adal pension yojanaറിട്ടയർമെന്റിനെക്കുറിച്ച് സാധാരണക്കാർ കാര്യമായി ചിന്തിച്ചുതുടങ്ങിയത് സമീപകാലത്താണ്. ഈയൊരു സംഗതി കണക്കിലെടുത്താണ് ദേശീയ പെൻഷൻ സംവിധാനം (എൻ.പി.എസ്.) എന്ന സ്കീം അവതരിപ്പിച്ചത്. ഈ സ്കീമിൽ കൂടി ലഭിക്കുന്ന പെൻഷൻ കൃത്യമായി മുൻകൂട്ടി പറയാനാവില്ല എന്നതായിരുന്നു ന്യൂനത. 

 സർക്കാർ ജോലിയോ വൻകിട കമ്പനി ജോലിയോ ഇല്ലാത്തവർക്കും വാർധക്യകാലത്ത് പെൻഷൻ ലഭ്യമാകണം. ഓരോ അംഗത്തിനും അയാളുടെ പ്രായത്തിനനുസരിച്ച് എത്ര തുകയാണ് പ്രതിമാസ/ത്രൈമാസ/അർധ വാർഷിക തവണകളായി അടയ്ക്കേണ്ടതെന്നും അങ്ങനെ അടയ്ക്കുന്നപക്ഷം അംഗം 60 വയസ്സ് എത്തുമ്പോൾ എത്ര തുകയാണ് പെൻഷൻ ലഭിക്കുകയെന്നും ഈ സ്കീമിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നു. 
 
എ.പി.വൈ. എന്ന സ്കീമിൽ അംഗങ്ങളാകാൻ വേണ്ടുന്ന കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയർന്ന പരിധി 40 വയസ്സുമാണ്. ഈ സ്കീമിൽ ചേരാൻ വിദേശ ഇന്ത്യക്കാരൊഴികെയുള്ള ഇന്ത്യൻ പൗരന്മാർക്ക് സാധിക്കും. 1000, 2000, 3000, 4000, 5000 എന്നിങ്ങനെയുള്ള അഞ്ച് പ്രതിമാസ പെൻഷൻ തുകയിൽ ഏതു വേണമെങ്കിലും അംഗത്തിന് തിരഞ്ഞെടുക്കാം.  

 ഷെഡ്യൂൾഡ്/ദേശസാൽകൃത ബാങ്കുകളിലോ, പോസ്റ്റ് ഓഫീസിലോ ഒരു സേവിങ്‌സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് ഉണ്ടായിരിക്കണം. ആധാർ എന്ന കെ.വൈ.സി. രേഖയാണ് ഉപഭോക്താവ് നൽകേണ്ടി വരുന്ന മറ്റൊരു സംഗതി. 

18 വയസ്സിൽ ഈ പദ്ധതിയിൽ അംഗമാകുന്ന ഒരാൾക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം ലഭിക്കേണ്ടുന്ന പെൻഷൻ തുക 1,000 രൂപയാണെങ്കിൽ, അയാൾ പ്രതിമാസം എ.പി.വൈ. അക്കൗണ്ടിൽ കേവലം 42 രൂപ മാത്രമാണ് അടയ്ക്കേണ്ടത്. ഇതേ ആൾക്ക് പ്രതിമാസം പെൻഷനായി വേണ്ടുന്നത് 5,000 രൂപയാണെങ്കിൽ, പ്രതിമാസ തവണ 210 രൂപയായി ഉയരും. 60 വയസ്സ് പൂർത്തിയാകുമ്പോൾ 42 രൂപ അടയ്ക്കുന്നയാളുടെ പെൻഷൻ ഫണ്ട് ഏകദേശം 1.70 ലക്ഷം രൂപയായും 210 രൂപ അടയ്ക്കുന്നയാളുടെ തുക ഏകദേശം 8.50 ലക്ഷം രൂപയായും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

18 വയസ്സു മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർ, 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കാൻ പ്രതിമാസം എത്ര തുകയാണ് എ.പി.വൈ. അക്കൗണ്ടിൽ അടയ്ക്കേണ്ടതെന്നും അങ്ങനെ അടയ്ക്കുമ്പോൾ എത്ര തുകയാണ് പെൻഷൻ ഫണ്ടിൽ പ്രതീക്ഷിക്കാവുന്നതെന്നും അടൽ പെൻഷൻ യോജനയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. 
 
ഈ ചാർട്ട് അനുസരിച്ചുള്ള പ്രതിമാസ തവണകൾ എത്രയെന്ന് തിരിച്ചറിഞ്ഞ്, ആ തുക തങ്ങളുടെ ബജറ്റിൽ വകയിരുത്തിക്കഴിഞ്ഞാൽ എ.പി.വൈ. അക്കൗണ്ട് തുടങ്ങാൻ നിങ്ങൾക്ക് ബാങ്കിനെ സമീപിക്കാം. ലളിതമായ ഒരു ആപ്ലിക്കേഷൻ ഫോറം പൂരിപ്പിച്ചു നൽകി ഇതിൽ വരിക്കാരാകാം.   എ.പി.വൈ.യിൽ അംഗങ്ങളായതിന് തെളിവായി രസീത് ലഭിക്കും. അംഗത്തിന് ലഭിക്കാൻ പോകുന്ന പെൻഷൻ, മാസ തവണകൾ, തവണകൾ അടയ്ക്കേണ്ട തീയതി ഇവയെല്ലാം ഈ രസീതിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും.

മാസത്തവണകൾ സേവിങ്‌സ് അക്കൗണ്ടിൽ നിന്നും ഈ അക്കൗണ്ടിലേക്ക് നിർദിഷ്ട തീയതിയിൽ മാറ്റാനുള്ള നിർദേശം ബാങ്കിന് നൽകാവുന്നതാണ്. ഈ തീയതിയിൽ നിങ്ങളുടെ സേവിങ്‌സ് അക്കൗണ്ടിൽ ഈ തുക ഉണ്ടായിരിക്കണമെന്ന് ഉറപ്പ് വരുത്തണമെന്നു മാത്രം. താമസിച്ചുള്ള തവണ അടയ്ക്കലുകൾക്ക് 100 രൂപയ്ക്ക് പ്രതിമാസം ഒരു രൂപ നിരക്കിൽ പിഴ ഈടാക്കും.
 
ഇങ്ങനെ 60 വയസ്സ് വരെ മാസത്തവണകൾ അടയ്ക്കുന്ന ഒരംഗത്തിന് 60 വയസ്സ് പൂർത്തിയാകുന്നതോടെ നിർദിഷ്ട പെൻഷൻ പ്രതിമാസം ലഭിച്ചു തുടങ്ങും. വളരെ ലളിതമായൊരു ഫോറം പൂരിപ്പിച്ചു നൽകുക എന്നതു മാത്രമാണ് ഇവിടെ ചെയ്യാനുള്ളത്. അംഗം ജീവിച്ചിരിക്കുന്നിടത്തോളം കാലം ലഭിക്കുന്ന ഈ പെൻഷൻ തുക, അതേപോലെ അംഗത്തിന്റെ മരണശേഷവും പങ്കാളിക്ക് ലഭിക്കുന്നു എന്നതാണ് സവിശേഷത. പങ്കാളിയുടെയും മരണശേഷം പെൻഷൻ ഫണ്ടിലെ തുക (അംഗം 60 വയസ്സ് പൂർത്തിയായപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന തുക) നോമിനിക്ക് ലഭ്യമാകും. 

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ സ്കീമിൽ അംഗങ്ങളാകുന്നവർ തങ്ങളുടെ പങ്കാളിയുടെയും നോമിനിയുടെയും പേര് കൃത്യമായി നൽകിയിരിക്കണം. പങ്കാളിയുടെ പേരു തന്നെ നോമിനിയായി നിർദേശിക്കുന്നൊരു പ്രവണത ചിലരിലെങ്കിലും കണ്ടുവരുന്നുണ്ട്. 60 വയസ്സ് പൂർത്തിയാകുമ്പോഴുള്ള പെൻഷൻ ഫണ്ടിലെ തുക, അംഗത്തിന്റെയും പങ്കാളിയുടെയും കാലശേഷം കൈമാറുന്നത് നോമിനിക്കായിരിക്കും എന്നതിനാലാണ് ഇങ്ങനെ പറഞ്ഞത്.  എ.പി.വൈ.യിൽ അംഗമാകുമ്പോൾ വിവാഹം കഴിക്കാതിരിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നൊരാൾക്ക് പിന്നീട് പങ്കാളിയുടെ പേര് നിർദേശിക്കാനുള്ള സൗകര്യവുമുണ്ട്.

പദ്ധതി തുടങ്ങിയതിന്‌ ശേഷം ഒട്ടേറെ പരിഷ്കാരങ്ങൾ ഈ സ്കീമിൽ വരുത്തിയിട്ടുണ്ട്. കാലക്രമേണ ഇനിയും മെച്ചമായവ ആളുകളുടെ പ്രതികരണം അറിഞ്ഞശേഷം ഉണ്ടായേക്കാം. 

 60 വയസ്സിനു മുൻപ് എ.പി.വൈ. അംഗത്തിന് മരണം സംഭവിക്കുകയാണെങ്കിൽ, മരിച്ചുപോയ അംഗം ജീവിച്ചിരുന്നുവെങ്കിൽ 60 വയസ്സ് എന്നാകുമായിരുന്നോ അന്നുവരെ ഇതേ അക്കൗണ്ടിൽ മാസത്തവണകൾ തുടർന്നുകൊണ്ടുപോകാനുള്ള അവസരം അംഗത്തിന്റെ പങ്കാളിക്ക് ലഭ്യമാണ്.

 അതിനു ശേഷം പങ്കാളിയുടെ മരണം വരെ നേരത്തെ നിശ്ചയിക്കപ്പെട്ട പെൻഷൻ ലഭ്യമാക്കാം. പങ്കാളിയുടെയും മരണശേഷം പെൻഷൻ ഫണ്ടിലെ തുക നോമിനിക്ക്‌ കൈമാറപ്പെടും.

 അംഗങ്ങളുടെ അക്കൗണ്ടിലെ ബാലൻസ്, മാസത്തവണകൾ മുതലായ വിവരങ്ങൾ എ.പി.വൈ. വരിക്കാരന് എസ്.എം.എസിലൂടെ ലഭിച്ചു തുടങ്ങിയതാണ് ജനപ്രിയമായ മറ്റൊരു പരിഷ്കാരം. അംഗത്തിന്റെ അഡ്രസ്, ഫോൺ നമ്പർ, നോമിനിയുടെ പേര് ഇവയൊക്കെ എപ്പോൾ വേണമെങ്കിലും മാറ്റാനുള്ള സൗകര്യവും ലഭ്യം.

60 വയസ്സ് വരെയുള്ള ലോക്ക്-ഇൻ കാലാവധിയാണ് ചിലരെങ്കിലും എടുത്തുപറയുന്ന ഒരു ന്യൂനത. എന്നാൽ അംഗത്തിന്റെ മരണമോ, മാരകമായ രോഗങ്ങളോ വരുന്നപക്ഷം ഇതിൽനിന്ന്‌ പിന്മാറാനുള്ള അവസരം ലഭ്യമാണ്. ഇത്തരം ഘട്ടങ്ങളിൽ തങ്ങളുടെ പെൻഷൻ ഫണ്ടിലെ നാളിതു വരെയുള്ള തുക അംഗത്തിന് ലഭിക്കും. 

വാർധക്യത്തിൽ, മറ്റു പലരുടേയും ആഗ്രഹപ്രകാരവും ഉപദേശപ്രകാരവും ജീവിക്കേണ്ടിവരുന്ന ഭൂരിഭാഗത്തിനും റിട്ടയർമെന്റ് പ്ലാനിങ്ങിനായി ഈ സോഷ്യൽ സെക്യൂരിറ്റി സ്കീമിനെ ആശ്രയിക്കാവുന്നതു തന്നെയാണ്.