മുംബൈ: രാജ്യത്തെ നിരത്തുകളിലോടുന്ന 60 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍. ഇവയിലേറെയും മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ്. 

2015-16 സാമ്പത്തിക വര്‍ഷത്തെകണക്കുപ്രകാരം അതുവരെ 19 കോടി രജിസ്‌ട്രേഡ് വാഹനങ്ങളാണുള്ളത്. ഇതില്‍ 8.26 കോടി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ഉള്ളതെന്ന് ജിഐസി സെക്രട്ടറി ജനറല്‍ ആര്‍ ചന്ദ്രശേഖരന്‍ പറയുന്നു.

2012-13 വര്‍ഷത്തിലും ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുടെ എണ്ണം ഇതുപോലെതന്നെ. ടുവീലര്‍, കാറുകള്‍, ഹെവി വെഹിക്കിള്‍സ് എന്നിവയുള്‍പ്പടെ മൊത്തമുള്ള 15 കോടി വാഹനങ്ങളില്‍ 6.02 കോടി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളത്. 

വാഹനാപകടങ്ങള്‍ ഏറുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രത ആവശ്യമാണെന്നാണ് ജിഐസി പറയുന്നത്. 

അഞ്ച് ലക്ഷത്തിലേറെ റോഡ് അപകടങ്ങളാണ് 2015ല്‍മാത്രമുണ്ടായത്. ഇവയില്‍ 29ശതമാനം അപകടവും ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ടതാണ്. 23ശതമാനം കാറുകളും ജീപ്പുകളും എട്ട് ശതമാനം ബസ്സുകളും അപകടത്തില്‍പ്പെട്ടു.