shalini jamesകേരളത്തില്‍ നിന്ന് ഇതുവരെ എത്രപേര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടാകും? കൃത്യമായ ഉത്തരം കിട്ടാത്ത ചോദ്യമാണത്. എന്നാല്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെ 'ആമസോണ്‍ ഇന്ത്യാ ഫാഷന്‍ വീക്കില്‍' എത്രപേര്‍ എത്തിയെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമുണ്ട്... ഒരേയൊരാള്‍ മാത്രം.

ചേരാനെല്ലൂരില്‍ വിരിഞ്ഞ വസ്ത്രസങ്കല്‍പ്പങ്ങളെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ച ശാലിനി ജെയിംസ്. ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന ആമസോണ്‍ ഇന്ത്യാ ഫാഷന്‍ വീക്കിന്റെ 26ാമത് എഡിഷനിലാണ് ശാലിനിയുടെ ഫാഷന്‍ 'മന്ത്ര'ങ്ങള്‍ പ്രതിധ്വനിച്ചത്.

'ഇന്ത്യന്‍ ബൈ ചോയ്‌സ്' എന്ന പേരിലാണ് ശാലിനിയുടെ ഭാവനയില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ ആമസോണ്‍ ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ചത്. നിറങ്ങളുടെ പേരുകളില്‍ നിറയുന്ന പാശ്ചാത്യന്‍ ആധിപത്യത്തിനെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു ഇത്. നിസ്സഹകരണ പ്രസ്ഥാനം ഏറെ സ്വാധീനിച്ചിട്ടുള്ള ശാലിനിയുടെ രൂപകല്പനാ ശൈലികള്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് ഏറെ ഊന്നല്‍ നല്‍കുന്നതുമാണ്.

അടുത്തിടെ, പ്രശസ്ത കേശാലങ്കാര വിദഗ്ധയായ അംബിക പിള്ളയുടെ ഡല്‍ഹിയിലെ 'സ്‌റ്റൈല്‍ ലോഫ്റ്റി'ല്‍ ശാലിനി രൂപകല്പനചെയ്ത വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റുപല പ്രമുഖ ഡിസൈനര്‍മാരുടെയും വസ്ത്രങ്ങള്‍ അവിടെയുണ്ടായിരുന്നെങ്കിലും ബോളിവുഡ് താരം സോനം കപൂറിന്റെ മനം കവര്‍ന്നത് ശാലിനിയുടെ സൃഷ്ടികളാണ്. അധികം താമസിയാതെ ശാലിനിക്ക് സോനം കപൂറിന്റെ അഭിനന്ദന സന്ദേശവും വന്നു. മാത്രവുമല്ല പിന്നീട് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സോനം കപൂര്‍ അണിഞ്ഞതും ശാലിനിയുടെ സൃഷ്ടികളായിരുന്നു.

ഇംഗ്ലീഷ് ബിരുദത്തിനുശേഷം ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി.) യില്‍ നിന്നാണ് ശാലിനി ഫാഷന്‍ ഡിസൈനിങ് പഠിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ തന്നെ 'ശാലിനി ജെയിംസ് മന്ത്ര' എന്ന പേരില്‍ 2002ല്‍ തുടങ്ങിയ ചെറിയ സംരംഭമാണ് ഇപ്പോള്‍ ആമസോണ്‍ ഫാഷന്‍ വീക്ക് വരെയെത്തി നില്‍ക്കുന്നത്.

ചേരാനെല്ലൂരില്‍ കഴിഞ്ഞവര്‍ഷം സ്വന്തം ഫാക്ടറി തുടങ്ങിയ ശാലിനി ജെയിംസിന് കൊച്ചിയിലെ ഒബറോണ്‍ മാളിലും ലുലു മാളിലും ഷോറൂമുകളുണ്ട്. സ്വന്തമായിംംം.വെമഹശിശഷമാലാെമിേൃമ.രീാഎന്ന ഓണ്‍ലൈന്‍ സ്‌റ്റോറും ശാലിനി തുടങ്ങിയിട്ടുണ്ട്. കൂടാതെംംം.മാമ്വീി.ശി, മേറുീഹലേെീൃല.രീാ എന്നീ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് ശാലിനി ജെയിംസിന്റെ വസ്ത്രങ്ങള്‍ ലഭ്യമാണ്.

ഫാഷന്‍ രംഗത്ത് കാല്‍നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഷീല ജെയിംസിന്റെ മകളായതുകൊണ്ടുതന്നെ ഡിസൈനിങ് മേഖല ശാലിനിക്ക് അന്യമല്ല. മുന്‍ മന്ത്രി ബേബി ജോണിന്റെ മകളും ഇപ്പോഴത്തെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ സഹോദരിയുമാണ് ഷീല ജെയിംസ്. മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് കെ. ജോസഫാണ് ശാലിനിയുടെ അച്ഛന്‍. ആദ്യമായി, അതും ആമസോണ്‍ ഫാഷന്‍ വീക്ക് പോലെ പ്രശസ്ത ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം ശാലിനി മറച്ചുവെക്കുന്നില്ല.

ഡിസൈനിങ് രംഗത്ത് തന്റെ ഇതുവരെയുള്ള വളര്‍ച്ചയുടെ സുപ്രധാനമായ ടേണിങ് പോയന്റാണ് ആമസോണ്‍ ഫാഷന്‍ വീക്കെന്ന് ശാലിനി പറയുന്നു. കേരളത്തിന് പുറത്തേക്ക് ബിസിനസ് വളര്‍ത്താനും കൂടുതല്‍ ശ്രദ്ധ നേടാനുമുള്ള അവസരമായിരുന്നു ഇത്. ആദ്യമായിട്ടാണ് കേരളത്തില്‍ നിന്നുള്ള ഡിസൈനര്‍ ആമസോണ്‍ ഫാഷന്‍ വീക്കില്‍ ഇടംനേടുന്നതെന്ന് ശാലിനി. നടി റീമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഈ രംഗത്തെ വിദഗ്ധരും ആമസോണ്‍ ഫാഷന്‍ വീക്കിലെത്തി ശാലിനിയുടെ സ്റ്റാള്‍ സന്ദര്‍ശിച്ചു.

ഫാഷന്‍ ഷോകള്‍ക്ക് പുറമെ ബിസിനസ് ടു ബിസിനസ് മീറ്റുകളാണ് പ്രധാനമായും ഇവിടെ നടന്നത്.  ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച നടത്താനും പങ്കാളിത്തമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവെക്കാനും സാധിച്ചു.  പ്രമുഖമായ രണ്ട് ഫാഷന്‍ ഷോകളില്‍ ഒന്നാണ് ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക്.

മുംബൈയില്‍ നടക്കുന്ന ലാക്‌മെ ഫാഷന്‍ വീക്കാണ് രണ്ടാമത്തേത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ആമസോണ്‍ ഫാഷന്‍ വീക്ക് നടക്കുക. മാര്‍ച്ചില്‍ നടക്കുന്ന ആമസോണ്‍ ഫാഷന്‍ വീക്കിലും പങ്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ശാലിനി.