സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ച്‌ ഓഫീസുകൾ തൊഴിലിനായി രജിസ്റ്റർ ചെയ്യുന്ന ഒരു സ്ഥാപനം മാത്രമല്ല ഇപ്പോൾ. നിരവധി സ്വയംതൊഴിൽ വായ്പാ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ, സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്‌ ജോബ്‌ ഫെയറുകൾ, മത്സര പരീക്ഷകൾക്ക്‌ പ്രാപ്തരാക്കുന്നതിന്‌ സൗജന്യ പരിശീലന പരിപാടികൾ അങ്ങനെ പലതും ഏറ്റെടുത്തു ചെയ്തുവരുന്നു.
 
എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചുകൾ വഴി നടപ്പാക്കിവരുന്ന മൂന്ന്‌ സ്വയംതൊഴിൽ വായ്പാ പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ:

1. കെസ്‌റു (KESRU)
കേരളത്തിലെ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർക്കുള്ള തൊഴിൽ വായ്പാ പദ്ധതിയാണിത്‌. വ്യവസായ-വ്യാപാര-സേവന മേഖലകളിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഈ പദ്ധതി പ്രയോജനപ്പെടുത്താം. വളരെ ചെറിയ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങൾക്കാണ്‌ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുക. 
 ചെറിയ ബേക്കറി യൂണിറ്റുകൾ, തയ്യൽ കേന്ദ്രങ്ങൾ, ആട്‌-പശു-കോഴി ഫാമുകൾ, ഓട്ടോറിക്ഷാ വാഹനങ്ങൾ, ഭക്ഷ്യ-കാർഷികാധിഷ്ഠിത സംരംഭങ്ങൾ എന്നിവ ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്‌.

A. പദ്ധതി ആനുകൂല്യങ്ങൾ
ഒരുലക്ഷം രൂപ വരെ ഈ പദ്ധതിപ്രകാരം വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ്‌ സംരംഭങ്ങളും ഇതിൽ ആരംഭിക്കാവുന്നതാണ്‌. ഗ്രൂപ്പിലെ ഒരംഗത്തിന്‌ ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്പ ലഭിക്കുന്നതാണ്‌.

B. സബ്‌സിഡി
പദ്ധതിച്ചെലവിന്റെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും.

C. യോഗ്യതകൾ
പ്രായം -21നും 50നും മദ്ധ്യേ.
വിദ്യാഭ്യാസ യോഗ്യത -സാക്ഷരത.
കുടുംബ വാർഷിക വരുമാനം -40,000 രൂപയിൽ താഴെ.
രജിസ്‌ട്രേഷൻ -എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷൻ നിർബന്ധം.

D. സംരംഭകന്റെ വിഹിതം
സംരംഭകന്റെ വിഹിതം പ്രത്യേകം പറയുന്നില്ല. എന്നിരുന്നാലും 10 ശതമാനം വരെ ബാങ്കുകൾ ആവശ്യപ്പെടുന്നുണ്ട്‌.

E. അപേക്ഷയിലെ നടപടികൾ
ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിലോ, ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസിലെ സെൽഫ്‌ എംപ്ലോയ്‌മെൻറ്‌ ഓഫീസറുടെ മുന്നിലോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പദ്ധതി രൂപരേഖ, തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്‌, സ്ഥിര ആസ്തികൾക്കുള്ള ക്വട്ടേഷനുകൾ എന്നിവയുടെ പകർപ്പും വില്ലേജ്‌ ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകരെ ജില്ലാതലത്തിൽ ഇന്റർവ്യൂവിന്‌ ക്ഷണിക്കും. പാസാക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിലേക്ക്‌ ശുപാർശ ചെയ്ത്‌ അയയ്ക്കുന്നു. ധനകാര്യ സ്ഥാപനങ്ങളാണ്‌ വായ്പ അനുവദിക്കുന്നത്‌. വായ്പ അനുവദിച്ച്‌ ഉത്തരവ്‌ ലഭിച്ചുകഴിഞ്ഞാൽ മതിയായ സബ്‌സിഡി സംരംഭകന്റെ വായ്പാ കണക്കിലേക്ക്‌ ബാങ്കുകൾ വഴി ക്രെഡിറ്റ്‌ ചെയ്തു നൽകുന്നു.

2. മൾട്ടി പർപ്പസ്‌ ജോബ്‌ ക്ളബ്ബ്‌ (എ.പി.ജെ.സി.)
ഗ്രൂപ്പ്‌ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്‌. നാലു മുതൽ അഞ്ചു വരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ്‌ വായ്പ അനുവദിക്കുക. രണ്ടുപേർ വരെയുള്ള ഗ്രൂപ്പുകൾക്കും വായ്പ അനുവദിക്കാൻ ഇപ്പോൾ വ്യവസ്ഥയുണ്ട്‌. വ്യത്യസ്ത കുടുംബങ്ങളിൽപ്പെട്ടവർ ആയിരിക്കണം ഗ്രൂപ്പിലെ അംഗങ്ങൾ.

A. പദ്ധതി ആനുകൂല്യങ്ങൾ
പദ്ധതിച്ചെലവ്‌ 10 ലക്ഷം രൂപയിൽ അധികരിക്കാത്ത എല്ലാ പ്രോജക്ടുകൾക്കും ഈ പദ്ധതിപ്രകാരം വായ്പ ലഭിക്കും. വരുമാന വർധനയ്ക്ക്‌ ഉതകുന്ന വ്യവസായം, സേവനം, കൃഷി, ഫാമുകൾ തുടങ്ങിയവ വായ്പയ്ക്കായി പരിഗണിക്കും.

B. സബ്‌സിഡി
പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ്‌ സബ്‌സിഡി. ഇത്‌ പരമാവധി രണ്ടുലക്ഷം രൂപ വരെ ലഭിക്കുന്നതാണ്‌.

C. സംരംഭകന്റെ വിഹിതം
10 ശതമാനം തുക സംരംഭകർ സ്വന്തംനിലയിൽ കണ്ടെത്തണം.

D. യോഗ്യതകൾ
പ്രായം -21നും 40നും ഇടയിൽ. നിയമാനുസൃതമായ വയസ്സിളവ്‌ ലഭിക്കും. അതായത്‌ എസ്‌.സി. / എസ്‌.ടി.ക്ക്‌ അഞ്ചു വർഷത്തെയും ഒ.ബി.സി.ക്ക്‌ മൂന്നു വർഷത്തെയും ഇളവ്‌ ഉയർന്ന പ്രായപരിധിയിൽ അനുവദിക്കും. കുടുംബവരുമാനം -50,000 രൂപയിൽ കവിയരുത്‌. 
രജിസ്‌ട്രേഷൻ -എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷൻ വേണം. എന്നാൽ നൈപുണ്യം ഉള്ള അപേക്ഷകർക്ക്‌ ഇത്‌ നിർബന്ധമല്ല.

E. അപേക്ഷയിലെ നടപടികൾ
ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിലോ, ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസിലോ (സെൽഫ്‌ എംപ്ലോയ്‌മെന്റ്‌ ഓഫീസർ) അപേക്ഷ സമർപ്പിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം, നൽകിയിരിക്കുന്ന ഫോർമാറ്റിൽ പ്രോജക്ട്‌ റിപ്പോർട്ട്‌, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യതാ രേഖകൾ, റേഷൻ കാർഡ്‌, സ്ഥിര ആസ്തികൾ സമ്പാദിക്കുന്നതിന്‌ ക്വട്ടേഷനുകൾ എന്നിവയുടെ പകർപ്പും വില്ലേജ്‌ ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. 
 
ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ കൺവീനറായും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷനായും ഉള്ള ഒരു ജില്ലാതല കമ്മിറ്റിയാണ്‌ അപേക്ഷകനെ ഇന്റർവ്യൂ ചെയ്ത്‌ തിരഞ്ഞെടുക്കുന്നത്‌. പാസാക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിലേക്ക്‌ അയയ്ക്കുന്നു. ധനകാര്യ സ്ഥാപനങ്ങളാണ്‌ വായ്പ അനുവദിച്ച്‌ വിതരണം ചെയ്യുന്നത്‌. വായ്പ അനുവദിച്ച്‌ ഉത്തരവ്‌ ലഭിച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ സബ്‌സിഡിത്തുക സംരംഭകന്റെ വായ്പാ കണക്കിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യണമെന്നാണ്‌ വ്യവസ്ഥ.

3. ശരണ്യ
ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയും അതുപോലെ തന്നെ സ്വയംതൊഴിൽ വായ്പാ പദ്ധതിയുമാണ്‌ ഇത്‌. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതപോയ സ്ത്രീകൾ, എസ്‌.സി. / എസ്‌.ടി. വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക്‌ ആശ്വാസം പകരുന്ന ഒരു ലഘു സ്വയംതൊഴിൽ വായ്പാ പദ്ധതിയാണ്‌ ഇത്‌.

A. പദ്ധതി ആനുകൂല്യങ്ങൾ
50,000 രൂപ വരെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വായ്പ അനുവദിക്കുന്നു. കുടുംബ വരുമാന വർധനയ്ക്ക്‌ ഉതകുന്ന ഏതുതരം സ്വയംതൊഴിൽ സംരംഭവും ഈ പദ്ധതിപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്‌.

B. സബ്‌സിഡി
50 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു എന്നതാണ്‌ പദ്ധതിയുടെ മുഖ്യ ആകർഷണീയത. പരമാവധി 25,000 രൂപ വരെ.

C. സംരംഭകയുടെ വിഹിതം
പദ്ധതിച്ചെലവിന്റെ 10 ശതമാനം സംരംഭക കണ്ടെത്തണം.

D. യോഗ്യതകൾ
പ്രായം -18-55 വയസ്സിന്‌ ഇടയിൽ.
കുടുംബ വാർഷിക വരുമാനം -ഒരുലക്ഷം രൂപയിൽ താഴെ.
വിദ്യാഭ്യാസ യോഗ്യത -സാക്ഷരത. സാങ്കേതിക യോഗ്യതയുള്ളവർക്ക്‌ മുൻഗണന.

E. അപേക്ഷയിലെ നടപടികൾ
ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിലോ, ജില്ലാ ഓഫീസിലോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത ഫോം ഉണ്ട്‌. ജാതി, വരുമാനം, വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ്‌ ഓഫീസറുടെ സർട്ടിഫിക്കറ്റ്‌, പ്രോജക്ട്‌ റിപ്പോർട്ട്‌, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിന്റെ പകർപ്പ്‌ എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 
 
ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ കൺവീനറായും ഉള്ള ജില്ലാതല കമ്മിറ്റിയാണ്‌ ഇന്റർവ്യൂവിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്‌. സർക്കാരിന്റെ സ്വന്തം ഫണ്ട്‌ ഉപയോഗിച്ചാണ്‌ വായ്പയും സബ്‌സിഡിയും അനുവദിക്കുന്നത്‌.

മൂന്നു പദ്ധതികൾ സംബന്ധിച്ചും എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചുകൾ, ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസുകൾ, എംപ്ലോയ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്‌. ഡയറക്ടർ ഓഫീസിന്റെ വിലാസം: എംപ്ലോയ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, ഡി.പി.ഐ. ജങ്‌ഷൻ, തൈക്കാട്‌ പി.ഒ, തിരുവനന്തപുരം -14. ഫോൺ: 0471 -2323389. www.employmentkerala.gov.in

(പാലക്കാട്‌ ജില്ലാ വ്യവസായകേന്ദ്രം മാനേജരാണ്‌ ലേഖകൻ) 
ഇ-മെയിൽ: chandrants666@gmail.com