QUESTION37 വയസ്സുള്ള യുവാവാണ്. ആദായനികുതിയും ഇപിഎഫും പിടിച്ചുകഴിഞ്ഞാല്‍ പ്രതിമാസം കയ്യില്‍കിട്ടുന്ന തുക 72,000 രൂപയാണ്. ഭവനവായ്പയിലേയ്ക്ക് പ്രതിമാസം 17,000 രൂപ തിരിച്ചടയ്ക്കുന്നു. 25,000 രൂപയാണ് ജീവിത ചെലവിനായി പ്രതിമാസം വേണ്ടിവരുന്നത്. 

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 വര്‍ഷവും 20വര്‍ഷവും കഴിയുമ്പോള്‍ 50 ലക്ഷം രൂപവീതം വേണം. പെന്‍ഷന്‍കാല ജീവിതത്തിനായി അഞ്ചുകോടി രൂപയും സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  

ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എസ്‌ഐപി മാതൃകയില്‍ നിക്ഷേപം നടത്താന്‍ മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ നിര്‍ദേശിക്കാമോ? 

വേണു​ ഭോപ്പാല്‍(ഇമെയില്‍ വഴി)

ANSWERമൂന്ന് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളാണ് നിങ്ങള്‍ക്കുള്ളത്. 15 വര്‍ഷം കഴിയുമ്പോള്‍ 50 ലക്ഷം. 20 വര്‍ഷം കഴിയുമ്പോള്‍ 50 ലക്ഷം, 24 വര്‍ഷം(60വയസ്)കഴിയുമ്പോള്‍ അഞ്ച് കോടി-എന്നിങ്ങനെ. 

നീക്കിവെയ്‌ക്കേണ്ട തുക:

9,900
രണ്ടാമത്തെ കുട്ടി

5,000
ഒന്നാമത്തെ കുട്ടി

15,600
റിട്ടയര്‍മെന്റ്

30,500 രൂപ
മൊത്തം

ദീര്‍ഘകാലയളവിലുള്ള ലക്ഷ്യങ്ങളായതിനാല്‍തന്നെ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ദീര്‍ഘകാലത്തില്‍ മികച്ച നേട്ടംനല്‍കാന്‍ എന്തുകൊണ്ടും അനുയോജ്യം ഇക്വിറ്റി ഫണ്ടുകളാണ്. 

നിങ്ങളുടെ നഷ്ടം സഹിക്കാനുള്ള ശേഷിയെക്കുറിച്ച് ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടില്ല. റിസ്‌ക് എടുക്കാനുള്ള ശേഷി അടിസ്ഥാനമാക്കിയാണ് ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കേണ്ടത്. എന്നിരുന്നാലും ചില ഫണ്ടുകള്‍ നിര്‍ദേശിക്കുന്നു(താഴെകൊടുത്തിരിക്കുന്നു).

ഫണ്ടുകളില്‍നിന്ന് ചുരുങ്ങിയത് 12 ശതമാനം വാര്‍ഷിക ആദായമാണ് പ്രതീക്ഷിക്കുന്നത്. ഇതുപ്രകാരം 15 വര്‍ഷം കഴിയുമ്പോള്‍ 50 ലക്ഷം രൂപ ലഭിക്കാന്‍ പ്രതിമാസം 9,900 രൂപ നിക്ഷേപിക്കണം. ഇരുപതുവര്‍ഷം കഴിയുമ്പോള്‍ 50 ലക്ഷം രൂപ ലഭിക്കാന്‍ പ്രതിമാസം 5,000 രൂപയുമാണ് നിക്ഷേപിക്കേണ്ടത്. 

24 വര്‍ഷങ്ങള്‍ക്കുശേഷം പെന്‍ഷന്‍പറ്റിയതിനുശേഷമുള്ള ജീവിതത്തിനായി അഞ്ചുകോടി കണ്ടെത്താന്‍ 30,000 രൂപ വീതവും നിക്ഷേപിക്കേണ്ടതുണ്ട്. 

നിങ്ങളുടെ നിലവിലുള്ള വരുമാനംവെച്ച് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രതിമാസം 45,000 രൂപയെങ്കിലും നീക്കിവെയ്ക്കാന്‍ കഴിഞ്ഞെങ്കില്‍മാത്രമേ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയൂ. 

പരിഹാരം ഇതാ
ഇപിഎഫും മറ്റുനിക്ഷേപങ്ങളും വിരമിച്ചശേഷം ജീവിക്കാനുള്ള ഫണ്ടിനായി നീക്കിവെയ്ക്കാം. അതോടൊപ്പം വര്‍ഷാവര്‍ഷമുള്ള ശമ്പളവര്‍ധനവിനനുസരിച്ച്, വിരമിച്ചശേഷം ജീവിക്കാനുള്ള നിക്ഷേപത്തില്‍ (എസ്‌ഐപി തുകയില്‍) പ്രതിവര്‍ഷം 10 ശതമാനംവീതം വര്‍ധിപ്പിക്കുകയും ചെയ്യുക. 

നിക്ഷേപിക്കേണ്ടത്
റിട്ടയര്‍മെന്റ് കാല ജീവിതത്തിനായി 15,600 രൂപ വീതം എസ്‌ഐപിയായി ഈമാസംതന്നെ നിക്ഷേപം തുടങ്ങുക. ശമ്പള വര്‍ധനവിനനുസരിച്ച് ഓരോ വര്‍ഷവും 10 ശതമാനംവീതം നിക്ഷേപ തുക വര്‍ധിപ്പിക്കുക. 12 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ 24 വര്‍ഷം കഴിയുമ്പോള്‍ 4.99 കോടി രൂപ നിങ്ങള്‍ക്ക് ലഭിക്കും. 

ഫണ്ടുകള്‍
എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ്
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസ്
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ വാല്യു ഡിസ്‌കവറി
ആക്‌സിസ് ലോങ്‌ടേം ഇക്വിറ്റി(ടാക്‌സ് സേവിങ് ഫണ്ട്)