മുംബൈ: ഓഹരിയില്‍നിന്ന് മികച്ച നേട്ടം ലഭിക്കാന്‍ തുടങ്ങിയതോടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണവും കൂടുന്നു.

ദിനംപ്രതി 60,000 അക്കൗണ്ടുകളാണ് പുതിയതായി തുറക്കുന്നതെന്ന് സെബിയുടെ വെബ്‌സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. 

സെപ്റ്റംബര്‍വരെയുള്ള ആറുമാസത്തിനിടെ 66.5 ലക്ഷം അക്കൗണ്ടുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. മുന്‍ സാമ്പത്തികവര്‍ഷം മൊത്തമായി തുറന്ന അക്കൗണ്ടുകള്‍ അഞ്ച് ലക്ഷം മാത്രമാണ്.

പുതിയ അക്കൗണ്ടുകളിലേറെയും എസ്‌ഐപി പ്രകാരം നിക്ഷേപം നടത്താനാണ്. 55-60 ശതമാനംവരെയും അക്കൗണ്ടുകള്‍ പുതിയ നിക്ഷേപകരാണ് തുറക്കുന്നത്. ബാക്കിയുള്ളവ നിലവില്‍ നിക്ഷേപമുള്ളവര്‍തന്നെയാണ് പുതിയ ഫോളിയോ ആരംഭിക്കുന്നത്. 

സെപ്റ്റംബര്‍ അവസാനംവരെയുള്ള കണക്കുപ്രകാരം 6.2 കോടി ഫോളിയോകളാണുള്ളത്. ഇതില്‍ 4.5 കോടിയും ഇക്വിറ്റി ഫോളിയോകളാണ്. മൂന്നുവര്‍ഷംമുമ്പാകട്ടെ 3.95 കോടിമാത്രമായിരുന്നു ഫോളിയോകളുടെ എണ്ണം.

മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യയുടെ കണക്കുപ്രകാരം ഓരോ മാസവും 8,80,000 എസ്‌ഐപി അക്കൗണ്ടുകളാണ് തുടങ്ങുന്നത്. ഓരോ അക്കൗണ്ടിലുമെത്തുന്ന ശരാശരി പ്രതിമാസ നിക്ഷേപം 3,300 രൂപയുമാണ്.