fashionനിഷ് മല്‍ഹോത്രയും സബ്യസാചി മുഖര്‍ജിയും മറ്റും ഡിസൈന്‍ ചെയ്ത വേഷഭൂഷാധികള്‍ അണിഞ്ഞ് സാധാരണക്കാര്‍ക്കും ഇനി പാര്‍ട്ടികളില്‍ തിളങ്ങാം; ലക്ഷങ്ങള്‍ മുടക്കാതത്തന്നെ. 

മധ്യവര്‍ഗത്തെ മുന്നില്‍ കണ്ട് ഇവയെല്ലാം ചുരുങ്ങിയ വിലയ്ക്ക് വാടകയ്ക്ക് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറുകള്‍ രാജ്യത്ത് വ്യാപകമാകുന്നു.

മിറര്‍ വര്‍ക്കുള്ള മനീഷ് മല്‍ഹോത്ര അനാര്‍ക്കലി അണിയാന്‍ 1.25 ലക്ഷം രൂപ ചെലവഴിക്കേണ്ടതില്ല. സ്റ്റേജ് ത്രീ വെബ് സൈറ്റില്‍ കയറി ഒറ്റക്ലിക്ക് മതി. ചെലവാകട്ടെ 8,500 രൂപയും. മുടക്കേണ്ടത് മൊത്തം വിലയുടെ പത്ത് ശതമാനത്തില്‍ താഴെമാത്രം.

ഫാഷന്‍ ആഡംബരമായിരുന്ന കാലംപോയി. ഇന്നിത് ഒഴിവാക്കാന് കഴിയാത്ത ഒന്നായിരിക്കുന്നുവെന്ന്‌ മുംബൈയിലെ സ്റ്റേജ് ത്രീയുടെ സഹസ്ഥാപകയായ സബേന പുരി പറയുന്നു. 

3000 മുതല്‍ 10 ലക്ഷം രൂപവരെയുള്ള വേഷഭൂഷാധികളാണ് വാടകയ്ക്ക് ലഭിക്കുക. വെബ്‌സൈറ്റില്‍ കയറി വസ്ത്രവും മറ്റും തിരഞ്ഞെടുത്താല്‍ മതി. ചെലവാകട്ടെ വിലയുടെ 10 മുതല്‍ 15 ശതമാനംവരെയും. 

നിങ്ങളുടെ അളവിനനുസരിച്ച് മാറ്റംവരുത്തി ഡ്രൈക്ലീന്‍ ചെയ്ത് വീട്ടിലെത്തിച്ചുതരും. ആവശ്യം കഴിഞ്ഞാല്‍ വീട്ടില്‍നിന്നുതന്നെ തിരിച്ചുകൊണ്ടുപോകുകകയും ചെയ്യും.

വിശദമായ പരിശോധനകള്‍ക്കുശേഷമാകും വസ്ത്രങ്ങള്‍ തിരിച്ചെടുക്കുക. കാര്യമായ കേടുപാടുകള്‍വന്നാല്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സും ഏര്‍പ്പാടാക്കിത്തരും.

പരമ്പരാഗത വസ്ത്രങ്ങള്‍ ലഭിക്കാന്‍ രണ്ട് ദിവസംമുമ്പ് ബുക്ക് ചെയ്താല്‍ മതി. ഡിമാന്‍ഡ് അനുസരിച്ച് വെസ്റ്റേണ്‍ സ്റ്റൈല്‍ ഡ്രസുകളും നല്‍കുമെന്ന് വെബ്‌സൈറ്റുകള്‍ പറയുന്നു.

50,000 രൂപയുടെ വസ്ത്രം വാങ്ങിയാല്‍ മൂന്നോ നാലോ തവണയാണ് പരമാവധി ഉപയോഗിക്കുക. അതിന് ചെലവാക്കുന്ന പണമുണ്ടെങ്കില്‍ എട്ടോ പത്തോ തവണ ഫാഷന്‍ വസ്ത്രങ്ങള്‍ വാടകയ്ക്കെടുത്ത് അണിയാമെന്ന് പ്രമുഖ ഫാഷന്‍ ഡിസൈനറായ റിന ധാക്ക പറയുന്നു.

ഡല്‍ഹി, മുംബൈ, ബെംഗളുരു, ചെന്നൈ നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വാടക വസ്ത്ര കച്ചവടം പൊടിപൊടിക്കുന്നത്. 

സപ്തംബറില്‍ ലോഞ്ച് ചെയ്ത മുംബൈയിലെ 'ബ്ലിങ്കെ' പറയുന്നത് ചുരങ്ങിയ സമയത്തിനുള്ളില്‍ ആയിരത്തലേറെ ഉപഭോക്താക്കളെ ലഭിച്ചുവെന്നാണ്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതിമാസം 30 ശതമാനത്തിലേറെ വര്‍ധനവുമുണ്ടത്രേ.