കൊച്ചി: പൊതുമേഖല ജനറൽ ഇൻഷുറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഒരു കോടി രൂപയുടെ പുതിയ മെഡിക്ലെയിം പോളിസി വിപണിയിലിറക്കി. ‘പ്രീമിയർ മെഡിക്ലെയിം പോളിസി’ എന്ന പേരിലാണ് ഉയർന്ന വരുമാനക്കാരായ വ്യക്തികൾക്ക് വേണ്ടിയുള്ള ഈ പോളിസി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു പൊതുമേഖല ഇൻഷുറൻസ് കമ്പനി ഇത്തരത്തിലൊരു ആരോഗ്യ ഇൻഷുറൻസ് പോളിസി വിപണിയിലെത്തിക്കുന്നത്.

ഉയർന്ന തുകയുടെ ഇൻഷുറൻസ് സംരക്ഷണത്തിന് പുറമെ, മറ്റ്‌ മെഡിക്ലെയിം പോളിസികളിൽ ഒഴിവാക്കപ്പെട്ടിട്ടുള്ള രോഗങ്ങൾക്കുള്ള ചികിത്സയും സേവക ചെലവുകളും ഈ പോളിസിയിൽ ലഭ്യമാണ്. വന്ധ്യതാ ചികിത്സയും ഡയറ്റീഷ്യൻ കൺസൾട്ടേഷനും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി മെഡിക്കൽ നടപടിക്രമങ്ങൾക്കുള്ള സംരക്ഷണം നൽകുന്നുണ്ട്. മൂന്നു വർഷത്തെ ‘ശീതകാല’ത്തിന് ശേഷം പൊണ്ണത്തടിക്കുള്ള ചികിത്സയ്ക്കും പ്രസവാനുകൂല്യങ്ങൾക്കും ക്ലെയിം ചെയ്യാം. മറ്റ്‌ മെഡിക്ലെയിം പോളിസികൾ കവർ ചെയ്യാത്ത ദന്തരോഗ ചികിത്സ, മാനസികരോഗ ചികിത്സ എന്നിവയ്ക്കും ‘പ്രീമിയർ മെഡിക്ലെയിം’ കവറേജ് നൽകുന്നു. 

സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ഉയർന്ന കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികളേക്കാൾ കൂടുതൽ വിപുലമായ സംരക്ഷണം ‘പ്രീമിയർ മെഡിക്ലെയിം പോളിസി’ നൽകുന്നുണ്ടെന്നും അവരുടേതിനെക്കാൾ 12 ശതമാനം കുറഞ്ഞ നിരക്കാണ് ഇതിനെന്നും ന്യൂ ഇന്ത്യ അഷുറൻസ് ഡപ്യൂട്ടി ജനറൽ മാനേജരും കേരള റീജണൽ മേധാവിയുമായ ജോൺ ഫിലിപ്പ് അറിയിച്ചു. ഇതുവരെ കമ്പനി നൽകിയിരുന്ന പരമാവധി സംരക്ഷണം എട്ട്‌ ലക്ഷം രൂപയുടെയും ടോപ് അപ്പ് സംരക്ഷണം 22 ലക്ഷം രൂപയുടേതുമായിരുന്നു.