pual thomasതൃശ്ശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രവർത്തനമാരംഭിച്ചത് ബാങ്കിടപാടുകൾ വീട്ടുപടിക്കലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ. ഇതിനായി അഞ്ചുവർഷത്തിനുള്ളിൽ പതിനായിരം ബാങ്കിങ് കറസ്‌പോണ്ടന്റ്‌സിനെ വളർത്തിയെടുക്കുമെന്ന്  മാനേജിങ് ഡയറക്ടർ കെ. പോൾ തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. 

  ഒരു ബാങ്ക് ഇടപാടിന് അരദിവസത്തെ ജോലിയെങ്കിലും ത്യജിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതുമാറ്റി ഉപഭോക്താവിന്റെ സമയത്തിന് ബാങ്ക് പ്രതിനിധി വീട്ടിൽ എത്തുന്ന രീതിയാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. 3,500 ബാങ്കിങ് കറസ്‌പോണ്ടന്റുമാർ ഇപ്പോൾത്തന്നെ ആയിക്കഴിഞ്ഞു. ‘ഹൃദയ ഡെപ്പോസിറ്റ്’ എന്ന പേരിൽ പ്രത്യേക നിക്ഷേപപദ്ധതിയും ആരംഭിക്കും. 15 ലക്ഷമാണ് കുറഞ്ഞ തുക. രണ്ടുവർഷത്തേക്കാണ് നിക്ഷേപം നടത്തേണ്ടത്. ഇതിലെ വായ്പകൾ ഏതെല്ലാം മേഖലയിലേക്കാണ് പോകുന്നതെന്ന് നിക്ഷേപകന് അറിയാനുള്ള സൗകര്യം ഉണ്ടായിരിക്കും. സാമൂഹികസേവനത്തിന് ഉദ്ദേശിച്ചുള്ളതാണിത്.

     ബാങ്കിങ് സാക്ഷരത വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾനടത്തും. ഇതിനായി ഒരു ഹ്രസ്വചിത്രം നിർമിച്ചിട്ടുണ്ട്. കാർഷികം, ചെറുകിടവ്യവസായം, വീടുനിർമാണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായിരിക്കും ബാങ്കിന്റെ പ്രവർത്തനം. മറ്റു ബാങ്കുകളെപ്പോലെ എല്ലാ സൗകര്യവും ഇവിടെയും ഉണ്ടായിരിക്കും. 

  ഇസാഫ് മൈക്രോഫിനാൻസിന് നിലവിലുള്ള 285 ശാഖകൾക്കുപുറമെ, 85 പുതിയ കേന്ദ്രങ്ങൾകൂടി ആരംഭിക്കും. 300 കോടി രൂപയിലേറെ സ്വന്തം ഫണ്ടുള്ള ഇസാഫ് അടുത്തിടെ കടപ്പത്രത്തിലൂടെ മറ്റൊരു 330 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2020ഓടെ 20,000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്.

   പുതിയ ബാങ്കിന്റെ ആസ്ഥാനം മണ്ണുത്തിയിൽത്തന്നെയായിരിക്കും. കോർപ്പറേറ്റ് ഓഫീസന്റെ ജോലികൾ പുരോഗമിക്കുകയാണ്. എല്ലാവിധ ഡിജിറ്റൽ സൗകര്യങ്ങളും ഇസാഫ് ബാങ്കിൽ ലഭിക്കും. ബാങ്കിങ് പ്രവർത്തനം എത്തിയിട്ടില്ലാത്ത ഉൾപ്രദേശങ്ങളാണ് ആദ്യലക്ഷ്യം. 75 ശതമാനം വായ്പയും മുൻഗണനാവിഭാഗങ്ങളിലായിരിക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ ആർ. പ്രഭ, എക്സികുട്ടീവ് വൈസ് പ്രസിഡന്റുമാരായ അജിത് ചൗധരി, എ.ജി. വർഗീസ്, ജോർജ്‌ തോമസ് എന്നിവരും പങ്കെടുത്തു.