ന്യൂഡല്‍ഹി: വാഹനമെടുത്ത് ഒരുപാട് ദൂരവും ചെറിയദൂരവും സഞ്ചരിക്കുന്നവരുണ്ടാകും. ചിലര്‍ വളരെ ശ്രദ്ധയോടെയും ചിലര്‍ അശ്രദ്ധയോടെയുമാകും വാഹനമോടിക്കുക. പക്ഷേ, മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തില്‍ ദൂരമോ ശ്രദ്ധയോ ഒരു മാനദണ്ഡമേയല്ല. വാഹനത്തിന്റെ പഴക്കവും മോഡലും നോക്കിയാണ് രാജ്യത്ത് പ്രീമിയം തീരുമാനിക്കുന്നത്.

വാഹനം ഉപയോഗിക്കുന്നതിനനുസരിച്ച് പ്രീമിയം നല്‍കേണ്ടിവന്നാലോ? അങ്ങനെ ചിന്തിക്കുന്നവരാകും പലരും. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഇര്‍ഡ). വാഹനത്തിന്റെ ഉപയോഗവും സഞ്ചരിച്ച ദൂരവും കണക്കാക്കി പ്രീമിയം തീരുമാനിക്കുന്ന സംവിധാനം നടപ്പാക്കാനുള്ള ഒരു ശുപാര്‍ശ ഇര്‍ഡ മുന്നോട്ടുവെച്ചുകഴിഞ്ഞു.'ടെലിമാറ്റിക്‌സ്' എന്നാണ് ഈ സംവിധാനത്തെ ഇര്‍ഡ വിശേഷിപ്പിക്കുന്നത്.

ടെലിമാറ്റിക്‌സ് സംവിധാനത്തില്‍ തത്സമയ ഗതിനിയന്ത്രണമുണ്ടാകും.വാഹനം സഞ്ചരിച്ച ദൂരവും അതിന്റെ വേഗവും വിമാനത്തില്‍ ഘടിപ്പിക്കുന്ന 'ബ്ലാക്ക് ബോക്‌സ്' പോലൊരു ഉപകരണത്തില്‍ റെക്കോഡ് ചെയ്യുന്നു. ഏതുതരം റോഡാണെന്നും രാത്രിയാണോ പകലാണോ സഞ്ചരിച്ചതെന്നും ഇതില്‍ രേഖപ്പെടുത്തും. നല്ലവഴി കണ്ടെത്താനും ഇതുവഴി ഇന്ധനലാഭമുണ്ടാക്കാനും ടെലിമാറ്റിക്‌സിനാവും. ഇനി വാഹനം മോഷണം പോയാലോ, അതു കണ്ടെത്താനും സാധിക്കും.

ടെലിമാറ്റിക്‌സ് അധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിക്ക് ബ്ലാക്ക് ബോക്‌സ് ഇന്‍ഷുറന്‍സ്, ജി.പി.എസ്. കാര്‍ ഇന്‍ഷുറന്‍സ്, സ്മാര്‍ട്ട് ബോക്‌സ് ഇന്‍ഷുറന്‍സ്, പേ-അസ്-യു-ഡ്രൈവ് ഇന്‍ഷുറന്‍സ്, യൂസേജ് ബേസ്ഡ് ഇന്‍ഷുറന്‍സ് തുടങ്ങിയ പേരുകളുമുണ്ട്.

2000-ല്‍ ബ്രിട്ടനിലും അമേരിക്കയിലും അവതരിപ്പിച്ച ഈ ആശയം പിന്നീട് ഇറ്റലിയിലും ദക്ഷിണാഫ്രിക്കയിലും നടപ്പാക്കി. സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യ വന്നതോടെ ഇതിന്റെ ഘടിപ്പിക്കല്‍ പ്രക്രിയ ചെലവുകുറഞ്ഞ രീതിയില്‍ നടത്താന്‍ സാധിക്കും.

വാഹനമുള്ളവര്‍ നേരിടുന്ന മറ്റുപ്രശ്‌നങ്ങളറിയാന്‍ ഇര്‍ഡ സെപ്റ്റംബര്‍ എട്ടുവരെ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്.