questioninvestmentഅഞ്ച് വര്‍ഷത്തോളമായി ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപകനാണ് ഞാന്‍. മികച്ച നേട്ടവും അതിലൂടെ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈയിടെയായി ഓഹരി അധിഷ്ഠിത ഫണ്ടുകളെപ്പോലെ ഗില്‍റ്റ് ഫണ്ടുകളും മികച്ച നേട്ടം നല്‍കുന്നതായി കാണുന്നു. ഡെറ്റ് ഫണ്ട് വിഭാഗത്തിലുള്ള ഗില്‍റ്റ് ഫണ്ടുകള്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളേക്കാള്‍ നഷ്ടസാധ്യത കുറഞ്ഞവയല്ലേ? ഇപ്പോള്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ലഭിക്കുമോ?

രാമചന്ദ്രന്‍(ഇ-മെയില്‍)

ANSWERസര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നവയാണ് ഗില്‍റ്റ് ഫണ്ടുകള്‍. ദീര്‍ഘ കാലാവധിയുള്ളവയാണ് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍. പലിശ നിരക്കുകളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചാഞ്ചാട്ടമുള്ളവയുമാണ്. 

പലിശ നിരക്കുകള്‍ താഴാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ ഗില്‍റ്റ് ഫണ്ടുകള്‍ കൂടുതല്‍നേട്ടംനല്‍കും. അതുപോലെതന്നെ പലിശ നിരക്കുകള്‍ കൂടുമ്പോള്‍ നേട്ടം നാമമാത്രമാകുകയുംചെയ്യും. 

പലിശ നിരക്കുകള്‍ കുറയാനുള്ള സമീപ ഭാവിയിലെ സാധ്യത കണ്ട് ഗില്‍റ്റ് ഫണ്ടിലേയ്ക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. ഒരുകാര്യം മനസിലാക്കുക, പലിശ നിരക്കുകള്‍ കൂടാന്‍ തുടങ്ങുന്നതിന്റെ സൂചനകള്‍ ലഭിച്ചാല്‍ ഉടനെ വിറ്റൊഴിയാന്‍ നിങ്ങള്‍ക്ക് കഴിയുമോ? 

അതായത്, പലിശ നിരക്കുകളുമായി ബന്ധപ്പെടുത്തി നിക്ഷേപത്തിന്റെ നീക്കം വിലയിരുത്താന്‍ നിങ്ങള്‍ സന്നദ്ധനാണോ? അങ്ങനെയെങ്കില്‍ നിക്ഷേപമാകാം. ചെറുകിട നിക്ഷേപകര്‍ക്ക് അതിന് കഴിയാറില്ലെന്ന് മനസിലാക്കുക. അത്തരക്കാര്‍ മറ്റ് ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്.