car loanമുംബൈ: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാങ്കുകള്‍ പ്രത്യേകം ആനുകൂല്യങ്ങളോടെ വാഹന വായ്പ നല്‍കുന്നു. ശമ്പള പരിഷ്‌കരണത്തിന്റെ നേട്ടം പ്രയോജനപ്പെടുത്തുകയാണ് ബാങ്കുകളുടെ ലക്ഷ്യം.

വാഹനം വാങ്ങുന്നതിന് 100ശതമാനം വായ്പ അനുവദിക്കുക, കുറഞ്ഞ പലിശ നിരക്ക്, പ്രൊസസിങ് ഫീ ഒഴിവാക്കല്‍ തുടങ്ങിയവയാണ് ജീവനക്കാരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വാഹനത്തിന്റെ ഓണ്‍ റോഡ് വിലയ്ക്ക് തുല്യമായ തുക വായ്പ നല്‍കാന്‍ തയ്യാറാണ്. നേരത്തെ പരമാവധി 90 ശതമാനംവരെയായിരുന്നു വായ്പ അനുവദിച്ചിരുന്നത്.

വനിതാ ജീവനക്കാര്‍ക്ക് 9.65 ശതമാനവും പുരുഷന്മാര്‍ക്ക് 9.70ശതമാനവുമാണ് പലിശ. നേരത്തെ ഇരുവിഭാഗക്കാര്‍ക്കും 9.75ശതമാനമായിരുന്നു പലിശ. 

എച്ച്ഡിഎഫ്‌സി ബാങ്ക് ഓണ്‍ റോഡ് പ്രൈസിന്റെ 90 ശതമാനമാണ് വായ്പ നല്‍കുന്നത്. പ്രൊസസിങ് ഫീ ഇനത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 2,885 രൂപ മുതല്‍ 5,150 രൂപവരെയാണ് നേരത്തെ ഫീ ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 599 രൂപമാത്രമാക്കി. 9.65 ശതമാനമാണ് പലിശ.

ആക്‌സിസ് ബാങ്ക് ആണെങ്കില്‍ വാഹനത്തിന്റെ മൊത്തം തുകയും വായ്പയായി നല്‍കും. വായ്പയുടെ കാലാവധി ഏഴ് വര്‍ഷത്തില്‍നിന്ന് എട്ട് വര്‍ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. 9.99-10.25 ശതമാനത്തില്‍നിന്ന് 9.97 ശതമാനമായി പലിശ നിരക്ക് താഴ്ത്തിയിട്ടുമുണ്ട്. 

48 ലക്ഷം ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പള പരിഷ്‌കരണത്തിന്റെ നേട്ടം ലഭിക്കുക.