investment

നിങ്ങള്‍ക്കും കോടീശ്വരനാകേണ്ടേ? ഓ അതൊന്നും നമുക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന് ചിന്തിച്ച് പിന്‍വലിയാന്‍ വരട്ടെ. ചിട്ടയായ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍. 

പ്രതിമാസം 30,000 രൂപ നിക്ഷേപിക്കാനായാല്‍ പത്ത് വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് കോടീശ്വരനാകാം. അതുപോകട്ടെ, 1300 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ 30 വര്‍ഷം കാത്തിരുന്നാല്‍ ഒരു കോടി രൂപ നിങ്ങള്‍ക്ക് നേടാം. 2,600 രൂപയാണ് നീക്കിവെയ്ക്കുന്നതെങ്കില്‍ 25 വര്‍ഷംകൊണ്ട് ഒരു കോടി സമ്പത്ത് സ്വന്തമാക്കാം. 5,400 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 20 വര്‍ഷംകൊണ്ടും 12,000 രൂപയാണെങ്കില്‍ 15 വര്‍ഷംകൊണ്ടും നിങ്ങള്‍ക്ക് കോടീശ്വരനാകാം.

12 ശതമാനമാണ് ഫണ്ടുകളില്‍നിന്നുള്ള നേട്ടം കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, വിവിധ കാറ്റഗറികളിലെ പത്ത് വര്‍ഷത്തെ നിലവിലെ ശരാശരി നേട്ടം 16 ശതമാനം മുതല്‍ 19 ശതമാനംവരെയാണ്. ഈ നേട്ടം തുടര്‍ന്നാല്‍ വേഗത്തില്‍തന്നെ നിങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകും. 

അതുമല്ല ഇത്രയും കാലം നിക്ഷേപം തുടരുകയാണെങ്കില്‍ 19 ശതമാനം നേട്ടപ്രകാരം 2.90 കോടി രൂപയാകും നിങ്ങളുടെ കൈകളിലെത്തുക. 16 ശതമാനമാണ് നേട്ടമെങ്കില്‍ 1.80 കോടി രൂപയും ലഭിക്കും. അതുകൊണ്ടുതന്നെ മിനിമം തുകയെങ്കിലും പ്രതീക്ഷിച്ചാണ് നേട്ടം 12 ശതമാനത്തിലൊതുക്കിയിരിക്കുന്നത്!

ഇതാ അതിനുള്ള മാര്‍ഗങ്ങള്‍
ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളില്‍ ആദ്യമായി നിക്ഷേപിക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ മൂന്നോ നാലോ ബാലന്‍സ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുക.

ഓഹരി വിപണി കൂപ്പുകുത്തുമ്പോള്‍ നഷ്ടം കൂട്ടാതെ പിടിച്ചുനിര്‍ത്താന്‍ ബാലന്‍സ്ഡ് ഫണ്ടുകളിലെ ഡെറ്റ് നിക്ഷേപം ഉപകരിക്കും. 

ഒരുവര്‍ഷത്തേക്കാള്‍ കൂടുതല്‍കാലം നിക്ഷേപം കൈവശം സൂക്ഷിച്ചാല്‍ മൂലധന നേട്ടത്തിന് ആദായനികുതിയും നല്‍കേണ്ടതില്ല. ഓഹരി നിക്ഷേപത്തിന് ലഭിക്കുന്ന നികുതി ആനുകൂല്യം പൂര്‍ണമായും ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക് ലഭിക്കുകയും ചെയ്യും.

അല്ലെങ്കില്‍ 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ടാക്‌സ് സേവിങ്(ഇഎല്‍എസ്എസ്) ഫണ്ടുകളിലും പണംമുടക്കാം. അതുമല്ലെങ്കില്‍ മള്‍ട്ടിക്യാപ് ഫണ്ടുകളിലാകാം നിക്ഷേപം. 

പ്രതിമാസ എസ്‌ഐപി
ഫണ്ട് തീരുമാനിച്ചുകഴിഞ്ഞാല്‍ പ്രതിമാസം എസ്‌ഐപിയായി നിക്ഷേപം നടത്തുക. വരുമാനം വര്‍ധിക്കുന്നതിനനസരിച്ച് ഓരോവര്‍ഷവും നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധനവരുത്തുന്നത് ഉചിതമാണ്. 

പ്രകടനം വിലയിരുത്തുക
നിക്ഷേപിച്ചുവരുന്ന ഫണ്ടുകളുടെ പ്രകടനം വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തുക. ബെഞ്ച്മാര്‍ക്ക് സൂചികകളെക്കാള്‍ പ്രകടനം മോശമാണെങ്കില്‍ അതേ കാറ്റഗറിയില മികച്ച ഫണ്ടുകളിലേയ്ക്ക് കൂടുമാറാന്‍ മടിക്കേണ്ട. 

corpati table

ഒരു ഫണ്ടിന്റെ പ്രകടനം മോശമായാല്‍ എടുത്തചാടി മറ്റ് ഫണ്ടിലേയ്ക്ക് മാറേണ്ടതില്ല. നിക്ഷേപം പിന്‍വലിക്കുമ്പോഴുള്ള എക്‌സിറ്റ് ലോഡ്, നികുതി ആനുകൂല്യങ്ങള്‍ക്കുള്ള കാലയളവ് എന്നിവ പരിശോധിച്ചശേഷംമതി കൂടുമാറല്‍. 

ചാഞ്ചാട്ടത്തില്‍ ഉലയരുത്
ഓഹരി വിപണി ഇടിയുന്നതോടൊപ്പം നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം താഴുമ്പോള്‍ ഭയപ്പെട്ട് എസ്‌ഐപി നിര്‍ത്തുകയോ പണം പിന്‍വലിക്കുകയോ അരുത്. നിക്ഷേപം തുടരുക.

ദീര്‍ഘകാല നിക്ഷേപകരാണ് നിങ്ങളെന്ന് തിരിച്ചറിയുക. ഹ്രസ്വകാലയളവിലെ ഓഹരിവിപണിയിലെ ചാഞ്ചാട്ടം ദീര്‍ഘകാല നിക്ഷേപകരെ ബാധിക്കില്ല. വിപണി താഴ്ന്നുനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഫണ്ടുകളുടെ കൂടുതല്‍ യൂണിറ്റുകള്‍ സ്വന്തമാക്കാനാകും. പിന്നീട് വിപണി ഉയരുമ്പോള്‍ കൂടുതല്‍ നേട്ടം നല്‍കാന്‍ അത് സഹായിക്കും.

നിങ്ങള്‍ കോടിപതിയായിക്കഴിഞ്ഞു!
ലളിതമായ ഈ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടാല്‍ നിങ്ങള്‍ കോടിപതിയായിട്ടുണ്ടാകും. മൂലധന നേട്ടത്തിന് ഒരുപൈസപോലും ആദായ നികുതി നല്‍കേണ്ടതുമില്ല. 

കോടിപതിയായതിന്റെ സന്തോഷം കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കാന്‍ ചെറിയ തുക മുടക്കാന്‍ മടിക്കേണ്ടതുമില്ല.

feedbacks to: antonycdavis@gmail.com