aadharകോഴിക്കോട്:  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയപദ്ധതിയിൽ ചേരാൻ ആധാർകാർഡ് മാത്രം മതി. സ്ത്രീകൾക്കുമാത്രമായി ആധാർശില, പുരുഷന്മാർക്കുമാത്രമായി ആധാർ സ്തംഭ് എന്നിവയാണ് പദ്ധതികൾ. സ്ത്രീകൾക്ക് കുറഞ്ഞപ്രീമിയത്തിൽ കൂടുതൽ ആനുകൂല്യം നൽകുന്നുണ്ടെന്നും എൽ.ഐ.സി. സീനിയർ ഡിവിഷണൽ മാനേജർ പി. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇത്തരത്തിൽ ഒരു പദ്ധതി എൽ.ഐ.സി.യിൽ ആദ്യമായാണ്. 75,000 രൂപമുതൽ മൂന്നുലക്ഷം രൂപവരെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കും. ഒരു ലക്ഷത്തിന് 3,700 രൂപയാണ് വാർഷികപ്രീമിയം. 10 മുതൽ 20 വർഷം വരെയാണ് കാലാവധി. എട്ടുമുതൽ 55 വയസ്സുവരെയുള്ളവർക്ക്  പദ്ധതിയിൽചേരാം. നിശ്ചിതവർഷം  അടവുപൂർത്തിയാക്കുന്നവർക്ക് രണ്ടുവർഷം വരെ പ്രീമിയം മുടങ്ങിയാലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകും.

കോഴിക്കോട് ഡിവിഷൻ ഒന്നാമത് 
കേരളവും തമിഴ്നാടും പോണ്ടിച്ചേരിയും ഉൾപ്പെടുന്ന എൽ.ഐ.സിയുടെ ദക്ഷിണമേഖലയിൽ രണ്ടുലക്ഷത്തിലേറെ പോളിസികൾ സമാഹരിച്ച് കോഴിക്കോട് ഡിവിഷൻ ഒന്നാമതെത്തി. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ചു ജില്ലകൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ഡിവിഷൻ.

3,06,097 പോളിസികളിലായി 1356 കോടി രൂപയുടെ ക്ലെയിമാണ് നൽകിയത്. 4344 വ്യക്തിഗതപോളിസികളിൽ മരണാനന്തര ആനുകൂല്യമായി 64.58 കോടി രൂപ നൽകി. 17,117 സ്കോളർഷിപ്പിലൂടെ 1,02,70,200 രൂപ ആം ആദ്മി ബീമാ യോജനയിലൂടെ നൽകി. പി.എം.ജെ.ജെ.ബി.വൈ. വഴി 1.90കോടിരൂപയുടെ ക്ലെയിം തുക നൽകി. ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ സ്കോളർഷിപ്പ് വഴി 150 വിദ്യാർഥികൾക്കായി 29.85ലക്ഷം രൂപ നൽകി.