ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ക്ക് പഞ്ഞമൊന്നുമില്ല. എന്നിട്ടും ആനിരയിലേയ്ക്കിതാ ടെക് ഭീമന്‍ ഗൂഗിളിന്റെ ആപ്പ് എത്തിയിരിക്കുന്നു.

പേ ടിഎം, ഫോണ്‍ പീ, മൊബിക്വിക്ക്, ഔദ്യോഗിക ആപ്പായ ഭീം എന്നിവ അടക്കിവാഴുന്ന വിപണിയിലേയ്ക്കാണ് ഗൂഗിളിന്റെ് 'തേസ്' വന്നത്.

പേ ടിഎംപോലെ ഡിജിറ്റല്‍ വാലറ്റല്ല തേസ് എങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിലൂടെ പണം കൈമാറാന്‍ കഴിയും. പണം ലഭിക്കേണ്ടയാളുടെ നമ്പറോ, ക്യുആര്‍ കോഡോ ഇല്ലാതെ ഓഡിയോ മാച്ചിങ് സിസ്റ്റം വഴി പണം കൈമാറാമെന്നതാണ് ഈ ആപ്പിന്റെ എടുത്തുപറയത്തക്ക മേന്മ.

എന്താ കൗതുകം തോന്നുന്നുണ്ടോ? ഇന്‍സ്റ്റാള്‍ ചെയ്യുംമുമ്പ് അറിയാം എട്ട് കാര്യങ്ങള്‍: 

1 ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ഉപയോഗിക്കാം. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളില്‍ കസ്റ്റമൈസ് ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ആപ്പില്‍ നല്‍കണം. നിങ്ങളുടെ ബാങ്കും തിരഞ്ഞെടുക്കുക.

ഫോണ്‍ നമ്പര്‍ ചേര്‍ത്തുകഴിഞ്ഞാല്‍ നിങ്ങളുടെ നമ്പറിലേയ്ക്ക് ആപ്പ് എസ്എംഎസ് അയയ്ക്കും. യുപിഐ ആക്‌സസ് ലഭിക്കുന്നതിനുവേണ്ടിയാണിത്. ഉടനെതന്നെ പുതിയ യുപിഐ ഐഡി ലഭിക്കുകയും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും.

ജി മെയില്‍ ഐഡിയില്‍നിന്ന് പെരെടുത്താണ് യുപിഐ ഐഡി ഉണ്ടാക്കുന്നത്. ആക്‌സിസ് ബാങ്കിലെ അക്കൗണ്ടാണെങ്കില്‍ @okaxis എന്നായിരിക്കും ഐഡി. ഐസിഐസിഐ അക്കൗണ്ടാണെങ്കില്‍ @okicici എന്ന യുപിഐ അക്കൗണ്ടുമാകും ലഭിക്കുക. 

യുപിഐ ആപ്പില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ യുപിഐ പിന്‍ നല്‍കുക. ഈ ഘട്ടംകഴിഞ്ഞാല്‍ ആപ്പ് ഉപയോഗിക്കാം.

ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ചോ പിന്‍ ഉപയോഗിച്ചോ ആപ്പ് ലോക്ക് ചെയ്യാന്‍ കഴിയും. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉള്ള ഫോണില്‍ മാത്രമാണ് ഇത് സാധ്യമാകുക. ഈ സൗകര്യമില്ലാത്തവര്‍ക്ക് പിന്‍ ഉപയോഗിക്കാം.

6 വളരെ എളുപ്പത്തില്‍ പണം കൈമാറാന്‍ തേസ് വഴി കഴിയും. ഫോണ്‍ ബുക്കിലെ കോണ്‍ടാക്ട് ഗൂഗിള്‍ തേസ് ആപ്പിലും ലഭ്യമാകും. അതല്ലെങ്കില്‍ അക്കൗണ്ട് നമ്പറോ, ഐഎഫ്എസ് കോഡോ ഉപയോഗിക്കുക. യുപിഐ ഐഡി, ക്യുആര്‍ കോഡ്, തേസ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചും പണം കൈമാറുകയോ സ്വീകരിക്കുകയോ ചെയ്യാം. 

ഫോണ്‍ നമ്പര്‍ ഇല്ലാതെയും ആപ്പ് വഴി പണം കൈമാറാമെന്ന പ്രത്യേകതയും ഉണ്ട്. ഗൂഗിളിന്റെ ക്യുആര്‍ ടെക്‌നോളജി ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള മൊറ്റൊരുഫോണിലേയ്ക്ക് ഓഡിയോ തരംഗങ്ങള്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. 

8 പുതിയൊരാള്‍ക്ക് ആപ്പ് പരിചയപ്പെടുത്തിയാല്‍ 51 രൂപ ഗൂഗിള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. റെഫര്‍ ചെയ്ത് കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണമെത്തും. 50 രൂപയോ അതില്‍കൂടുതലോ കൈമാറുമ്പോള്‍ സ്വീകരിക്കുന്നയാള്‍ക്കും പണംനല്‍കുന്നയാള്‍ക്കും ഗൂഗിള്‍ തേസ് സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കും. പണം കൈമാറുന്നയാള്‍ക്ക് ആഴ്ചയില്‍ ഒരു കാര്‍ഡാണ് ലഭിക്കുക. ഭാഗ്യമുണ്ടെങ്കില്‍ ആയിരം രൂപവരെ ഇതിലൂടെ ലഭിക്കാം. പത്ത് റിവാര്‍ഡുകളാണ് ഒരാഴ്ചയില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷം ഒമ്പതിനായിരം രൂപവരെ ലഭിക്കാം. രണ്ട് തരത്തിലുള്ള സ്‌ക്രാച്ച് കാര്‍ഡുകളാണുള്ളത്. നീലനിറത്തിലുള്ള കാര്‍ഡ് പണം നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ലഭിക്കും. എന്നാല്‍ ചുവന്ന നിറത്തിലുള്ള 'ലക്കി സെണ്‍ഡെയ്‌സ്'  കാര്‍ഡ് പണം നല്‍കുന്നയാള്‍ക്ക് ആഴ്ചയിലൊരിക്കലാണ് ലഭിക്കുക. ഞായറാഴ്ചവരെ സ്‌ക്രാച്ച് കാര്‍ഡ് ലോക്ക് ആയിരിക്കും. ഒരു ലക്ഷം രൂപവരെ ഈ കാര്‍ഡുവഴി ലഭിക്കാമെന്ന് ഗൂഗിള്‍ പറയുന്നു.