questionInvestmentഅടുത്തയിടെ ജോലി ലഭിച്ച 23 വയസുള്ള യുവാവാണ് ഞാന്‍. 29 വയസ്സാകുമ്പോള്‍ 25-30 ലക്ഷം രൂപ വേണം. മിതമായോ അതില്‍കൂടുതലോ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എവിടെ നിക്ഷേപിക്കും?

ANSWERജോലി ലഭിച്ച ഉടനെ നിക്ഷേപത്തെക്കുറിച്ച് ചിന്തിച്ച നിങ്ങളെ ആദ്യമെ അഭിനന്ദിക്കട്ടെ. ഉദ്ദേശിക്കുന്ന നേട്ടം ലഭിക്കാന്‍ നിക്ഷേപ കാലയളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പ്രതിമാസം നിക്ഷേപിക്കുന്ന തുകയില്‍ വന്‍വര്‍ധനവരുത്തണം. ഉദാഹരണത്തിന്, അഞ്ച് വര്‍ഷംകൊണ്ട് 25 ലക്ഷം രൂപ നേടണമെങ്കില്‍ പ്രതിമാസം 30,300 രൂപയെങ്കിലും നിക്ഷേപിക്കേണ്ടിവരും. 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്. 

കുറച്ചുകൂടി നിക്ഷേപ കാലാവധി നിങ്ങള്‍ക്കുണ്ടെങ്കില്‍ പ്രതിമാസ നിക്ഷേപ തുകയില്‍ അതിന് ആനുപാതികമായി കുറവ് വരുത്താവുന്നതാണ്. കാലാവധി കുറഞ്ഞതിനാലാണ് വലിയ തുക മാസംതോറും നിക്ഷേപിക്കേണ്ടിവരുന്നത്. 

പത്ത് വര്‍ഷം കാത്തിരിക്കാമെങ്കില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍മതി. 

അഞ്ച് വര്‍ഷമാണ് നിങ്ങളുടെ കാലാവധിയെങ്കില്‍ ബാലന്‍സ്ഡ് ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബാലന്‍സ്ഡ് ഫണ്ടോ എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് ഫണ്ടോ നിക്ഷേപത്തിനായി പരിഗണിക്കാം. 

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബാലന്‍സ്ഡ് ഫണ്ട് മൂന്ന് വര്‍ഷ കാലയളവില്‍ 16.60 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 20 ശതമാനവും പത്ത് വര്‍ഷ കാലയളവില്‍ 12.32 ശതമാനവും നേട്ടം നല്‍കിയതായി കാണുന്നു.

എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് ഫണ്ടാകട്ടെ മൂന്ന് വര്‍ഷ കാലയളവില്‍ 17.36 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 19.34 ശതമാനവും പത്ത് വര്‍ഷ കാലയളവില്‍ 15.56 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്.