lkshmiടി.വി.എസ്. ഗ്രൂപ്പ് ചെയർമാൻ വേണു ശ്രീനിവാസന്റെയും ട്രാക്ടേഴ്‌സ് ആൻഡ് ഫാം എക്യുപ്‌മെന്റ് ലിമിറ്റഡ് (ടാഫെ) മേധാവി മല്ലികയുടെയും മകളാണ് 33കാരിയായ ലക്ഷ്മി വേണു. ടി.വി.എസ്. ഗ്രൂപ്പിന് കീഴിലുള്ള സുന്ദരം ക്ലേടൺ ലിമിറ്റഡിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറാണ് ലക്ഷ്മി ഇപ്പോൾ. 

വാഹന നിർമാണ കമ്പനികൾക്ക് ആവശ്യമായ അലുമിനിയം കാസ്റ്റിങ്ങും മഗ്നീഷ്യം കാസ്റ്റിങ്ങും ലഭ്യമാക്കുന്ന കമ്പനിയാണ് സുന്ദരം ക്ലേടൺ. കമ്പനിക്ക്‌ ഇന്ത്യയിൽ നാലു പ്ലാന്റുകളാണ് ഉള്ളത്.

ഇതിന്റെ വാർഷിക ശേഷി 60,000 ടണ്ണിൽ നിന്ന് 70,000 ടണ്ണിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് ലക്ഷ്മി. ഇതിനായി 400 കോടി രൂപയാണ് മുതൽമുടക്കുന്നത്. ശേഷി ഉയരുന്നതോടെ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 500 പേർക്ക് കൂടി തൊഴിലവസരം ലഭ്യമാക്കാനാകുമെന്നാണ് ലക്ഷ്മിയുടെ പ്രതീക്ഷ. 

അമേരിക്കയിൽ 350 കോടി രൂപ മുതൽമുടക്കിൽ അത്യാധുനിക ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. വോൾവോ, ഡെയ്മലർ, ബി.എം.ഡബ്ല്യു. തുടങ്ങിയ ആഗോള വാഹന കമ്പനികൾ സുന്ദരം ക്ലേടണിന്റെ ഗുണഭോക്താക്കളാണ്. 

ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ മകൻ രോഹനുമായി 2011ൽ വിവാഹിതയായ ലക്ഷ്മി, അധികം വൈകാതെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഇപ്പോൾ, ബിസിനസ് നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവർ.