sasikumar sbt mdസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് ഇനി  ലയനത്തിന്റെ കാലമാണ്. എസ്.ബി.ടി. ഉൾെപ്പടെ അഞ്ച് അസോസിയേറ്റ് ബാങ്കുകൾ എസ്.ബി.ഐ. യിൽ ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിക്കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ മലയാളിയുടെ എസ്.ബി.ടി. ഓർമയിലേക്ക് മറയും. ലയനത്തെപ്പറ്റി, ഇതുയർത്തിയ ആശങ്കകളെപ്പറ്റി, മുന്നോട്ടുള്ള വഴികളെപ്പറ്റി എസ്.ബി.ടി. യുടെ പുതിയ  മാനേജിങ് ഡയറക്ടർ സി.ആർ. ശശികുമാർ സംസാരിക്കുന്നു: 

questionലയനം പ്രഖ്യാപിച്ചതു മുതൽ ജീവനക്കാരും ഇടപാടുകാരും ഓഹരി ഉടമകളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമൊക്കെ ആശങ്കാകുലരാണ്. ഈ ലയനം അനിവാര്യമാണെങ്കിൽ എന്തുകൊണ്ട്? 

ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളെടുത്താൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വലിയൊരു സ്ഥാപനമാണ്. എന്നാൽ, ലോകത്താകെ നോക്കുമ്പോൾ ഇതൊരു ചെറിയ സ്ഥാപനമാണ്. ആഗോള റാങ്കിങ്ങിൽ അറുപതിനോട് അടുത്താണ് സ്ഥാനം. ലയനം നടന്നാൽ ബാങ്കിന്റെ സ്ഥാനം മുന്നിലാവും. ബാലൻസ് ഷീറ്റ് വലുതായാൽ ആഗോളതലത്തിൽ ബാങ്കിന്റെ പരിവേഷം വർദ്ധിക്കും. ഇത് ബാങ്കിനും രാജ്യത്തിനും നല്ലതാണ്.

question‘ബേസിൽ-മൂന്ന്’ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമ്പോൾ ബാങ്കുകൾക്ക് വൻതോതിൽ മൂലധനം വേണ്ടിവരും. എസ്.ബി.ഐ.ക്ക്‌ പോലും ഇത് ബുദ്ധിമുട്ടാകുമ്പോൾ മറ്റ് ബാങ്കുകളുടെ കാര്യം എന്താവും? 

എസ്.ബി.ഐ. മുഖ്യ ഓഹരി ഉടമകളായ അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായാണ് ലയനം. അസോസിയേറ്റ് ബാങ്കുകൾ ഉള്ള സ്ഥലങ്ങളിൽത്തന്നെ എസ്.ബി.ഐ.യും ഇവയും തമ്മിൽ നിക്ഷേപത്തിന്റെയും വായ്പയുടെയും കാര്യത്തിൽ മത്സരമുണ്ട്. ഇത് ഒരു കുടുംബത്തിലുള്ളവർ തമ്മിൽ പരസ്പരം മത്സരിക്കുന്നതു പോലെയാണ്. ഇതിന്റെ ആവശ്യമില്ല. ലയനം മൂലം ആസ്തി കൂടും. വായ്പ നൽകാനുള്ള മിച്ചം കൂടും. സാങ്കേതിക സംവിധാനങ്ങൾ കൂടുതലായി ഉണ്ടാവും. 

 അടുത്തടുത്ത് പ്രവർത്തിക്കുന്ന ശാഖകൾ ഒരുമിപ്പിക്കുന്നതോടെ വാടക ഉൾെപ്പടെ പ്രവർത്തനച്ചെലവ് കാര്യമായി കുറയും. എന്നാലോ, ഇടപാടിൽ കുറവ്‌ വരില്ല. കാര്യക്ഷമത വർധിക്കുകയും ചെയ്യും. ഒരിക്കലും ജീവനക്കാരെ കുറയ്ക്കില്ല. മാത്രമല്ല, ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വർദ്ധിക്കുമെന്നതിനാൽ ആ ചെലവിൽ ചെറിയ വർധന ഉണ്ടാകും. അതേസമയം, മറ്റെല്ലാ ചെലവുകളും കുറയും. അടുത്തടുത്തുള്ള ശാഖകൾ ലയിപ്പിക്കുന്നതുകൊണ്ട് ആർക്കും ഒരു അസൗകര്യവും ഉണ്ടാകില്ല. 

questionഎസ്.ബി.ടി. ഇപ്പോൾ കേരളത്തിന്റെ സ്വന്തം ബാങ്കായി അറിയപ്പെടുന്ന സ്ഥാപനമാണ്. ഇത് എസ്.ബി.ഐ. യുമായി ലയിക്കുന്നതോടെ കേരളത്തിനോടുള്ള പ്രതിബദ്ധത എത്ര മാത്രം തുടരാനാകും? 

ഇത് ബാങ്കിങ് മേഖലയ്ക്ക് പുറത്തുള്ളവർക്ക് തോന്നാവുന്ന ഒരു ന്യായമായ സംശയമാണ്. എന്നാൽ, കണക്കുകൾ ഇതല്ല പറയുന്നത്. എസ്.ബി.ടി. യുടെ ബാലൻസ് ഷീറ്റ് പരിശോധിച്ചാൽ ഏതാണ്ട് 52 ശതമാനവും കോർപ്പറേറ്റ് വായ്പയാണ്. ഇതിൽ വലിയ പങ്ക് കേരളത്തിന് പുറത്തുള്ള വ്യവസായ സ്ഥാപനങ്ങൾക്കാണ് നൽകിയിട്ടുള്ളത്. അതേസമയം, കേരളത്തിലെ സർക്കാറിന്റെ എല്ലാവിധ സംരംഭങ്ങളിലും (ഉദാ: കെ.എസ്.ആർ.ടി.സി.) എസ്.ബി.ഐ.യും എസ്.ബി.ടി.യും ഒരുപോലെ പങ്കാളികളാണ്.  പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെല്ലാം എസ്.ബി.ഐ. അവിടങ്ങളിലെ പ്രാദേശികമായ പ്രവർത്തനങ്ങളിലെല്ലാം ഇഴുകിച്ചേരുന്നുണ്ട്. സർക്കാർ സംരംഭങ്ങളിലും വികസന പ്രവർത്തനങ്ങളിലും സാമ്പത്തിക ഉൾച്ചേർക്കലിലുമെല്ലാം പലേടത്തും അസോസിയേറ്റ് ബാങ്കുകളെക്കാൾ മുന്നിലാണ് എസ്.ബി.ഐ. അതുകൊണ്ട് ഈ വിമർശനം വസ്തുതാപരമല്ല. ഭയം മാത്രമാണ്. 

questionഅപ്പോൾ എസ്.ബി.ടി. ലയിച്ചില്ലാതായാലും കേരളത്തിന് ഇക്കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നാണോ? 

ഒരു സംശയവും വേണ്ട. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കാണ് എസ്.ബി.ടി. എന്നാൽ, എസ്.ബി.ടി.ക്ക് തിരുവനന്തപുരത്ത് ആസ്ഥാനമുള്ളതുപോലെ എസ്.ബി.ഐ.ക്കും ഒരു മേഖലാ ആസ്ഥാനമുണ്ട്. വായ്പയുടെയും മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നല്ലപോലെ അധികാരമുള്ളതാണ് ഈ മേഖലാ ആസ്ഥാനവും.  ലയിച്ചു കഴിഞ്ഞാൽ ഒരു മേഖലാ ആസ്ഥാനമേ കാണൂ. കേരളത്തെ സംബന്ധിച്ച സാമ്പത്തിക കാര്യങ്ങളിലും ശാഖകൾ ഏകോപിപ്പിക്കുന്നതിലും മറ്റും ഇപ്പോഴുള്ളതുപോലെ തിരുവനന്തപുരത്ത് തന്നെ തീരുമാനമുണ്ടാകും. 

questionലയിച്ചുകഴിഞ്ഞാൽ കേരള സർക്കാറിന്റെ സംരംഭങ്ങളുമായി എസ്.ബി.ഐ.യെ ബന്ധിപ്പിക്കാൻ പ്രത്യേക കർമപദ്ധതി ഉണ്ടാവുമോ, അതോ നിലവിലുള്ളതുപോലെ തുടരുമോ? 

നിലവിൽ എസ്.ബി.ടി.യും എസ്.ബി.ഐ.യും ചെയ്യുന്നത് തുടരും. 
കേരളത്തിലെ ലീഡ് ബാങ്ക് എസ്.ബി.ടി.യോ എസ്.ബി.ഐ.യോ അല്ല, കനറാ ബാങ്കാണ്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തയ്യാറാക്കുന്ന പദ്ധതികൾക്ക് എസ്.ബി.ടി.ക്കും എസ്.ബി.ഐ.ക്കും വിഹിതമുണ്ട്. ഇത് തുടരും. ലയിക്കുമ്പോൾ എസ്.ബി.ഐ.യുടെ വിഹിതം കൂടും. അല്ലാതെ കുറവൊന്നും വരില്ല. 

questionഇരു ബാങ്കുകളുടെയും ഒരേ സ്ഥലത്തെ ശാഖകൾ ഒരുമിപ്പിക്കുമ്പോൾ ഫലത്തിൽ ശാഖകളുടെ എണ്ണം കുറയാൻ ഇടയില്ലേ? 

ഇതേപ്പറ്റി വിശദമായ പഠനം നടത്തിയിട്ടില്ല. ലയനത്തിന് സർക്കാറിന്റെ അനുമതി കിട്ടിയിട്ടേയുള്ളൂ. ഇതു സംബന്ധിച്ച് എല്ലാ വശങ്ങളും വിശകലനം ചെയ്യും. എസ്.ബി.ടി.ക്ക് 1200-ഓളം ശാഖകളുണ്ട്. കേരളത്തിൽ ഏതാണ്ട് 800-ഉം. എസ്.ബി.ഐ.ക്ക് കേരളത്തിൽ 500-ഓളം ശാഖകളുണ്ട്. ഒരേ തെരുവിൽ അടുത്തടുത്തുള്ള ശാഖകൾ ലയിപ്പിച്ചേ പറ്റൂ. അടുത്തടുത്തുള്ള ശാഖകളും ലയിപ്പിക്കേണ്ടി വന്നേക്കും. കേരളത്തിന് പുറത്തുള്ളവ അതത് സർക്കിളുകളിൽ ലയിപ്പിക്കും. ഉദാഹരണത്തിന്, ചെന്നൈയിലുള്ള ശാഖകൾ ചെന്നൈ സർക്കിളിലും മുംബൈയിലുള്ളവ മുംബൈ സർക്കിളിലും ലയിപ്പിക്കും. 

questionലയനത്തോടെ എസ്.ബി.ടി. എന്ന ബ്രാൻഡിനോട് മലയാളിക്കുള്ള വൈകാരിക ബന്ധം വിച്ഛേദിക്കപ്പെടുമല്ലോ? ഇതേപ്പറ്റി താങ്കൾക്ക് എന്തു തോന്നുന്നു? 

ശരിയാണ്. വൈകാരിക ബന്ധമുണ്ട്. എന്നാൽ, ഇടപാടുകാരനെന്ന നിലയിൽ വിശാലമായും യുക്തിപരമായും ചിന്തിച്ചാൽ ലയനത്തിന്റെ നേട്ടം മനസ്സിലാവും. പിന്നെ, എസ്.ബി.ടി.യും പല ബാങ്കുകൾ ലയിച്ചുണ്ടായതാണ്. അന്ന് ആ ബാങ്കുകളുമായി ബന്ധപ്പെട്ടവർക്കും വൈകാരികമായ ബന്ധങ്ങൾ ഉണ്ടായിരുന്നിരിക്കുമല്ലോ. ആത്യന്തികമായി നോക്കിയാൽ എസ്.ബി.ടി. ഒരു ചെറിയ ബാങ്കാണ്. അത്യന്താധുനിക സാങ്കേതിക വിദ്യകളെ ആശ്രയിക്കാതെ ബാങ്കിന് വളരാനാവില്ല. വെറും ശമ്പള സർട്ടിഫിക്കറ്റ് നോക്കി വായ്പ നൽകുകയെന്ന രീതിയൊക്കെ അപ്രസക്തമായി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ ഉൾെപ്പടെ പരിഗണിച്ച്, ഉപഭോക്താവിന്റെ സ്വഭാവം വിശകലനം ചെയ്ത്, ആ വ്യക്തി വായ്പയ്ക്ക് അർഹനാണോ എന്ന് വിലയിരുത്തുന്ന സാങ്കേതിക വിദ്യക്ക് വളരെ പണച്ചെലവുണ്ട്. ഇത് എസ്.ബി.ഐ. തുടങ്ങിയിട്ടുണ്ട്. ലയിക്കുമ്പോൾ ഇതിന്റെ ലാഭം നമുക്കും കിട്ടും. ഇത്തരം മാറ്റങ്ങൾക്ക് വലിയൊരു സ്ഥാപനത്തിന്റെ ഭാഗമായാലേ പറ്റൂ.

questionലയനം എന്നേക്ക്‌ പൂർത്തിയാവും? എന്താണ് ഇതിനുള്ള കർമപദ്ധതി? 

ഇതേക്കുറിച്ച് ഇനിയും തീർത്തു പറയാറായിട്ടില്ല.  ഓഹരി ഉടമകളും സർക്കാറും ജീവനക്കാരും  ഒക്കെയായിട്ട് ചർച്ചകൾ നടത്തേണ്ടതുണ്ട്. മുന്നോട്ടുള്ള നടപടികൾ ഇതിന്റെ അടിസ്ഥാനത്തിലാവും. ഇത് എത്രയും പെെട്ടന്ന് തുടങ്ങി പൂർത്തിയാക്കാനാണ് തീരുമാനം. 

questionഇപ്പോൾ രൂപാന്തരത്തിന്റെ കാലത്താണ് എസ്.ബി.ടി. ഇക്കാലത്ത് പ്രവർത്തനം എങ്ങനെയാവും? 

ലയനം സമാന്തര പാതയിൽ നടക്കും. അത് ബാങ്കിന്റെ ദൈനംദിന പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ല. ബാങ്കിന് വ്യക്തമായ പ്രവർത്തന ലക്ഷ്യമുണ്ട്. ചില ജീവനക്കാർക്ക് ആശങ്കകളുണ്ടാവും. എന്നാൽ, ഈ ആശങ്കയൊക്കെ മാറ്റിവെച്ച് ലക്ഷ്യത്തിനായി പ്രവർത്തിക്കും. എസ്.ബി.ടി.യുടെ എല്ലാ ജീവനക്കാരും എക്കാലത്തും ഇതിന് പ്രതിജ്ഞാബദ്ധത കാട്ടിയിട്ടുണ്ട്. ഇതനുസരിച്ചു തന്നെ മാനേജ്‌മെന്റും ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കും. എസ്.ബി.ഐ.യും  എസ്.ബി.ടി.യും ഒരേ ടെക്‌നോളജി പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ, ലയനത്തിനുള്ള നടപടികളൊക്കെ സമാന്തരമായി നടത്തുന്നതിൽ ബുദ്ധിമുട്ടില്ല. ലയിക്കുകയാണെന്നു വെച്ച് ബിസിനസിന്റെ ലക്ഷ്യത്തിൽ മാറ്റമില്ല. ലയനം ബാങ്കിന്റെ ഇടപാടുകളെ ബാധിക്കില്ല. 

questionഎന്താണ് ഇക്കാലത്തെ ബാങ്കിന്റെ പ്രവർത്തന നയം? 

ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പകൾ എന്നിങ്ങനെ റീട്ടെയിൽ ബാങ്കിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറും. ടൂറിസം, ചെറുകിട വ്യവസായം, കച്ചവടം, കൃഷി എന്നിങ്ങനെ കേരളത്തിന്റെ പ്രത്യേക മേഖലകളിൽ കൂടുതൽ വായ്പകൾ നൽകും. ഈ രംഗത്ത് ഇപ്പോൾത്തന്നെ എസ്.ബി.ടി. വളരെ മുന്നിലാണ്. അതേസമയം, കോർപ്പറേറ്റ്  മേഖലയിൽ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിലാവും മുൻഗണന. 

questionഎണ്ണ വിലയിടിവ് പ്രവാസി നിക്ഷേപത്തെ ബാധിച്ചിട്ടുണ്ടോ? 

 എസ്.ബി.ടി.ക്ക് പ്രവാസി നിക്ഷേപത്തിൽ ഇതുവരെ കുറവുണ്ടായിട്ടില്ല. ഇതു സംബന്ധിച്ചുള്ള ആശങ്കകൾ മാധ്യമങ്ങളിൽ കാണുന്നുണ്ട്. എന്നാൽ, ഇത് യാഥാർത്ഥ്യമാകുന്നതിന്റെ സൂചനകൾ ഇതുവരെ കിട്ടിയിട്ടില്ല. 2015-16-ൽ 43,596 കോടി കിട്ടി. ഇത് മുൻ വർഷത്തെക്കാൾ 10 ശതമാനം കൂടുതലാണ്. ഇനി പുറംരാജ്യങ്ങളിലെ അനിശ്ചിതത്വം കാരണം ഇവിടെ കൂടുതലായി നിക്ഷേപിക്കുന്നതാണോ എന്നറിയില്ല.

questionലയനം കാരണം മലയാളികളുടെ പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തിൽ സ്റ്റേറ്റ് ബാങ്കിന്  ചോർച്ചയുണ്ടാകുമോ? 

ഒരിക്കലുമില്ല. കാരണം എസ്.ബി.ഐ.ക്ക് ഗൾഫിൽ വളരെ വലിയ ബാങ്കിങ് ശൃംഖലയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസി നിക്ഷേപമുള്ള ബാങ്ക് എസ്.ബി.ഐ. ആണ്. കേരളത്തിലെ പ്രവാസി നിക്ഷേപത്തിലും എസ്.ബി.ഐ.ക്ക് നല്ല  വിഹിതമുണ്ട്. 

questionലയനം കഴിഞ്ഞാൽ? 

എസ്.ബി.ടി. എന്ന പേര് ലയനത്തിന്‌ ശേഷം ഉണ്ടാവില്ല. എല്ലാ ഇടപാടുകാരും എസ്.ബി.ഐ. ഇടപാടുകാരാവും. എല്ലാ ജീവനക്കാരും എസ്.ബി.ഐ. ജീവനക്കാരാവും. കേരളത്തിന്റെ വികസനത്തിൽ തുടർന്നും ഉണ്ടാവും; ലയിച്ചാൽ എസ്.ബി.ഐ. എന്ന നിലയിൽ. അല്ലെങ്കിൽ, എസ്.ബി.ടി.യും എസ്.ബി.ഐ.യും എന്ന നിലയിൽ.

ഇ-മെയിൽ:
snjayaprakash@gmail.com