loan applicationകേരള സർക്കാർ ഖാദി-ഗ്രാമ വ്യവസായ ബോർഡ്‌ വഴി നടപ്പാക്കി വരുന്ന പ്രത്യേക തൊഴിൽദാന പദ്ധതിയാണ്‌ ‘എന്റെ ഗ്രാമം’. സ്വന്തമായി ഒരു തൊഴിൽസംരംഭം സ്വപ്നം കാണുന്നവർക്ക്‌ ആശ്വാസം നൽകുന്ന ഒന്നാണ്‌ ഇത്‌. അഞ്ചുലക്ഷം രൂപയായി ഉയർത്തിക്കൊണ്ട്‌ 2012-13 വർഷം മുതലാണ്‌ പദ്ധതി നടപ്പാക്കിവരുന്നത്‌. ഗ്രാമീണമേഖലയിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച്‌ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ഈ പദ്ധതി ലക്ഷ്യംവയ്ക്കുന്നു. കുടുംബ / കുടിൽ വ്യവസായങ്ങൾ എന്ന നിലയ്ക്ക്‌ ശോഭിക്കാൻകഴിയുന്ന ലഘു സംരംഭങ്ങളാണ്‌ ‘എന്റെ ഗ്രാമം’ പദ്ധതിയിൽ ആരംഭിക്കാൻ കഴിയുക.

പദ്ധതി ആനുകൂല്യങ്ങൾ
അഞ്ചുലക്ഷം രൂപവരെയുള്ള പ്രോജക്ടുകൾക്കാണ്‌ ആനുകൂല്യം ലഭിക്കുക. ബാങ്കുവഴിയാണ്‌ വായ്പ ലഭ്യമാക്കുക. ഈ വായ്പയ്ക്ക്‌ വിവിധ നിരക്കിൽ സർക്കാർ മാർജിൻമണി ഗ്രാൻഡ്‌ നൽകുന്നു എന്നതാണ്‌ ഈ പദ്ധതിയുടെ ആകർഷകത്വം. ജനറൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക്‌ മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം ഗ്രാൻഡ്‌ നൽകുന്നു. പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും പദ്ധതിച്ചെലവിന്റെ 30 ശതമാനം ഗ്രാൻഡ്‌ നൽകുമ്പോൾ, പട്ടികജാതി / വർഗ സംരംഭകർക്ക്‌ 40 ശതമാനം മാർജിൻ മണി ഗ്രാൻഡായി ലഭിക്കുന്നതാണ്‌. ക്രെഡിറ്റ്‌ ഗ്യാരന്റി ട്രസ്റ്റ്‌ ഫണ്ട്‌ പദ്ധതിപ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ ലഭിക്കുന്നതാണ്‌. 

യോഗ്യതകൾ
വിദ്യാഭ്യാസം, ഉയർന്ന വയസ്സ്‌, വരുമാനം എന്നിവ സംബന്ധിച്ച്‌ യാതൊരു നിബന്ധനയും ഇല്ല. അപേക്ഷകർ പഞ്ചായത്ത്‌ പ്രദേശത്ത്‌ താമസിക്കുന്നവരായിരിക്കണം.
 വ്യക്തികൾ, സഹകരണസംഘങ്ങൾ, ചാരിറ്റബിൾ അസോസിയേഷനുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയ്ക്ക്‌ അപേക്ഷിക്കാം.
 സ്ഥാപനത്തിനുവരുന്ന മൂലധനച്ചെലവിന്റെ ഓരോ ലക്ഷം രൂപയ്ക്കും ഒരു തൊഴിലവസരം നൽകിയിരിക്കണം. കെട്ടിടം, യന്ത്രസാമഗ്രികൾ എന്നിവയിലെ നിക്ഷേപത്തിനാണ്‌ ഈ മാനദണ്ഡം.
 ഭൂമി, വാഹനം എന്നിവ പദ്ധതിച്ചെലവിന്റെ ഭാഗമായി കണക്കാക്കില്ല.

താഴെ പറയുന്ന നെഗറ്റീവ്‌ ലിസ്റ്റിൽ ഉൾപ്പെടുന്ന സംരംഭങ്ങൾ ഒഴികെ എല്ലാത്തരം പദ്ധതികൾക്കും വായ്പ ലഭിക്കും.

1. മത്സ്യം, മാംസം, ലഹരി, പുകയില ഇവയിൽ അധിഷ്ഠിതമായ സംരംഭങ്ങൾ.
2. തേയില, കാപ്പി, റബ്ബർ മുതലായവയുടെ കൃഷി, പട്ടുനൂൽപ്പുഴു വളർത്തൽ, നേരിട്ടുള്ള പച്ചക്കറി കൃഷി, ആട്‌, കോഴി, പന്നി, പശു തുടങ്ങിയ ഫാമുകൾ, കൃത്രിമ കോഴിക്കുഞ്ഞ്‌ ഉത്‌പാദനം, യന്ത്രങ്ങളുടെയും കൊയ്ത്ത്‌ യന്ത്രങ്ങളുടെയും നിർമാണം.
3. നിയന്ത്രണമോ, നിരോധനമോ ഉള്ള പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങൾ, പരിസര മലിനീകരണം ഉണ്ടാക്കുന്ന സംരംഭങ്ങൾ.
4. വാഹനങ്ങൾ.
5. ഖാദി നൂൽപ്പ്‌, നെയ്ത്ത്‌ തുടങ്ങിയവ.

സംരംഭകന്റെ വിഹിതം
പൊതുവിഭാഗത്തിൽപ്പെട്ട അപേക്ഷകർ പദ്ധതിച്ചെലവിന്റെ 10 ശതമാനവും പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്നവർ അഞ്ചുശതമാനവും സ്വന്തംനിലയിൽ കണ്ടെത്തണം.

അപേക്ഷയിലെ നടപടികൾ
നിശ്ചിത ഫോറത്തിൽ വേണം അപേക്ഷിക്കാൻ. ഖാദി ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ ഇവ സൗജന്യമായി ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന്‌ മുമ്പ്‌ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന ബാങ്കുമായി സംസാരിച്ച്‌ വായ്പയുടെ ലഭ്യത ഉറപ്പുവരുത്തുന്നത്‌ നന്നായിരിക്കും.

അപേക്ഷകന്റെ  തിരിച്ചറിയൽ രേഖകൾ, സ്ഥിര ആസ്തികൾ സമ്പാദിക്കുന്നതിനുള്ള ക്വട്ടേഷനുകൾ, കെട്ടിടം സ്വന്തമാണെങ്കിൽ അതിന്റെ രേഖ, അല്ലെങ്കിൽ വാടകച്ചീട്ട്‌, പദ്ധതി രൂപരേഖ എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷകരെ ഖാദി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഇന്റർവ്യൂവിന്‌ ക്ഷണിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനും ഖാദി ബോർഡ്‌ ജില്ലാ പ്രോജക്ട്‌ ഓഫീസർ കൺവീനറുമായുള്ള ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റിയാണ്‌ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്‌.

 ഇങ്ങനെ തിരഞ്ഞെടുത്ത അപേക്ഷകൾ ബാങ്കുകളിലേക്ക്‌ അയയ്ക്കുന്നു. ബാങ്ക്‌ അപേക്ഷ വിതരണം ചെയ്തുകഴിഞ്ഞാൽ നിശ്ചിത നിരക്കിലുള്ള മാർജിൻമണി ഗ്രാൻഡ്‌, അപേക്ഷകന്റെ കണക്കിലേക്ക്‌ മാറ്റുന്നു. രണ്ടുവർഷം ഈ തുക സ്ഥിരനിക്ഷേപമായി ബാങ്കിൽ കരുതുന്നു. അതിനുശേഷം സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തി വായ്പാ കണക്കിലേക്ക്‌ വരവുവയ്ക്കും.

സംരംഭകന്റെ പേരിൽ നിക്ഷേപിക്കുന്ന എഫ്‌.ഡി.ക്ക്‌ കൃത്യമായ ബാങ്ക്‌പലിശ ലഭിക്കുകയും ചെയ്യും. എന്നാൽ സ്ഥാപനം രണ്ടുവർഷത്തിനുള്ളിൽ നിർത്തിപ്പോയാൽ അനുവദിച്ച മാർജിൻ മണി ഗ്രാൻഡ്‌ സർക്കാരിലേക്ക്‌ മടക്കി അടയ്ക്കേണ്ടതായി വരും.
 വിപണിയെ നന്നായി മനസ്സിലാക്കി സംരംഭ മേഖലയിലേക്ക്‌ കടന്നുവരാൻ കഴിയണം. ചെറിയ നിക്ഷേപത്തിലൂടെ ലഘുസംരംഭങ്ങൾ ആരംഭിക്കുകയും പിന്നീട്‌ ഘട്ടംഘട്ടമായി വികസിപ്പിക്കുകയും ചെയ്യുന്നതാണ്‌ അഭികാമ്യം. വിപണി വികസിക്കുന്നതനുസരിച്ച്‌ കൂടുതൽ നിക്ഷേപം കൊണ്ടുവരികയും ചെയ്യാം. 

 അഞ്ചുലക്ഷം രൂപവരെ ചെലവുവരുന്ന ലഘു സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക്‌ ഏറെ അനുഗ്രഹമാണ്‌ ‘എന്റെ ഗ്രാമം’. 2016-17 സാമ്പത്തിക വർഷത്തിൽ അഞ്ചുകോടി രൂപ സർക്കാർ മാർജിൻ മണി ഗ്രാൻഡ്‌ നൽകുന്നതിന്‌ മാറ്റിവച്ചിട്ടുണ്ട്‌. താത്‌പര്യമുള്ള സംരംഭകർക്ക്‌ ഖാദി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്‌: www.kkvib.org.

(പാലക്കാട്‌ ജില്ലാ വ്യവസായ കേന്ദ്രം മാനേജരാണ്‌  ലേഖകൻ) 
ഇ-മെയിൽ: chandrants666@gmail.com