മുംബൈ: പുതിയതായി ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ ഇന്ത്യയില്‍ ലഭ്യമാക്കുന്ന തിയതി നേരത്തെയാക്കി.

സെപ്റ്റംബര്‍ 29ന് വൈകീട്ട് ആറുമണിക്കാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്. രാത്രി വൈകിയോ പാതിരാത്രിക്കോ പുറത്തിറക്കുന്നരീതിയില്‍നിന്ന് മാറി വൈകീട്ടായിരിക്കും രാജ്യത്ത് പുതിയ ഐഫോണുകള്‍ പുറത്തിറക്കുക. 

ഇതോടെ യുഎസില്‍ വില്പനയ്‌ക്കെത്തി ഒരാഴ്ചകഴിഞ്ഞാല്‍ ഇന്ത്യയിലും ഐഫോണുകള്‍ ലഭ്യമാകും. ഇതോടൊപ്പംതന്നെ പുതിയ ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നിവയും ലഭ്യമാക്കും. 

രാജ്യത്തെ 10,000 ലേറെവരുന്ന റീട്ടെയില്‍ ഷോറൂമുകളിലൂടെ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ വില്പനയില്‍ 50 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഡല്‍ഹി, മുംബൈ, ബെംഗളുരു, കൊല്‍ക്കത്ത, ചെന്നൈ, പുണെ, ഹൈദരാബാദ് തുടങ്ങിയവ ഉള്‍പ്പടെയുള്ള ഒമ്പത് നഗരങ്ങളിലെ പ്രമുഖ മാളുകളിലാകും പുറത്തിറക്കല്‍ ആഘോഷംനടക്കുക. 

സെപ്റ്റംബര്‍ 22ന് പ്രീ ബുക്കിങ് തുടങ്ങും. സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകം ക്യാഷ് ബാക്കും ഉണ്ടാകും. ഐഫോണ്‍ 8ഉം 8 പ്ലസിനും 10,000 രൂപവീതമായിരിക്കും ക്യാഷ്ബാക്ക്. പുതിയ ഐഫോണും വാച്ചും ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് 15,000 രൂപവരെയും ക്യാഷ്ബാക്ക് ലഭിക്കും. 

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കാമ്പയിന്‍ ഉടനെ തുടങ്ങും.