cibilതിരുവനന്തപുരം: വായ്പ അടച്ചുതീർത്തിട്ടും ‘സിബിലി’ന്റെ ക്രെഡിറ്റ് റിപ്പോർട്ടിൽ കുടിശ്ശികക്കാരനായി ചിത്രീകരിക്കപ്പെട്ട ഉപഭോക്താവിന് ബാങ്ക്  അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഉപഭോക്തൃഫോറം വിധിച്ചു. 

 25 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് തിരുവനന്തപുരം കവടിയാർ നിവാസിയായ എസ്.രഘുകുമാർ നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതി നൽകിയ ദിവസം മുതൽ 12 ശതമാനം പലിശയും നൽകണം. 

വായ്പാതിരിച്ചടവിൽ വീഴ്ചവരുത്തുന്നവരെക്കുറിച്ച് ബാങ്കുകൾക്ക് വിവരം നൽകുന്ന ഏജൻസിയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്‌(സിബിൽ). വായ്പയ്ക്ക് അർഹതയുണ്ടോയെന്ന് ബാങ്കുകൾ തീരുമാനിക്കുന്നത് ഈ  റിപ്പോർട്ടിനെ ആശ്രയിച്ചാണ്. 

2002ൽ രഘുകുമാർ വാഹനവായ്പ എടുത്തിരുന്നു. ഇത് 2008 ഏപ്രിലിൽ തിരിച്ചടച്ചു തീർത്തു. 2015 ഡിസംബറിൽ മറ്റൊരു വായ്പയ്ക്കായി മറ്റൊരു ബാങ്കിനെ സമീപിച്ചു. എന്നാൽ, സിബിൽ റിപ്പോർട്ട് പ്രകാരം വിജയകുമാർ 71,463 രൂപ ആദ്യവായ്പയിൽ കടക്കാരനാണെന്ന് ബാങ്ക് മാനേജർ അറിയിച്ചു. 

വായ്പ തിരിച്ചടച്ചിട്ടും ബാങ്കിന്റെ വീഴ്ചകൊണ്ടാണ്  ഏഴുവർഷത്തോളം സിബിലിന്റെ റിപ്പോർട്ടിൽ തന്നെ കുടിശ്ശികക്കരാനായി ഉൾപ്പെടുത്തിയതെന്ന് രഘുകുമാർ പരാതിപ്പെട്ടു. ഇതിന്  25 ലക്ഷം രൂപയാണ്  നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.  

പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ നടപടി തുടങ്ങിയതായി എതിർകക്ഷികളായ ബാങ്ക് അധികൃതർ  അറിയിച്ചെങ്കിലും ഫോറം ഇക്കാര്യം തള്ളി.