QUESTION easy lifeഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ഞാന്‍. എന്റെ വാര്‍ഷിക ശമ്പളം ഒരു ലക്ഷം രൂപയ്ക്കുതാഴെയാണ്. ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപമുണ്ട്. 

ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയോളം ലാഭവിഹിതമായി ലഭിക്കുന്നുണ്ട്. ഓഹരി വില്‍ക്കുന്ന ഇനത്തിലും നേട്ടമുണ്ടാകാറുണ്ട് (ദീര്‍ഘകാല മൂലധന നേട്ടത്തിന് ആദായ നികുതി ബാധ്യതയില്ലെന്ന് മനസിലാക്കുന്നു). ഈ സാഹചര്യത്തില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ടോ? 

വിനീത (ഇ-മെയില്‍)

ANSWERവാര്‍ഷിക വരുമാനം 2.50 ലക്ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതുള്ളൂ. ബാധ്യതയില്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതുകൊണ്ട് മറ്റ് പല നേട്ടങ്ങളുമുണ്ടെന്ന് മനസിലാക്കുക. 

ഭവന വായ്പ ഉള്‍പ്പടെയുള്ളവയ്ക്ക് ബാങ്കുകള്‍ റിട്ടേണ്‍ നല്‍കിയതിന്റെ വിവരങ്ങള്‍ തേടാറുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് വായ്പ ലഭിക്കുന്നതിന് റിട്ടേണ്‍ നല്‍കുന്നത് നല്ലതാണ്. വിദേശത്തുപോകാന്‍ വിസ ലഭിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് ഗുണം ചെയ്യും.

ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്നോ ഓഹരി നിക്ഷേപത്തില്‍നിന്നോ ലഭിക്കുന്ന ലാഭവിഹിതം അത് എത്രതന്നെ ആയാലും ആദായ നികുതി ബാധ്യതയില്ല. അതുപോലെതന്നെ ഒരുവര്‍ഷത്തില്‍ കൂടുതല്‍ കൈവശം വെച്ച ഓഹരി വില്‍ക്കുമ്പോഴും അതില്‍നിന്നുള്ള നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല.