questionbiju alexanderമാനേജ്‌മെന്റ് ട്രെയിനിയായി 1993-ൽ ടൈറ്റാൻ കമ്പനിയിൽ ജോലിതുടങ്ങി. അവിടുന്നിങ്ങോട്ട് 23 വർഷങ്ങൾ പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് സൗത്ത് ഇന്ത്യൻ ബിസിനസ് മേധാവി സ്ഥാനത്തും. കമ്പനിക്കൊപ്പമുള്ള ഈ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു.

 ടൈറ്റാൻ കമ്പനി എന്നുപറയുന്നതിലും എനിക്കിഷ്ടം ടൈറ്റാൻ കുടുംബം എന്നുപറയുന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാലയളവിലൊന്നും ജോലിഭാരമോ സമ്മർദങ്ങളോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്ന് സൗത്ത് ഇന്ത്യൻ തലവൻ സ്ഥാനത്തിരിക്കുമ്പോഴും യാതൊരുവിധസമ്മർദങ്ങളും എനിക്ക് തോന്നുന്നില്ല. ജീവനക്കാരുടെ സഹകരണവും ആത്മാർപണവുമാണ് കമ്പനിയുടെ വളർച്ചയിൽ എന്നും മുതൽക്കൂട്ടായുള്ളത്. അത്തരമൊരു ടീമിനെ നയിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂ. വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾകൊണ്ട് കമ്പനിയും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. 


questionപുതുമയേറിയതും ആകർഷകവുമായ നിരവധി ഉത്പന്നങ്ങൾ ടൈറ്റാനിൽനിന്ന്‌ ലഭ്യമാണ്. അവയിൽ വാച്ച്, ആഭരണം, കണ്ണട ഈ മൂന്ന് ഉത്പന്നങ്ങളുടെ വിപണന മേഖലകളിലാണല്ലോ താങ്കൾ പ്രധാനമായും മേൽനോട്ടം വഹിക്കുന്നത്. എന്തൊക്കെ പുതുമകൾ ഈ ഉത്പന്നങ്ങളുടെ കാര്യത്തിൽ ഇനി പ്രതീക്ഷിക്കാം.

പഭോക്താക്കൾക്ക് എന്താണോവേണ്ടത് അത് നൽകാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കാറ്ുള്ളത്. സമയം നോക്കുകയെന്ന ധർമത്തിനൊപ്പം വാച്ചിനെ ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കി മാറ്റിയത് ടൈറ്റാനാണ്. ഇനിയും ടൈറ്റാനിൽനിന്ന്‌  പുതുമയേറിയതും സൗന്ദര്യമേറിയതുമായ പുത്തൻ മോഡലുകൾ പ്രതീക്ഷിക്കാം. ഫാസ്റ്റ് ട്രാക്ക്, രാഗ മോഡലുകൾക്ക് നല്ലപ്രതികരണമാണ് ലഭിച്ചത്. സ്വർണാഭരണത്തിൽ തനിഷ്‌ക്, ഗോൾഡ് പ്ലസ് എന്നിങ്ങനെ രണ്ട് ബ്രാൻഡ് നെയിമുകളിലാണ് ടൈറ്റാൻ ആഭരണങ്ങൾ ലഭിക്കുന്നത്. ഉപഭോക്താക്കൾ മുടക്കുന്ന വിലയ്ക്ക് അനുസൃതമായ മാറ്റിലും ഗുണമേന്മയിലും അവർക്ക് സ്വർണം തിരിച്ച് നൽകാനാണ് ഞങ്ങളുടെശ്രമം. സൗന്ദര്യംതുളുമ്പുന്ന ആഭരണങ്ങൾ, അതാണ് തനിഷ്‌കിന്റെ പ്രത്യേകത. കേരളത്തിൽ പ്രധാനമായും നാല് ഷോറൂമുകളാണ് തനിഷ്‌കിനുള്ളത്. കുടുതൽ ഷോറൂമുകൾ തീർച്ചയായും പ്രതീക്ഷിക്കാം.

യഥാർഥത്തിൽ കേരളത്തിലെ കണ്ണടവ്യാപാരത്തിന് പുത്തൻ മാനം നൽകിയത് ടൈറ്റാനാണ്. നമ്മുടെ ഉത്പന്നം വിപണിയിൽ വന്നതോടെ കൂടുതൽനിലവാരമുള്ള കണ്ണട ലെൻസുകളും ഫ്രെയിമുകളും വിപണിയിൽ എത്തിക്കാൻ മറ്റ് വിതരണക്കാരും നിർബന്ധിതരായിരിക്കുകയാണ്. ടൈറ്റാൻ പ്രധാനമായും ശ്രദ്ധകൊടുക്കുന്നത് ഡിസൈനിനാണ്. ഒരു വ്യക്തിയെ കൂടുതൽ ആകർഷകമാക്കിത്തീർക്കുന്ന തരത്തിലുള്ള ഡിസൈനുകളാണ് ഞങ്ങളുടെ പ്രത്യേകത. 

questionകേരളത്തിലെ ടൈറ്റാന്റെ വളർച്ച എങ്ങനെയാണ്. കൂടുതൽ ഷോറുമുകൾ പ്രതീക്ഷിക്കാമോ.

 കേരളത്തിലെ ഏതാണ്ട് എല്ലാ പ്രധാനനഗരങ്ങളിലും ടൈറ്റാൻ ഷോറുമുകളുണ്ട്. കൂടുതൽ ഷോറൂമുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ടൈറ്റാൻ വാച്ചിന് വൻസ്വീകാര്യതയാണ് കേരളത്തിലെ ഉപഭോക്താക്കളിൽ നിന്ന്‌ ലഭിക്കുന്നത്. ആഭരണമേഖലയും കണ്ണടവിപണിയും വിപുലീകരിക്കുകയാണ് ആദ്യലക്ഷ്യം. കൂടാതെ പരസ്യങ്ങൾ ഒന്നുമില്ലാതെ ടൈറ്റാൻ പുറത്തിറക്കിയ പെർഫ്യും ‘സ്കിൻ’ വിപണിയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കുകയാണ്.

മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കാത്തത് ചെയ്യണം. ടൈറ്റാൻ ഉത്പന്നങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭിക്കുന്നവിധത്തിൽ കോംബോ സ്റ്റോർ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് ഗുണഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകും. 


questionമാർക്കറ്റിൽ കമ്പനി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്.

 ഷോറൂമുകൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി. കൃത്യമായ ഒരു ഷോറൂം സൗകര്യം കിട്ടിയാൽ മാർക്കറ്റിങ്‌ ഒരു പ്രശ്നമല്ല. കൂടാതെ ജോലിക്കാരെ കിട്ടുക യെന്നതും പലപ്പോഴും പ്രശ്നമാണ്. ഒരു സ്ഥലത്തും ഉറച്ചു നിൽക്കുന്ന സ്വഭാവം നമ്മുടെ ചെറുപ്പക്കാർക്ക് ഇല്ലന്നുതന്നെ വേണം പറയാൻ. കഷ്ടിച്ച് ഒരുവർഷം നിന്നുകഴിയുമ്പോഴേയ്ക്കും അടുത്ത സ്ഥലംനോക്കി പോകുന്ന അവസ്ഥയാണ് ഇപ്പോൾ. ഈ അവസ്ഥയ്ക്ക് മാറ്റംവരണം. അപ്പോൾ യുവാക്കൾക്ക് കൂടുതൽ ജോലി സാധ്യതയുള്ളതും വെല്ലുവിളികൾ ഇല്ലാത്തതുമായൊരു വിപണനശൃംഖല കെട്ടിപ്പടുക്കാനും സാധിക്കും.