ന്യൂഡല്‍ഹി: ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് വിവരങ്ങള്‍ വില്പനയ്ക്ക്. ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാന്‍ ചെലവാക്കേണ്ടത് പത്തോ, ഇരുപതോ പൈസമാത്രം!

സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള എണ്‍പതുകാരിയുടെ പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. ഇവരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് 1.46 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്. 

അക്കൗണ്ട് വിവരങ്ങള്‍ ശഖരിച്ച് തട്ടിപ്പുകാര്‍ക്ക് വില്‍ക്കുന്ന പ്രമുഖനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. 

ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപില്‍നിന്ന് ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് കണ്ടെടുത്തത്. 

കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, ജനന തിയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് ഇയാള്‍ ശേഖരിച്ച് കൈമാറുന്നത്. 

ഇതോടൊപ്പം ക്രഡിറ്റ് ലിമിറ്റ്, കാര്‍ഡ് ഉടമയുടെ വരുമാനം എന്നിവയും വിവിധ സംസ്ഥാനങ്ങള്‍ തിരിച്ച് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. 

വ്യക്തികളുടെ സോഷ്യല്‍മീഡിയ ആക്ടിവിറ്റി, വിസിറ്റിങ് കാര്‍ഡുകള്‍, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങള്‍, വോട്ടര്‍ ഐഡി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. 

ചുരുങ്ങിയത് 50,000 പേരുടെ വിവരങ്ങളാണ് ആവശ്യക്കാര്‍ക്ക് കൈമാറുക. ഇതിനായി 5000 രൂപമുതല്‍ 10,000 രൂപവരെയാണ് ഈടാക്കുന്നത്. 

ബാങ്ക് ജീവനക്കാര്‍, കോള്‍ സെന്ററുകള്‍, ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്തുപോകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.