അർഹമായ ഇൻഷുറൻസ് ക്ലെയിം തുക മുഴുവനായും ലഭ്യമാക്കാതിരിക്കുക, നിസ്സാര കാരണങ്ങൾ പറഞ്ഞ് ക്ലെയിം തുക പൂർണമായും നിഷേധിക്കുക എന്നീ കാരണങ്ങൾ ഇൻഷുറൻസിൽ ധാരാളമായി കണ്ടുവരുന്നു. അക്കാരണത്താൽ തന്നെ, ഇൻഷുറൻസിലുള്ള പോളിസി ഉടമകളുടെ വിശ്വാസം കുറയാൻ ഇടവന്നിട്ടുണ്ട്.

ഇതിന് പരിഹാരമെന്ന നിലക്ക് ഇൻഷുറൻസ് റഗുലേറ്ററായ ഐ.ആർ.ഡി.എ.ഐ. ഇൻഷുറൻസ് ബ്രോക്കിങ് കമ്പനികൾക്ക് ക്ലെയിം കൺസൾട്ടൻസി സേവനം നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഒരു കോടി രൂപ വരെയുള്ള ക്ലെയിം തുകയ്ക്കാണ് ഇത്തരം സ്ഥാപനങ്ങൾക്ക് സേവനം നൽകാൻ കഴിയുക. 

ഇൻഷുറൻസ് ബ്രോക്കിങ് സ്ഥാപനങ്ങളിൽ ഇത്തരം പരാതികൾ ശരിയായി കൈകാര്യം ചെയ്യാൻ സാങ്കേതിക വിദഗ്ദ്ധരും ക്ലെയിമിനെക്കുറിച്ചും പോളിസിയെക്കുറിച്ചും അറിവും പ്രവർത്തന പരിചയവുമുള്ളവരും ഉണ്ടായിരിക്കണം. 

ക്ലെയിം ലഭ്യമാവുന്നതിന് തടസ്സം നിൽക്കുന്ന വസ്തുതകൾ എന്തെന്ന് പരിശോധിക്കാം: 

 ഒന്നാമതായി, ശരിയായ തുകയ്ക്ക് ഉപഭോക്താവിന്റെ പരമാവധി റിസ്കുകൾ കവർ ചെയ്യുന്ന രീതിയിൽ ഇൻഷുർ ചെയ്തിരിക്കണം. പ്രൊപ്പോസൽ ഫോമിൽ പൂരിപ്പിക്കുന്ന വിവരങ്ങളാണ് പോളിസിയിൽ ഉണ്ടാവുക. തെറ്റായ വിവരങ്ങൾ നൽകാതിരിക്കുക, സത്യസന്ധമായി വിവരങ്ങൾ നൽകുക എന്നതും ഒരു ക്ലെയിം ലഭ്യമാക്കാൻ നമ്മെ പരമാവധി സഹായിക്കുന്ന ഒന്നാണ്. 
 
ക്ലെയിം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അറിവാണ് അടുത്തതായി വേണ്ടത്. യഥാസമയം ക്ലെയിം ഉണ്ടായ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും ക്ലെയിം ചെയ്യാനാവശ്യമായ അനുബന്ധ രേഖകൾ ക്ലെയിം ഫോമിനോടൊപ്പം നൽകുകയും വേണം.
 
ഇതിൽ ഇൻഷുറൻസ് സർവേയറുടെ സേവനം, തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്ററുടെ സേവനം എന്നിവ ആവശ്യമായി വരാറുണ്ട്. ക്ലെയിം കൈകാര്യം ചെയ്യുമ്പോഴും അതിന്റെ റിപ്പോർട്ട് നൽകുമ്പോഴും പോളിസിയെക്കുറിച്ചും കവർ ചെയ്ത റിസ്കിനെക്കുറിച്ചും ക്ലെയിം ഉണ്ടാവാനിടയായ സാഹചര്യവുമൊക്കെ നന്നായി മനസ്സിലാക്കിയാൽ മാത്രമേ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ പറ്റുകയുള്ളു. 
 
ഇതൊക്കെ ശരിയായാൽ പിന്നെ ക്ലെയിം തീർപ്പാക്കുന്നവർക്കും മേൽപ്പറഞ്ഞ കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാവണം. ഇതിൽ എവിടെയെങ്കിലും അബദ്ധങ്ങളോ അശ്രദ്ധയോ വന്നാൽ പോളിസി ഉടമയ്ക്ക് നീതി ലഭ്യമാവണമെന്നില്ല.

അർഹമായ ക്ലെയിം ലഭ്യമല്ലാതെ നട്ടംതിരിയുന്ന ഒട്ടേറെ ആളുകൾ നമുക്കിടയിലുണ്ട്. ഇക്കൂട്ടർ ആദ്യം ചെയ്യേണ്ടത് ക്ലെയിമുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ ആദ്യമായി ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിക്ക് നൽകണം. ഇത് പരിശോധിച്ചാൽ തന്നെ അർഹമായ ക്ലെയിം നിഷേധിച്ചിട്ടുണ്ടോ എന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാക്കാവുന്നതേയുള്ളു.

ഉപഭോക്താവിന് ആശയ്ക്ക് വകയുണ്ടെങ്കിൽ ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിക്ക് മാൻഡേറ്റ് ലെറ്റർ (അധികാരപ്പെടുത്താനുള്ള അനുമതിപത്രം) നൽകണം. ക്ലെയിം കൺസൾട്ടൻസി ചെയ്യുന്നതിന് ഉപഭോക്താവ് ഒരു ന്യായമായ ഫീസ് നൽകേണ്ടതുണ്ട്. ഇത് ഇരുകൂട്ടർക്കും സ്വീകാര്യമായ രീതിയിലായിരിക്കണം. 

മെഡിക്ലെയിം ഹെൽത്ത് ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും മുതൽ ഫയർ, മറൈൻ, എൻജിനീയറിങ്, വാഹനങ്ങൾ, ലയബിലിറ്റി തുടങ്ങി നമുക്കാവശ്യമായ എല്ലാ പോളിസികൾക്കും ക്ലെയിമുകൾക്കും കൺസൾട്ടൻസി സേവനം സ്വീകരിക്കാവുന്നതാണ്. 

ഇൻഷുറൻസിന്റെ സാങ്കേതിക വിവരങ്ങൾ മനസ്സിലാക്കാൻ സാധാരണ ജനങ്ങൾക്ക് എളുപ്പമല്ല. മാത്രമല്ല, ഒരു ക്ലെയിം കിട്ടിയില്ലെങ്കിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നവർക്ക് ഇത്തരം കൺസൾട്ടൻസി സൗകര്യം പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ. 

(തൃശ്ശൂർ ആസ്ഥാനമായുള്ള എയിംസ് ഇൻഷുറൻസ് ബ്രോക്കിങ്ങിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

ഇ-മെയിൽ: odatt@aimsinsurance.in