കണ്ടിവരുന്ന തുകയുടെ ദൗര്‍ലഭ്യം ആഗ്രഹങ്ങളെ ആഗ്രഹങ്ങളായി നിര്‍ത്തുകയാണ് പതിവ്. എസ്റ്റേറ്റ് പ്ലാനിംഗിങ് പലപ്പോഴും ഒരു 'വില്‍പ്പത്ര'ത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു വരുന്നതും ഈ ഘട്ടത്തില്‍ തന്നെ. ഇവയെക്കുറിച്ചൊക്കെ പിന്നീട് വിശദമാക്കാം.