kappaകൊച്ചി: കപ്പപ്പുഴുക്കും മത്തിക്കറിയും മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളില്‍ ഒന്നാണ്. ഇത്തരം വിഭവങ്ങള്‍ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കില്‍ ഹോട്ടലുകളില്‍ പോയി കഴിക്കുകയോ വേണം. എന്നാല്‍, കപ്പപ്പുഴുക്കും മത്തിക്കറിയും റെഡി -ടു-ഈറ്റ് പരുവത്തിലാക്കി വിപണിയിലെത്തിക്കുകയാണ് ടേസ്റ്റി നിബിള്‍സ്. അരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.സി എ.ബി.എഫ് സ്‌പെഷ്യല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോള്‍ മാത്രമാണ് ബ്രാന്‍ഡഡ് ഭക്ഷണങ്ങളുമായി കമ്പനി വിപണിയിലെത്തുന്നത്. 

തനിനാടന്‍ വിഭവങ്ങളായ മീന്‍പീര, മീന്‍മാങ്ങാപീര, മത്തിക്കറി, കപ്പപ്പുഴുക്ക്, അവിയല്‍, സാമ്പാര്‍ എന്നിവയാണ് ഇപ്പോള്‍ വിപണിയിലുള്ള ഉത്പന്നങ്ങള്‍. ഇതിന് പുറമെ വെജിറ്റബിള്‍, നോണ്‍ വെജിറ്റബിള്‍ അച്ചാറുകള്‍, ഗോതമ്പ്-പരിപ്പ്-പഴം പായസങ്ങള്‍, മസാല ചെമ്മീന്‍, ഫ്രീസ് ഡ്രൈഡ് ചെമ്മീന്‍, വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള ട്യൂണ മത്സ്യങ്ങള്‍ എന്നിവയും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ടേസ്റ്റി നിബിള്‍സിന് 72ഓളം ഭക്ഷ്യ ഉത്പന്നങ്ങളുണ്ട്. 

പ്രിസര്‍വേറ്റീവുകള്‍ 100 ശതമാനവും ഒഴിവാക്കിയാണ് റെഡി ടൂ ഈറ്റ് ഭക്ഷ്യവിഭവങ്ങള്‍ തയാറാക്കുന്നതെന്ന്‌ കമ്പനി അധികൃതര്‍ വിശദീകരിച്ചു. സാധാരണ താപനിലയില്‍ രണ്ടു വര്‍ഷംവരെ കേടുവരാതെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കും. റീട്ടോര്‍ട്ട് പ്രോസസിംഗ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്. പായ്ക്ക് ചെയ്യുന്ന ഭക്ഷണത്തിനുള്ളില്‍ സൂക്ഷ്മജീവികള്‍ക്ക് വളരാന്‍ സാധിക്കില്ല. റീട്ടോര്‍ഡ് പ്രൊസസിംഗിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് ഉത്പന്നങ്ങളുടെ പായ്ക്കിംഗും.