isaf bank

തൃശ്ശൂർ: തട്ടിപ്പുകളിൽനിന്നു രക്ഷനേടാൻ കേരളം സാമ്പത്തിക സാക്ഷരത കൈവരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യ ചെറുബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
   
സാമ്പത്തികരംഗത്തെ മോഹനവാഗ്ദാനങ്ങളിൽ വീണുപോകുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതിനെ മറികടക്കാൻ സാമ്പത്തിക സാക്ഷരത കൈവരിക്കണം. പ്രായമായ മാതാപിതാക്കളെ നോക്കാൻ വിദേശത്തുള്ള മക്കൾക്ക് കഴിയാത്ത അവസ്ഥയുണ്ട്. അതിനാൽതന്നെ പെൻഷൻ പദ്ധതി ഒഴിവാക്കാനാവില്ല. 

സർക്കാർ പദ്ധതികളെപ്പറ്റി ബോധവത്കരണം നടത്തുമെന്ന ഇസാഫിന്റെ നിലപാട് ഗ്രാമവാസികൾക്ക് പ്രയോജനം ചെയ്യും. താഴേക്കിടയിലുള്ളവർക്ക് സേവനം എത്തിക്കലാകണം ബാങ്കിന്റെ ലക്ഷ്യം. ഒരുപാടു പേർക്ക് തണലായ ഇസാഫിന് അടിസ്ഥാന മേഖലകളിലെ പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
   
കോർപ്പറേറ്റുകളും വൻകിടക്കാരുമാണ് കിട്ടാക്കടങ്ങൾ ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇസാഫിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
   
ഡിജിറ്റൽ ബാങ്കിങ് സംവിധാനം കെ. രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് ഉദ്ഘാടനം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു. 
ബാങ്കിങ് കമ്മ്യൂണിക്കേഷൻ സംവിധാനം മാനേജിങ് ഡയറക്ടർ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു.
   
അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ അപ്രേം മെത്രാപ്പോലീത്ത, സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, മുൻമന്ത്രി വി.സി. കബീർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻ എം.എൽ.എ.മാരായ എം.പി. വിൻസന്റ്, ടി.വി. ചന്ദ്രമോഹൻ, തുടങ്ങിയവർ പങ്കെടുത്തു. 

ബാങ്ക് ആദ്യവർഷം തുറക്കാൻ ലക്ഷ്യമിടുന്ന 85 ശാഖകളിൽ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ള 15 ശാഖകൾ ഉദ്ഘാടനദിവസം തുറന്നു.