ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് വദ്യാഭ്യാസ വായ്പയെടുത്ത് തിരച്ചടയ്ക്കാത്തത് പകുതിയോളം പേര്‍. 

പഠിച്ചിറങ്ങിയിട്ട് തൊഴില്‍ ലഭിക്കാത്തതാണ് തിരച്ചടയ്ക്കാത്തതിന് മുഖ്യകാരണമായി പറയുന്നത്. അതേസമയം, മികച്ച ശമ്പളമുള്ള തൊഴില്‍ ലഭിച്ചിട്ടും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരും ഏറെയുണ്ട്.

2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ കണക്കുപ്രകാരം 47 ശതമാനം പേരും വായ്പ തിരിച്ചടയ്ക്കാത്തവരാണ്. 

മാര്‍ച്ച് 2015ല്‍ 3,536 കോടിയായിരുന്ന കിട്ടാക്കടം 2017 മാര്‍ച്ച് ആയപ്പോള്‍ 5,192 കോടിയായി. 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് കിട്ടാക്കടം കാര്യായി വര്‍ധിച്ചതെന്നും ലോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയിലെ കിട്ടാക്കടം ഈ കാലയളവില്‍ ഇരട്ടിയോളമായി. അതേസമയം, ഈ കാലയളവില്‍ വായ്പതുക അനുവദിച്ചതില്‍ പത്ത് ശതമാനത്തില്‍താഴെ മാത്രമാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. 

അപേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടായതും വായ്പ അനുവദിക്കുന്നതിന്റെ നിബന്ധന ബാങ്കുകള്‍ കര്‍ശനമാക്കിയതുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

വിദ്യാഭ്യാസ വായ്പ വാങ്ങി എന്‍ജിനിയറിങ്, എംബിഎ പോലുള്ള കോഴ്‌സുകള്‍ പഠിച്ചവരില്‍ പലര്‍ക്കും മികച്ച ജോലികിട്ടാത്തതാണ് കിട്ടാക്കടം വര്‍ധിക്കാന്‍ പ്രധാനകാരണം. മികച്ച കോളേജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്കുപോലും ഭേദപ്പെട്ട ശമ്പളം കൊടുക്കാന്‍ പല വന്‍കിട കമ്പനികള്‍പ്പോലും മടിക്കുന്നതായി പറയുന്നു.

മികച്ച ശമ്പളം ലഭിക്കുന്നവരില്‍ പലരും ബോധപൂര്‍വം വായ്പ തിരിച്ചടക്കാതിരിക്കുന്നുമുണ്ട്. ഈടും മറ്റും നല്‍കാത്തതിനാല്‍ ഇത് അവസരമായി കാണുന്നവരുമുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു.