കൈയിൽ കെട്ടാവുന്ന കമ്പ്യൂട്ടറാണെങ്കിലും സാങ്കേതികത്തികവുള്ള  ഗാഡ്ജറ്റുകൾ അവതരിപ്പിക്കുന്ന ആപ്പിൾ ഫാഷൻ സ്റ്റേറ്റ്‌മെന്റ് ആയാണ് ‘ആപ്പിൾ വാച്ചി’നെ കാണുന്നത്. ആപ്പിളിന്റെ ഈ സ്മാർട്ട് വാച്ച് നവംബർ ആറിന് ഇന്ത്യയിലെത്തുകയാണ്.

ഏപ്രിലിൽ അമേരിക്കയിൽ അവതരിപ്പിച്ച് മുൻകൂർ ബുക്കിങ്ങും സ്വീകരിച്ച് ആറുമാസത്തിനുള്ളിലാണ് ഇൗ വരവ്. കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ വില പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രീമിയം വാച്ചിന് നികുതിയുൾപ്പെടെ 30,000 രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിൾ വാച്ചിന്റെ 34 വേരിയന്റുകളാണ് ഉള്ളത്. ആപ്പിൾവാച്ച്, ആപ്പിൾവാച്ച് സ്പോർട്ട്, ആപ്പിൾ വാച്ച് എഡിഷൻ എന്നീ മൂന്ന് വേരിയന്റുകളാണ് ഇന്ത്യയിലെത്തുക. ഇതിൽ ആപ്പിൾവാച്ച് എഡിഷൻ ലക്‌ഷ്വറി മോഡലാണ്. 38എം.എം, 42 എം.എം. അളവുകളിലുള്ളവയാണ് ഇന്ത്യയിലെത്തുക.

സാധാരണ സൂചികളുള്ള വാച്ചിലേക്ക് ബ്ലൂടൂത്തും വാട്ട്സ് ആപ്പും പാട്ടുമൊക്കെ കയറി വന്ന് വിരുന്നൊരുക്കുന്നു. സാധാരണ സൂചികൾ മാത്രം കണ്ടിട്ടുള്ള വാച്ചിൽ വാട്ട്സ് ആപ്പും, ബ്ലൂടൂത്തും പാട്ടുമൊക്കെ കയറിവന്ന് പുത്തൻ ആശയവിനിമയ സാധ്യതയൊരുക്കുകയാണ്. ഐഫോൺ 5 മായോ അതിനുമുകളിലുള്ള ഫോണുകളുമായോ ബന്ധിപ്പിച്ചാൽ മെയിൽ നോക്കാനും ഫോൺ  ചെയ്യാനും പാട്ടുകേൾക്കാനുമാകും. ബിൽറ്റ് ഇൻ ആക്ടിവിറ്റിയും ഔട്ട്‌ഡോർ ആപ്പുകളുമായാണ് വരവ്.

അമേരിക്കയിൽ ആപ്പിൾവാച്ചിന്റെ  അടിസ്ഥാനമോഡലിന്റെ വില 349 ഡോളറാണ്-ഏതാണ്ട് 26,280 രൂപ. ലക്‌ഷ്വറി മോഡലിന് 10,000 ഡോളർ വരെയാകും അവിടെ.

അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ജൂൺ 24 ന് വിൽപനയ്ക്കെത്തിയ ആപ്പിൾ വാച്ചിന് ഒ.എസ്2 അപ്‌ഡേഷൻ സോഫ്റ്റ് വെയറും നൽകിയിരുന്നു. ഐഫോണിനെക്കാളും ഐപാഡിനെക്കാളും മെച്ചപ്പെട്ട പ്രതികരണമാണ് ആപ്പിൾവാച്ചിന് ലഭിക്കുന്നതെന്നാണ് ആപ്പിളിന്റെ വിലയിരുത്തൽ.

മോട്ടറോള 360 സെക്കൻഡ് ജനറേഷൻ, സാംസങ് എസ് 2 വാച്ച് എന്നിവ ഇന്ത്യയിൽ ഉടനെത്തും. ഇവയോടായിരിക്കും ആപ്പിളിന് മത്സരിക്കേണ്ടിവരിക.