questioncashബുദാബിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. നിലവില്‍ രണ്ട് ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപം നടത്തുന്നുണ്ട്. ടാറ്റ എത്തിക്കല്‍ ഫണ്ടില്‍ 20,000 രൂപയും എസ്ബിഐ മാഗ്നം ഗ്ലോബല്‍ ഫണ്ടില്‍ 3,000 രൂപയുമാണ് പ്രതിമാസം നിക്ഷേപിക്കുന്നത്.

എസ്ബിഐ മാഗ്നം ഇക്വിറ്റി ഫണ്ടില്‍ പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചിരുന്നത് 62 മാസമായപ്പോള്‍ നിര്‍ത്തി. ടാറ്റ എത്തിക്കല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. 

ചോദ്യം ഇതാണ്. എസ്ബിഐ മാഗ്നം ഇക്വിറ്റി ഫണ്ടിലുള്ള പത്ത് ലക്ഷം രൂപയും പണമായി കയ്യിലുള്ള അഞ്ച് ലക്ഷം രൂപയും ഒറ്റത്തവണയായി ഏതെങ്കിലും ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? അല്ലെങ്കില്‍ മികച്ച ലാഭവിഹിതം നല്‍കുന്ന നവരത്‌ന കമ്പനികളില്‍ നിക്ഷേപിക്കുന്നത് യോജിച്ചതാണോ? ഭാവിയില്‍ ഇന്ത്യയിലേയ്ക്ക് വരാനാണ് പ്ലാന്‍. അപ്പോള്‍ പ്രതിമാസം നിശ്ചിത തുക വരുമാനം ലഭിക്കുന്നതിന് ഇത് ഉപകരിക്കുമോ? 

അബുബക്കര്‍, യുഎഇ

ANSWERനിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയായെങ്കില്‍ മാത്രം എസ്ബിഐ മാഗ്നം ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക (മൊത്തം 6.20 ലക്ഷമാണ് നിങ്ങള്‍ നിക്ഷേപിച്ചത്. 9.70 ലക്ഷമാണ് ഇതിന്റെ അപ്പോഴത്തെ മൂല്യം). അങ്ങനെയെങ്കില്‍ മികച്ച ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടിലേയ്ക്ക് നിക്ഷേപം മാറ്റുക. പണമായി കയ്യിലുള്ള അഞ്ച് ലക്ഷം രൂപയും ഡെറ്റ് ഫണ്ടില്‍ നിക്ഷേപിക്കാം.  നഷ്ടസാധ്യത കുറഞ്ഞ ഡെറ്റ് ഫണ്ടാണിത്. ശരാശരി ഒമ്പത് ശതമാനം വാര്‍ഷിക ആദായം ഫണ്ടില്‍നിന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം ആവശ്യമെങ്കില്‍ പ്രതിമാസം നിശ്ചിത തുക പിന്‍വലിക്കുകയുമാകാം. എത്രവര്‍ഷം കഴിഞ്ഞാണ് നിങ്ങള്‍ നാട്ടിലേയ്ക്ക് വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

നവരത്‌ന കമ്പനികളുടെ ഓഹരികളില്‍ നേരിട്ട് ഒറ്റത്തവണയായി നിക്ഷേപംനടത്തുന്നത് നഷ്ടസാധ്യത വര്‍ധിപ്പിക്കും. അതുമാത്രമല്ല ഈ കമ്പനികളുടെ ലാഭവിഹിതത്തെ ആശ്രയിച്ച് ജീവിക്കാനാവില്ല. സ്ഥിരവരുമാനമായി ലാഭവിഹിതത്തെ കാണാന്‍ കഴിയില്ല. അതുകൊണ്ട് ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. 

നിലവിലുള്ള എസ്‌ഐപി നിക്ഷേപിത്തിലേയ്ക്ക് വരാം. ടാറ്റ എത്തിക്കല്‍ ഫണ്ടിലെ നിക്ഷേപതുക 5,000 രൂപയോ 10,000 രൂപയോ ആയി കുറയ്ക്കാം. ബാക്കിയുള്ള തുക മികച്ച മള്‍ട്ടി ക്യാപ് ഫണ്ടായ ഫ്രങ്ക്‌ളില്‍ ഇന്ത്യ ഹൈ ഗ്രോത്ത് കമ്പനീസില്‍ നിക്ഷേപിക്കാം.