ജനികാന്ത് എന്ന നായകന്റെ അഭിനയതലം ആർക്കും അളക്കാൻ പറ്റാത്ത തലത്തിലാണ്. തമിഴ് സിനിമാ ലോകത്തെ ഇതിഹാസ താരത്തിന് പക്ഷെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ താത്പര്യമില്ല. ഇപ്പോൾ ഒരൊറ്റ ബ്രാൻഡിന്റെ പോലും അംബാസഡറാകാൻ അദ്ദേഹം തയ്യാറല്ല.

പണ്ട് സിനിമാ ജീവിതം ആരംഭിച്ച കാലത്ത് ഒരു പ്രാദേശിക കോളയുടെ പരസ്യത്തിൽ അഭിനയിച്ചു എന്നല്ലാതെ നാലു പതിറ്റാണ്ടിനിടെ ഒരു ബ്രാൻഡിന്റെ പ്രചാരണത്തിനും അദ്ദേഹം മുഖം നൽകിയിട്ടില്ല. അതുതന്നെയാണ് അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തുന്നതും. 

എന്നാൽ, ഇത്തവണ രജനിചിത്രമായ കബാലി തീയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ കോർപ്പറേറ്റ് ലോകവും രജനി ആരാധനയിൽ അകപ്പെട്ടു. തമിഴ്‌നാട്ടിലെയും ബെംഗളൂരുവിലെയുമൊക്കെ സ്റ്റാർട്ട്അപ്പ് കമ്പനികളും മറ്റു കോർപ്പറേറ്റ് സ്ഥാപനങ്ങളുമൊക്കെ ജീവനക്കാർക്കായി കബാലി കാണാൻ അവധി പോലും നൽകി.

പാ രഞ്ജിത്ത് ഒരുക്കിയ കബാലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പതിനഞ്ചോളം ബ്രാൻഡുകളാണ് ഭാഗമായത്. ഇത്രനാളും രജനികാന്തിന്റെ ഒരു സ്പർശം കിട്ടാനും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാനും സാധിക്കാത്ത ബ്രാൻഡുകൾക്ക് കബാലിയിലൂടെ വലിയ ഭാഗ്യം തന്നെയാണ് ലഭിച്ചത്. കബാലി തീയറ്റർ വിട്ടാലും കബാലിയുമായി കൂട്ടുകെട്ട് വിടാൻ ഈ ബ്രാൻഡുകൾ താത്പ്പര്യപ്പെടുന്നില്ല.

കബാലിയുമായുള്ള കൂട്ടുകെട്ടിൽ പങ്കാളിയാകാൻ മിക്ക ബ്രാൻഡുകളും താരത്തിന്റെ സ്വഭാവത്തിനിണങ്ങുന്ന രീതിയിലുള്ള മാർക്കറ്റിങ് തന്ത്രങ്ങളാണ് ഉപയോഗിച്ചത്. മലേഷ്യൻ വിമാനക്കമ്പനിയായ എയർഏഷ്യ രജനിയുടെ പോസ്റ്റർ ആലേഖനം ചെയ്ത വിമാനം തന്നെ പുറത്തിറക്കി. ചെന്നൈ-ബാങ്കോക്ക്-ക്വലാംലംപൂർ യാത്രകൾക്ക് പ്രത്യേക ഓഫറുകൾ നൽകി. 

കേരളത്തിൽ നിന്നുള്ള മുത്തൂറ്റ് ഫിൻകോർപ് രജനികാന്തിന്റെ മുഖം ആലേഖനം ചെയ്ത വെള്ളി നാണയങ്ങൾ പുറത്തിറക്കി. സിനിമയുടെ റിലീസിങ് ആഴ്ചയിൽ നൂറിലേറെ കിലോ വെള്ളി നാണയങ്ങളാണ് വിറ്റഴിച്ചത്. 

ഒല, യൂബർ, ഫുഡ്പാണ്ട, മൊബിക്വിക്ക് തുടങ്ങിയ ബ്രാൻഡുകളും വിവിധ ഓഫറുകൾ ഒരുക്കി. ആമസോൺ, കാഡ്ബറി ഫൈവ് സ്റ്റാർ, എയർടെൽ തുടങ്ങിയവയാണ് കബാലിയുമായി സഹകരിച്ച മറ്റു പ്രമുഖ ബ്രാൻഡുകൾ. 

കോടികൾ മുടക്കി നിർമ്മിച്ച കബാലി ഒരാഴ്ച പിന്നിട്ടപ്പോൾ ബോക്‌സ് ഓഫീസ് കളക്‌ഷൻ 262 കോടി രൂപയിലെത്തി. ഇതിൽ വിദേശങ്ങളിൽ നിന്നുള്ള തീയേറ്റർ കളക്‌ഷനും പെടുന്നു. ഇതിന് പുറമെ, പാട്ടുകളുടെയും മറ്റും അവകാശം വിറ്റതിലൂടെ മറ്റൊരു 200 കോടി രൂപ സ്വരൂപിച്ചു. ഇതുകൂടി ചേരുമ്പോൾ മൊത്തം വരുമാനം 462 കോടിയാകും. 

ഇ-മെയിൽ: reshmaccbhaskaran@gmail.com