investment

വിവേകിന് വയസ്സ് 28. ഒരു പ്രമുഖ ഐടി സ്ഥാപനത്തിലാണ് ജോലി. ബാങ്കില്‍ ഒരു റിക്കറിങ് ഡെപ്പോസിറ്റും പിഎഫിലെ നിക്ഷേപവുമാണ് നിലവിലുള്ളത്. അതും അച്ഛന്റെ നിര്‍ദേശപ്രകാരം ചേര്‍ന്നത്. ആഴ്ചയിലൊരിക്കല്‍ മള്‍ട്ടിപ്ലക്‌സില്‍ ഒരു സിനിമ, കൂട്ടുകാരോടൊത്ത് നഗരത്തിലെ മാളുകളില്‍ ആഘോഷം എന്നിവയൊക്കെയാണ് ഹോബികള്‍. 

വിവേകിനെക്കുറിച്ചറിയാം:
പ്രതിമാസ വരുമാനം: 50,000
പ്രതിമാസ ചെലവ്: 25,000(വാടക ഉള്‍പ്പടെ)
റിക്കറിങ് ഡെപ്പോസിറ്റ്: 5000
പിഎഫ്: 2 ലക്ഷം(മൊത്തം നിക്ഷേപം)

വിവേകിന് വേണ്ടത്:
രണ്ട് വര്‍ഷത്തിനകം വിവാഹം
രണ്ട് വര്‍ഷത്തിനകം കാറ്
റിട്ടയര്‍മെന്റ് സേവിങ്‌സ്

വിവേക് ചെയ്യേണ്ടത്:
എമര്‍ജന്‍സി ഫണ്ട്: 28 വയസ്സുള്ള ഒറ്റക്ക് താമസിക്കുന്ന യുവാവിന് അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ തുക നീക്കിവെക്കേണ്ടതില്ല. മൂന്ന് മാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാം.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: ചെറുപ്പമാണെങ്കിലും ഒരു പനിവന്നാല്‍മതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പോക്കറ്റ് കാലിയായതുതന്നെ. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. അതുകൊണ്ട് മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തുവെയ്ക്കുക. 

ലൈഫ് ഇന്‍ഷുറന്‍സ്: ആശ്രിതരായി ആരും ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് അതേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.

ഇനി നിക്ഷേപത്തിലേയ്ക്കുവരാം:
രണ്ട് വര്‍ഷത്തിനകം വിവാഹം: രണ്ട് ലക്ഷം രൂപയാണ് വിവേക് അതിനുവേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നത്. 

ഇതിനുവേണ്ടി പ്രതിമാസം 7,700 രൂപ മികച്ച ഒരു ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടില്‍ നിക്ഷേപിക്കുക. പ്രതീക്ഷിക്കുന്ന വാര്‍ഷിക ആദായം എട്ട് ശതമാനമാണ്. 

കാറ്: പ്രതീക്ഷിക്കുന്ന വില 3.5 ലക്ഷം രൂപ. ഒരു ഇന്‍കം ഫണ്ടില്‍ പ്രതിമാസം 4000 രൂപ വീതം നിക്ഷേപിക്കുക. പ്രതിവര്‍ഷം 10 ശതമാനം വാര്‍ഷിക ആദായ പ്രകാരം ഒരു ലക്ഷം രൂപയാണ് ലഭിക്കുക. അവശേഷിക്കുന്ന 2.5 ലക്ഷം രൂപ ലഭിക്കാന്‍ വാഹന വായ്പയെടുക്കുക. പ്രതിമാസം 5,400 രൂപ തിരിച്ചടയ്‌ക്കേണ്ടിവരും. 

റിട്ടയര്‍മെന്റ്: പെന്‍ഷന്‍ കാല ജീവിതത്തിന് സമ്പാദിക്കാന്‍ 20 വര്‍ഷത്തോളം മുന്നിലുണ്ട്. നിലവില്‍ വിവാഹതിനല്ലാത്തതിനാല്‍ പ്രതിമാസ ജീവിത ചെലവ് കണക്കാക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഇപ്പോഴേ റിട്ടയര്‍മെന്റ് സേവിങ് തുടങ്ങാം. പിപിഎഫിലെയും റിക്കറിങ് ഡെപ്പോസിറ്റിലെയും നിക്ഷേപം അതിനായി നീക്കിവെയ്ക്കാം. 

തീരെ നഷ്ടസാധ്യതയില്ലാത്തതും അതേസമയം, റിട്ടേണ്‍ കുറഞ്ഞതുമായ നിക്ഷേപ പദ്ധതികളാണ് ഇപ്പോള്‍ വിവേകിനുള്ളത്. 

ഓഹരിയില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണംലഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടിന്റെ വഴി തിരഞ്ഞെടുക്കാവുന്നതാണ്. അതിനായി ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന ടാക്‌സ് സേവിങ് (ഇഎല്‍എസ്എസ്) ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിച്ചുതുടങ്ങാം. അല്ലെങ്കില്‍ ബാലന്‍സ്ഡ് ഫണ്ട് പരിഗണിക്കാം. 

ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് മികച്ച റിട്ടേണ്‍ നല്‍കിയ ടാക്‌സ് സേവിങ് ഫണ്ടാണ്. മൂന്ന് വര്‍ഷ കാലയളവില്‍ 27 ശതമാനവും അഞ്ച് വര്‍ഷകാലയളവില്‍ 21.43 ശതമാനവും നേട്ടം ഫണ്ട് നല്‍കിയതായി കാണുന്നു. 

മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.