2000 Currencyമുംബൈ: നോട്ട് അസാധുവാക്കിയതിന് എല്‍ഐസിക്കും പ്രധാനമന്ത്രി മോദിയോട് നന്ദിപറയാനുണ്ട്. ജീവന്‍ അക്ഷയ് പ്ലാനില്‍ കോടികളുടെ നിക്ഷേപമാണ് നവംബര്‍ 30ന് മുമ്പായി എല്‍ഐസിയിലെത്തിയത്. 

ചരിത്രത്തിലാദ്യമായി 50 കോടിയുടെ പ്രീമിയമാണ് എല്‍ഐസിയുടെ ദാദര്‍ ശാഖയില്‍ ഒരാള്‍ അടച്ചത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍കൂടിയായ ഒരു വ്യാപാരിയാണ് ആ വ്യക്തി. 

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് അതിസമ്പന്നരായ നിരവധിപേര്‍ പോളിസികളില്‍ പണംമുടക്കി. ഒരു പ്രമുഖ ബോളീവുഡ് നടന്‍ രണ്ട് കോടി രൂപയാണ്  പെന്‍ഷന്‍ പ്ലാനില്‍ നിക്ഷേപം നടത്തിയത്. 

നടന്റെ നിക്ഷേപത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനെക്കുറിച്ച് എല്‍ഐസി ബന്ധപ്പെട്ട ശാഖയോട് വിശദീകരണം തേടിയിട്ടുണ്ട്. 

പ്ലാനിന്റെ റിട്ടേണ്‍ റിവൈസ് ചെയ്യുന്നതിന്റെ അവസാന ദിവസമായ നവംബര്‍ 30ന്  റെക്കോഡ് പ്രീമിയം കളക്ഷനാണ് എല്‍ഐസിക്ക് ലഭിച്ചത്. 2,300 കോടി രൂപ! 7.5 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായാണ് റിട്ടേണ്‍ റിവൈസ് ചെയ്തത്. 

നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകള്‍ നിക്ഷേപ പലിശ കുറച്ചതോടെയാണ് ജീവന്‍ അക്ഷയ് പോളിസി ആകര്‍ഷകമായത്. ചെറു നിക്ഷേപ പദ്ധതികളില്‍നിന്നുള്ള പലിശയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാനില്‍നിന്നുള്ള റിട്ടേണ്‍ ആകര്‍ഷകമായിരുന്നില്ല. പലിശ നിരക്കുകള്‍ ഇനിയും കുറയാനുള്ള സാധ്യതയാണ് പോളിസിയില്‍ പണം മുടക്കാന്‍ കോടീശ്വരന്മാര്‍ക്ക് പ്രേരണയായത്. 

പോളിസി ഉടമയുടെ ജീവിതകാലംമുഴുവന്‍ നിശ്ചിതതുക നല്‍കുന്ന ആന്വിറ്റി പ്ലാനാണ് ജീവന്‍ അക്ഷയ്.