ameera shaന്ത്യയിലെ ഏറ്റവും വലിയ പാതോളജി ലാബ് ശൃംഖലകളിലൊന്നായ മെട്രോപൊളിസ് ഹെല്‍ത്ത്കെയറിനെ ഇപ്പോഴത്തെ നിലയിലേക്ക് വളര്‍ത്തിയത് ഒരു 36-കാരിയാണ്. പേര് അമീറ ഷാ. ആറു രാജ്യങ്ങളിലായി സാന്നിധ്യമുള്ള മെട്രോപൊളിസിന് 150 ലബോറട്ടറികളുണ്ട്. 1,200 ഓളം കളക്ഷന്‍ സെന്ററുകളും. 

അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിനാന്‍സില്‍ ബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുള്ള അമീറ ആദ്യം അമേരിക്കയില്‍ ഗോള്‍ഡ്മാന്‍ സാക്സ് എന്ന ആഗോള ബാങ്കിങ് സ്ഥാപനത്തിലാണ് ജോലിചെയ്തത്. അവിടം വിട്ട് ഒരു സ്റ്റാര്‍ട്ട്അപ്പില്‍ പ്രവര്‍ത്തിച്ചു. 

പിന്നീട് ഇന്ത്യയിലെ തിരിച്ചെത്തി. അന്ന് പിതാവ് ഡോ.സുശീല്‍ ഷാ ചെറിയൊരു ഡയഗ്നോസ്റ്റിക് ലാബ് നടത്തുകയായിരുന്നു. ഈ മേഖലയിലെ വരുംകാല സാധ്യതകള്‍ മനസ്സിലാക്കിയ അമീറ പിതാവിനൊപ്പം ബിസിനസ്സില്‍ ചേര്‍ന്നു. 2002 വരെ ഒരൊറ്റ ലാബ് മാത്രമായിരുന്ന അവസ്ഥയില്‍ നിന്ന് രാജ്യമൊട്ടാകെ ശൃംഖല വളര്‍ത്തി. ഇന്ന് ഇന്ത്യയ്ക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, മൗറീഷ്യസ്, കെനിയ, ഘാന എന്നിവിടങ്ങളിലൊക്കെ മെട്രോപൊളിസിന് സാന്നിധ്യമായി. 

പുറത്തുനിന്ന് വായ്പകളില്ലാതെ സ്വന്തം നിലയിലാണ് വളര്‍ച്ചയ്ക്കായുള്ള പണം കണ്ടെത്തുന്നത്. ഡോ.ലാല്‍സ് പാത്ലാബ്സ്, തൈറോകെയര്‍ തുടങ്ങി മറ്റു ലാബ് ശൃംഖലകള്‍ പ്രാഥമിക ഓഹരി വില്‍പന (ഐ.പി.ഒ.)യുമായി ഓഹരി കമ്പോളത്തില്‍ ഇറങ്ങുമ്പോള്‍ മെട്രോപൊളിസിന്റെ മാനേജിങ് ഡയറക്ടര്‍ അമീറയ്ക്ക് തത്കാലം അതിന് പദ്ധതിയില്ല. 

തന്റെ പ്രായം കണക്കിലെടുക്കുമ്പോള്‍ വളരാന്‍ ഒട്ടേറെ സമയമുണ്ടെന്നാണ് അമീറയുടെ പക്ഷം. ചെറിയ ഏറ്റെടുക്കലുകള്‍ക്ക് സ്വന്തം നിലയില്‍ പണം കണ്ടെത്താന്‍ കഴിയും. വലിയ ഏറ്റെടുക്കലുകള്‍ക്ക് പോയാല്‍ മാത്രമേ പുറത്തുനിന്ന് മൂലധനം സമാഹരിക്കേണ്ടതുള്ളൂ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ 25ഓളം കമ്പനികളെയാണ് മെട്രോപൊളിസ് ഏറ്റെടുത്തത്. 

വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകള്‍  നേരത്തെ മെട്രോപൊളിസിനെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ വരുമാനം 30 കോടി രൂപയായിരുന്നപ്പോള്‍ പ്രൈവറ്റ് ഇക്വിറ്റിയായി ഐ.സി.ഐ.സി.ഐ. വെഞ്ച്വേഴ്സില്‍ നിന്ന് 35 കോടി രൂപയാണ് സ്വരൂപിച്ചത്. 2010ല്‍ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ പിങ്കസ് 27 ശതമാനം ഓഹരിക്കായി ഏതാണ്ട് 500 കോടി രൂപ നിക്ഷേപിച്ചു.

2015ല്‍ അമീറയും പിതാവും കൂടി 550 കോടി രൂപയ്ക്ക് ആ ഓഹരികള്‍ മടക്കിവാങ്ങി. അതോടെ, കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 36 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ന്നു. സംരംഭത്തിലെ മറ്റൊരു പങ്കാളിയായ ഡോ. ജി.എസ്.കെ.വേലുവിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കാര്‍ലൈല്‍ വാങ്ങി. അവര്‍ വിറ്റൊഴിയുന്ന അവസരത്തില്‍ അമീറ തന്നെ ആ ഓഹരികള്‍ വാങ്ങുമോ എന്ന് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. ഏതായാലും ഐ.പി.ഒ.യ്ക്ക് തത്കാലം പദ്ധതിയില്ലെന്ന് അവര്‍ പറയുന്നു.