മ്മളിൽ ഭൂരിഭാഗം പേരും എന്തെങ്കിലും തരത്തിലുള്ള വായ്പ എടുത്തവരായിരിക്കും. എന്നാൽ വായ്പ എടുത്തവർക്ക് ആവശ്യമായ ഇൻഷുറൻസ് പോളിസിയെക്കുറിച്ച് നമ്മൾ ശരിയായി മനസ്സിലാക്കാറില്ല.

സാധാരണയായി വാഹനം, വീട്, ബിസിനസ്സ്, കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് വായ്പ എടുക്കുമ്പോൾ നാം ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് പലപ്പോഴും ഇൻഷുർ ചെയ്യുക പതിവ്. എന്നാൽ ഇക്കൂട്ടർ ശരിയായ രീതിയിൽ നിങ്ങളുടെ വായ്പ കവർ ചെയ്തിട്ടില്ലെങ്കിൽ ഒരു അത്യാഹിതമോ, പ്രകൃതി ദുരന്തമോ വന്നാൽ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ ക്ലെയിം (നഷ്ടപരിഹാരം) ലഭിച്ചെന്ന് വരില്ല.

വായ്പ എടുക്കുന്നവർക്ക് ശരിയായ പോളിസി നൽകുകയും അതിൽ പരമാവധി റിസ്കുകൾ കവർ ചെയ്തിരിക്കുകയും വേണം. വായ്പാ തുകയ്ക്ക് സമാനമായ പോളിസികൾ നൽകുന്നതിന് പകരം, വസ്തുവകകളുടെ മുഴുവൻ തുകയ്ക്ക് ഇൻഷുർ ചെയ്തിരിക്കണം. ഇല്ലെങ്കിൽ, ഒരു ക്ലെയിം ഉണ്ടായാൽ ‘അണ്ടർ ഇൻഷുറൻസ്’ ആയി മാറാനും ക്ലെയിം തുക പ്രതീക്ഷിച്ചതിനേക്കാൾ കുറയാനും ഇടയുണ്ട്.

വായ്പാ കാലാവധി തീരുംവരെ പോളിസി മുടങ്ങാതെ ഇൻഷുർ ചെയ്യാൻ മറക്കരുത്. കവർ ചെയ്യുന്നതും അല്ലാത്തതുമായ റിസ്കുകളെക്കുറിച്ച്‌ മനസ്സിലാക്കണം. അതല്ലെങ്കിൽ ഒരു ക്ലെയിം ഉണ്ടായാൽ തന്നെ പലപ്പോഴും അറിയാതെ ക്ലെയിം ചെയ്യുകയില്ല. ഈടാക്കുന്ന പ്രീമിയം നിരക്ക്, പോളിസിയിൽ കവർ ചെയ്യുന്ന റിസ്ക് എന്നിവ ശരിയാണ് എന്ന് ഉറപ്പുവരുത്തണം.

നിങ്ങൾ വാഹന വായ്പയാണ് എടുക്കുന്നതെങ്കിൽ, വാഹന വിലയുടെ 95 ശതമാനത്തിനാണ് ആദ്യം ഇൻഷുർ ചെയ്യേണ്ടത്. ഇതിൽ ഓരോ വർഷവും ഒരു നിശ്ചിത ശതമാനം തുക കുറഞ്ഞുകൊണ്ടേയിരിക്കും. ഇതിനെ ‘ഇൻഷുർ ഡിക്ലയേഡ് വാല്യു’ എന്നാണ് പറയുന്നത്. ഇത് ഏകദേശം വിപണിവിലയ്ക്ക് സമാനമായിരിക്കും.

എന്നാൽ കെട്ടിടങ്ങൾ, വീടുകൾ, മെഷിനറികൾ മുതലായവ ഇൻഷുർ ചെയ്യുമ്പോൾ ‘റീ ഇൻസ്റ്റേറ്റ്‌മെന്റ് വാല്യു’വിനാണ് ഇൻഷുർ ചെയ്യേണ്ടത്. അതായത് ഇതിന് നഷ്ടം സംഭവിച്ചാൽ പുനർനിർമ്മാണം ചെയ്യുന്നതിനുള്ള തുക. വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ മൊത്തം കോഴ്‌സ് ഫീസ് കണക്കാക്കിയാണ് ഇൻഷുർ ചെയ്യേണ്ടത്. 

വീടുകൾക്ക് വായ്പ എടുക്കുമ്പോൾ വായ്പ എടുക്കുന്നയാളിന് അപകട ഇൻഷുറൻസോ, ടേം കവർ ഇൻഷുറൻസോ ഉള്ളത് നന്നായിരിക്കും. കൃഷിക്കാർക്ക് വായ്പയെടുക്കുമ്പോൾ നെല്ല്, കുരുമുളക്, വാഴ, കവുങ്ങ്, കാപ്പി, തെങ്ങ്, റബ്ബർ, ഇഞ്ചി, മാവ്, കപ്പ, കരിമ്പ് മുതലായവയ്ക്ക് അതത് സീസണിൽ ഇൻഷുർ ചെയ്തിരിക്കണം. കൃഷിസ്ഥലത്തിന്റെ വിസ്തൃതി, കൃഷിചെയ്യുന്ന വിള, എന്നിവയെ അടിസ്ഥാനപ്പെടുത്തി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച തുകയ്ക്കാണ് സാധാരണയായി ഇൻഷുർ ചെയ്യുക.

ഇതിൽ പലതിനും പ്രീമിയത്തിൽ ഇളവുകളും നൽകുന്നുണ്ട്. അതുപോലെ മറ്റേത് വായ്പ എടുക്കാനും അതുമായി ബന്ധപ്പെട്ട വസ്തുവകകൾ ശരിയായ വിലയ്ക്ക്, ശരിയായ റിസ്കുകൾ തിരഞ്ഞെടുത്ത് ഇൻഷുർ ചെയ്യേണ്ടതുണ്ട്. ഇതിൽ വസ്തുവകകൾക്കും വായ്പ എടുത്ത ആളിനും തുല്യ പ്രാധാന്യം നൽകേണ്ടതുണ്ട്.

ധനകാര്യ സ്ഥാപനങ്ങളിൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ മുതലായവ ധാരാളം വായ്പകൾ നൽകുന്നവരാണ്. എന്നാൽ ഭൂരിഭാഗം ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന പോളിസികൾ വായ്പാ തുകയ്ക്ക് അനുസൃതമായ തുകയ്ക്ക് മാത്രമേ ഇൻഷുർ ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഒരു ക്ലെയിം ഉണ്ടാവുമ്പോൾ നഷ്ടപരിഹാരത്തുക പലപ്പോഴും നാമമാത്രമായേ ലഭിക്കുകയുള്ളൂ.

ഇത് ഈ മേഖല നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. മാത്രമല്ല, കവർ ചെയ്യേണ്ട പല റിസ്കുകളും വിട്ടുപോവുക, പോളിസി യഥാസമയം പുതുക്കാതെ വിട്ടുപോകുക എന്നീ സാഹചര്യവും ഉണ്ടാകുന്നു. ഇത് ഇൻഷുർ ചെയ്യുന്ന കമ്പനിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്നു. ഇൻഷുർ ചെയ്യുമ്പോൾ ശരിയായ തുകയ്ക്കും, ശരിയായ രീതിയിലും ചെയ്തിരിക്കണം. ഇല്ലെങ്കിൽ ക്ലെയിം കിട്ടാതിരിക്കുകയും ഇത് ഇൻഷുറൻസിനോടുള്ള പോളിസി ഉടമകളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.

അതിനാൽ, വായ്പ എടുക്കുന്നവർ ഒന്നുകിൽ അവരവരുടെ റിസ്കുകൾ മുഴുവനായി കവർ ചെയ്യാനായി ഇക്കാര്യം ഇൻഷുറൻസ് വിദഗ്ദ്ധരെ ഏൽപ്പിക്കുകയോ, അതല്ലെങ്കിൽ ഇതിന്റെ വിശദവിവരങ്ങൾ പഠിച്ച് ഇൻഷുർ ചെയ്യുന്ന സ്ഥാപനം ഇതെല്ലാം ചെയ്തുവെന്ന് ഉറപ്പാക്കുകയും ചെയ്യണം.

വായ്പാ തുക കുറയുന്ന മാത്ര അനുസരിച്ച് പോളിസി തുകയിൽ മാറ്റം വരുത്താനും ഇന്ന് സാധ്യമാണ്. വീടിന് വായ്പ എടുക്കുന്നവർക്കായി ഇന്ന് ദീർഘകാലത്തേക്കുള്ള (ഉദാ: 10 വർഷം വരെ) ഫയർ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. ഇതിൽ 50 ശതമാനം വരെ ദീർഘകാല ഡിസ്‌കൗണ്ടും ലഭിക്കും. വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ വിദ്യാർത്ഥിയുടെ കോഴ്‌സിന്റെ ആകെ തുകയ്ക്ക് ഇൻഷുർ ചെയ്തിരിക്കണം.

ഇ-മെയിൽ: odatt@aimsinsurance.in