തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ എറെക്കുറെ യാഥാര്‍ത്ഥ്യമാക്കിയ വര്‍ഷമാണ് പിന്നിടുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ മുന്നേറ്റത്തിന്റെ പാതയായിരുന്നു ഇന്ത്യയുടെ മുന്നില്‍ തെളിഞ്ഞത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലകുറഞ്ഞതും അതുണ്ടാക്കിയ ചലനങ്ങളും മോദിയെ തുണച്ചു. രാജ്യത്തെ സമ്പദ് ഘടനയ്ക്ക് അത് കരുത്തേകുകയും ചെയ്തു.

2015ന്റെ ആദ്യമാസങ്ങളില്‍ ബാങ്ക് നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ തീരുമാനമെടുത്തേക്കും. എണ്ണവിലയിടിവും അതേതുടര്‍ന്നുണ്ടായ പണപ്പെരുപ്പനിരക്കുമാണ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐയ്ക്ക് പ്രേരണ. പലിശനിരക്കുകള്‍ കറുയുന്നതോടെ വായ്പകള്‍ക്ക് ആവശ്യം കൂടുകയും അത് വ്യവസായ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുകയും ചെയ്യും. എണ്ണവിലയിടിവ് രാജ്യത്തെ ബജറ്റ് കമ്മി കുറയ്ക്കുന്നതിനും ഏറെ സഹായിച്ചു.

അടിസ്ഥാന സൗകര്യമേഖലയില്‍ രാജ്യത്ത് നടപ്പാക്കാനുദ്ദശിക്കുന്ന 100 സ്മാര്‍ട്ട് സിറ്റികള്‍, അതിവേഗ റെയില്‍ തുടങ്ങിയവ പ്രാവര്‍ത്തികമാക്കിയാല്‍ 2015 ഉം കുതിപ്പിന്റെ വര്‍ഷമാകുമെന്ന് പ്രതീക്ഷിക്കാം. ഈ സാഹചര്യത്തില്‍ 2015 ല്‍ സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങള്‍ നിര്‍ദേശിക്കുന്നു.


ഓഹരികളില്‍നിന്ന് മാറിനില്‍ക്കേണ്ട


2014ല്‍ സെന്‍സെക്‌സ് സൂചികയില്‍ റെക്കോഡ് നേട്ടമാണുണ്ടായത്. സൂചിക 6000 ലേറെ പോയന്റ് കുതിച്ചു. അതായത് നേട്ടം 29 ശതമാനം. നേരത്തെ ചെറിയ തുകമാത്രം നിക്ഷേപിച്ചവരില്‍ പലരും ഇപ്പോള്‍ നിരാശയിലാണ്. കുറഞ്ഞവിലയില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരം കളഞ്ഞതോര്‍ത്തായിരുന്നു അവരുടെ നിരാശ. നഷ്ടസാധ്യത മുന്നിലുണ്ടെങ്കിലും മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിക്കുന്നതിലെ ലാഭസാധ്യ വീണ്ടുമൊരിക്കല്‍കൂടി വിപണി തെളിയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയും മടിച്ച് നില്‍ക്കേണ്ടതില്ല. മികച്ച വളര്‍ച്ചാസാധ്യതയുള്ള ഓഹരികളില്‍ ദീര്‍ഘകാലലക്ഷ്യത്തോടെ തുടര്‍ച്ചയായി നിക്ഷേപിക്കുന്നത് മികച്ച നേട്ടസാധ്യതനല്‍കും.


ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപം വേണ്ട


ചെറിയ കാലയളവില്‍ ആവശ്യംവരുന്ന തുക ഓഹരിയില്‍ നിക്ഷേപിക്കില്ലെന്ന് തീരുമാനിക്കുക. ഓഹരി വിപണിയില്‍ ഉയര്‍ച്ച താഴ്ചകള്‍ നിത്യസംഭവമാണ്. അതേക്കുറിച്ചുള്ള വേവലാതികള്‍ ഒഴിവാക്കി ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും അപ്പുറമുള്ള നിക്ഷേപലക്ഷ്യം മുന്നില്‍ കാണുക.


മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപിക്കുക


റെഗുലര്‍ പ്ലാനുകളെ അപേക്ഷിച്ച് ഫണ്ടുകളിലെ ഡയറക്ട് പ്ലാനുകള്‍ക്ക് ഈടാക്കുന്ന ഫീസ് കുറവാണ്. റെഗുലര്‍ പ്ലാനുകളില്‍ വിതരണക്കാരുടെ കമ്മീഷന്‍ ചെലവിനത്തില്‍ നല്‍കുന്ന തുക കുറവ് ചെയ്യുന്നതിനാലാണിത്. നിലവില്‍ 2 മുതല്‍ 3 ശതമാനം വരെയാണ് ചെലവിനത്തില്‍ ഫണ്ട് കമ്പനികള്‍ നിക്ഷേപകരില്‍നിന്ന് ഈടാക്കുന്നത്. ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഫീസിനത്തില്‍ 0.50 ശതമാനംവരെ നേട്ടം നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. ദീര്‍ഘകാലനിക്ഷേപമാണെങ്കില്‍ റെഗുലര്‍ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാം.


നേട്ടമുണ്ടാക്കാത്തവയെ ഉപേക്ഷിക്കുക


2014ല്‍ മികച്ച നേട്ടമാണ് ഓഹരി അധിഷ്ടിത ഫണ്ടുകള്‍ നല്‍കിയത്. ഈ കാലയളവില്‍ ഇരട്ടിയിലേറെ നേട്ടം നല്‍കിയ ഫണ്ടുകളുമുണ്ട്. നിഫ്റ്റി സൂചിക 30 ശതമാനം ഉയര്‍ന്നപ്പോള്‍ 45 ശതമാനത്തിലേറെ നേട്ടം ചില ഫണ്ടുകള്‍ നല്‍കി. അതേസമയം, ശരാശരിയിലും മോശം പ്രകടനം കാഴ്ചവെച്ചവയുമുണ്ട്. 20 ശതമാനത്തിലും താഴെ നേട്ടം നല്‍കിയ ഫണ്ടുകള്‍ നിരവധിയാണ്. ഇവയെ ഉപേക്ഷിച്ച് മികച്ച ഫണ്ടുകളിലേയ്ക്ക് ചേക്കേറാന്‍ മടിക്കരുത്.


റിട്ടയര്‍മെന്റ് ജീവിതത്തിന് കരുതല്‍


പുതിയ കാര്‍, കുട്ടികളുടെ വിദ്യാഭ്യാസം, രണ്ടാമതൊരുവീട് -ഇവയെല്ലാം പലരുടേയും നിക്ഷേപ ലക്ഷ്യങ്ങളാണ്. എന്നാല്‍ റിട്ടയര്‍മെന്റ് ജീവിതത്തിനുവേണ്ടി അത്രതന്നെ പ്രാധാന്യം ചിലപ്പോള്‍ നല്‍കിയിട്ടുണ്ടാകില്ല. മറ്റ് ഏത് ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് ലോണ്‍ ലഭിച്ചേക്കാം. എന്നാല്‍ റിട്ടയര്‍മെന്റ് ജീവിത്തിന് ഇപ്പോള്‍തന്നെ കരുതിവെയ്ക്കുന്നതാണ് നല്ലത്.


വര്‍ഷത്തിലൊരിക്കല്‍ പ്രകടനം വിലയിരുത്തുക


ദീര്‍ഘകാല നിക്ഷേപങ്ങളുടെ പ്രകടനം വര്‍ഷംതോറും വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക. പരമാവധി നേട്ടമുണ്ടാകുന്ന രീതിയില്‍ ആസ്തി വിഭജനം സാധ്യമാക്കുക.


ആരോഗ്യ ഇന്‍ഷുറന്‍സ്


വര്‍ഷംതോറും ചിക്തിസാ ചെലവുകള്‍ കുത്തനെ ഉയരുകയാണ്. ആസ്പത്രിയില്‍ കിടക്കേണ്ടിവന്നാല്‍ ചെറിയ അസുഖങ്ങള്‍ക്കുപോലും അരലക്ഷത്തിലേറെ തുക ചെലവാകുന്നു. ഇതുമതി സാമ്പത്തിക നില തകരാലാകാന്‍. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ സഹായകരമാകുന്നത്. കുടുംബത്തിന് മൊത്തം പരിരക്ഷ നല്‍കുന്ന മികച്ച ഫാമിലി ഫ് ളോട്ടര്‍ പോളിസികള്‍ ഇന്ന് ലഭ്യമാണ്.


ഭവനവായ്പയുടെ പലിശ


പണപ്പെരുപ്പ് നിരക്കുകള്‍ കുറഞ്ഞതിനാല്‍ 2015ല്‍ പലിശനിരക്കില്‍ കാര്യമായ മാറ്റംവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള ഭവനവായ്പകള്‍ പലിശ കുറഞ്ഞ ബാങ്കിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാം. അടച്ചുതീരാന്‍ ഏഴ് വര്‍ഷത്തിന് മുകളിലെങ്കിലും കാലാവധിയുണ്ടെങ്കില്‍മാത്രം ഇതേക്കുറിച്ച് ചിന്തിച്ചാല്‍ മതി. ഇതുകൊണ്ടുള്ള നേട്ടം വിലയിരുത്തിയശേഷം തീരുമാനമെടുക്കുക.


സ്വന്തമായി ടാക്‌സ് റിട്ടേണ്‍ നല്‍കല്‍


സ്വയം നികുതി കണക്കാക്കി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഇല്ലെന്ന് മനസിലാക്കുക. നികുതി ഘടനയെക്കുറിച്ച് അടിസ്ഥാന വിവരമുണ്ടെങ്കില്‍ ആര്‍ക്കും ഇത് സാധ്യമാണ്. നികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിന് സഹായിക്കുന്ന നിരവധി വെബ് സൈറ്റുകളും പ്രസിദ്ധീകരണങ്ങളും ഉണ്ട്.


മനസിലാക്കാതെ പോളിസി എടുക്കരുത്


ഇന്‍ഷുറന്‍സ് പോളിസികള്‍ സങ്കീര്‍ണമായ നിക്ഷേപ ഉത്പന്നമാണ് . മികച്ച പരിരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവയാകാം ചിലത്. മറ്റുചിലവ നിക്ഷേപത്തിനാകാം പ്രാധാന്യം നല്‍കുന്നത്. ഓരോ പോളിസികള്‍ക്കും വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളത്. ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടികലര്‍ത്താതെ ആവശ്യമുള്ള പരിരക്ഷമാത്രം ലഭിക്കുന്ന പോളിസികള്‍ തിരഞ്ഞെടുക്കുക.