മുംബൈ:  മാര്‍ച്ച്-ഏപ്രില്‍മാസത്തോടെ രാജ്യത്തെ ബാങ്കുകളെല്ലാം വായ്പ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.

വായ്പ നിക്ഷേപ അനുപാതം നിലനിര്‍ത്തുന്നതിനായി നിക്ഷേപ പലിശ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതിനെതുടര്‍ന്നാണ് ബാങ്കുകള്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. 

കാരണങ്ങള്‍
►ബോണ്ട് ആദായത്തില്‍ ഈയിടെയുണ്ടായ വര്‍ധന 100 ബേസിസ് പോയന്റ്(അതായത് ഒരുശതമാനം)
►സര്‍ട്ടിഫിക്കേറ്റ്‌സ് ഓഫ് ഡെപ്പോസിറ്റിലെ നിരക്ക് വര്‍ധന അരശതമാനത്തിലേറെ

മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി വായ്പാനിരക്ക് നിശ്ചയിക്കണമെന്ന ആര്‍ബിഐയുടെ നിര്‍ദേശംവന്നതോടെ ഇതിന് സാധ്യതയേറി. 

കുറച്ച് മാസങ്ങളായി ബോണ്ടില്‍നിന്നുള്ള ആദായം വര്‍ധിച്ചുവരികയാണ്. നിലവില്‍ ഒരുശതമാനത്തോളം വര്‍ധനവാണുണ്ടായത്. സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റുവഴി പണം സമാഹരിക്കുന്നതിനും ബാങ്കുകള്‍ക്ക് ചെലവേറി. 

പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അടുത്ത ദ്വൈമാസാവലോകനയോഗത്തില്‍ അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ചേക്കാം. അതോടെ സ്വാഭാവികമായും വായ്പ പലിശ ഉയരും. എന്നാല്‍ ആര്‍ബിഐയുടെ നിരക്കുവര്‍ധനയ്ക്ക് കാത്തുനില്‍ക്കാതെതന്നെ ബാങ്കുകള്‍ വര്‍ധന നടപ്പാക്കിതുടങ്ങി. 

പ്രമുഖ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഇതിനകം എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന നിരക്കില്‍ പത്ത് ബേസിസ് പോയന്റ് വര്‍ധന വരുത്തിക്കഴിഞ്ഞു. 

ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹിന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയവും അടിസ്ഥാന നിരക്കില്‍ 5 മുതല്‍ 10 വരെ ബേസിസ് പോയന്റ് വര്‍ധനവരുത്തിയിട്ടുണ്ട്.