നിസാബ ഗോദ്‌റെജ്. അടുപ്പമുള്ളവർ നിസ എന്നു വിളിക്കും. വയസ്സ് 38. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിൽ പ്രമുഖരായ ഗോദ്‌റെജിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ‘ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡി’ന്റെ എക്സിക്യൂട്ടീവ് ഡയക്ടർ. ഒപ്പം, ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സ്ട്രാറ്റജി, മാനവശേഷി വിഭാഗങ്ങളുടെയും മേൽനോട്ടം നിർവഹിക്കുന്നു.

119 വർഷത്തെ പാരമ്പര്യമുള്ള ഗോദ്‌റെജിന് നവീന മുഖം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഗോദ്‌റെജ് ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റെജിന്റെ മകളാണ്. 

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയ്ക്ക് കീഴിലുള്ള വാർട്ടൺ സ്കൂളിൽ നിന്ന് ശാസ്ത്ര ബിരുദം നേടിയ ശേഷം 2000 മുതൽ ബിസിനസിൽ സജീവം. ഇതിനിടെ, 2004-06 കാലയവളവിൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ. പൂർത്തിയാക്കി. 

ഗോദ്‌റെജിന്റെ പുതിയ ആസ്ഥാനമന്ദിരമായ മുംബൈയിലെ ‘ഗോദ്‌റെജ് വണ്ണി’ൽ ഇരുന്ന്  ‘മാതൃഭൂമി ധനകാര്യ’ ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കമ്പനിയുടെ വളർച്ചാ ലക്ഷ്യങ്ങളെക്കുറിച്ച് നിസ സംസാരിച്ചു. 

QUESTION 1ഉത്പന്ന നിര വിപുലീകരിക്കാൻ പദ്ധതിയുണ്ടോ?

കൊതുക്‌ നിവാരണി ഉൾപ്പെടെയുള്ള ഇൻസെക്ടിസൈഡ്, സോപ്പ്, ഹെയർ കളർ എന്നീ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സിനുള്ളത്. വളരെ ശക്തമായ ഇന്നൊവേഷൻ ഡിവിഷൻ കമ്പനിക്കുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ കണ്ടെത്തി അവ വികസിപ്പിക്കുന്നതിനാണ് എപ്പോഴും ശ്രമിക്കുന്നത്.

കഴിഞ്ഞ പത്ത്‌ മാസത്തിനിടെ അഞ്ച് പുതിയ ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്. ബാത്ത്‌റൂം ഫ്രഷ്‌നറായ എയർ പോക്കറ്റ്, സിന്തോൾ ഡിയോ സ്റ്റിക്ക്, നീം ഹെൽത്ത് സോപ്പ്, ഗോദ്‌റെജ് ഹെയർ കളർ, ഗുഡ്നൈറ്റ് ശ്രേണിയിലെ പുതിയ ഉത്പന്നങ്ങൾ എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 

QUESTION 1ഗുഡ്നൈറ്റിന് ഇനിയും വളർച്ചാസാധ്യതയുണ്ടോ?

1,900 കോടി രൂപ വാർഷിക വിറ്റുവരവുള്ള ബ്രാൻഡാണ് ഇന്ന് ഗുഡ്‌നൈറ്റ്. ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സിന്റെ ഏറ്റവും വലിയ ബ്രാൻഡായി അത് മാറി. വീടിനുള്ളിലെ കൊതുക്‌ നിവാരണ രംഗത്താണ് ഗുഡ്‌നൈറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിൽ വിപണി മേധാവിത്വമുണ്ട്. പക്ഷേ, നമ്മുടെ കുട്ടികളും കുടുംബവുമെല്ലാം ഒരു ദിവസത്തിന്റെ പകുതിയിലേറെ സമയം വീടിന് പുറത്താണ് ചെലവഴിക്കുന്നത്. പക്ഷേ, വീടിന് പുറത്ത് കൊതുകിൽ നിന്ന് സംരക്ഷണം നൽകുന്ന ഉത്പന്നങ്ങൾ വളരെ കുറവാണ്.

ഈ വിപണിയിലേക്കാണ് ഞങ്ങൾ ഇപ്പോൾ സാന്നിധ്യം വ്യാപിപ്പിക്കുന്നത്. വസ്ത്രങ്ങളിൽ തേയ്ക്കാവുന്ന പ്രകൃതിദത്ത ഫാബ്രിക് റോൾ ഓൺ, ഗുഡ്നൈറ്റ് ശ്രേണിയിൽ അവതരിപ്പിച്ചു. വസ്ത്രത്തിന്റെ നാല്‌ മൂലകളിൽ തേച്ചാൽ എട്ട് മണിക്കൂർ കൊതുകിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് ഈ ഉത്പന്നം. കുട്ടികളെയാണ് ഇത് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്.

വീടിന് പുറത്തുള്ള വിപണി ലക്ഷ്യമിട്ട് ഗുഡ്‌നൈറ്റ് കൂൾ ജെൽ, ഗുഡ്‌നൈറ്റ് പാച്ചസ് എന്നിവയും വിപണിയിലിറക്കി. ഇതോടെ, വീടിന് പുറത്തുള്ള വിപണിയും വളരും. ഇന്ത്യയിൽ കൊതുക്‌ നിവാരണ വിപണിയുടെ മൂന്ന് ശതമാനം മാത്രമാണ് ഇപ്പോഴത്. അമേരിക്കയിലും മറ്റും ഇത് 40 ശതമാനമാണ്.  

QUESTION 1ഗുഡ്നൈറ്റിന് ഒരു മലയാളി ബന്ധമുണ്ടല്ലോ? ഗുഡ്നൈറ്റ് സ്ഥാപകൻ മോഹനുമായി എങ്ങനെ?

ഗുഡ് നൈറ്റിന്റെ സ്ഥാപകനായ മോഹനുമായി നല്ല ബന്ധമാണ് ഉള്ളത്. 

QUESTION 1പക്ഷേ, ഗുഡ്നൈറ്റിന്റെ സ്ഥാപകരിൽ രണ്ടാമനായ എ. മഹേന്ദ്രനുമായി പ്രശ്നങ്ങളുണ്ടല്ലോ?

ഗുഡ്നൈറ്റിനെ ഗോദ്‌റെജ് ഏറ്റെടുത്തതോടെ മഹേന്ദ്രൻ, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സിന്റെ മാനേജിങ് ഡയറക്ടറായി. ഇപ്പോൾ ഗോദ്‌റെജ് വിട്ട് അദ്ദേഹം സ്വന്തം കമ്പനി തുടങ്ങി. ഗോദ്‌റെജിന്റെ ഗുഡ്നൈറ്റ്, ഹിറ്റ് എന്നീ ബ്രാൻഡുകൾക്ക് സമാനമായ ഉത്പന്നങ്ങൾ പുറത്തിറക്കുകയും ചെയ്തിരിക്കുകയാണ്? അത്‌ കോടതിയിലുള്ള വിഷയമാണ്. അതിനാൽ, അതെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല. 

QUESTION 1കേരളത്തെക്കുറിച്ച്?

ഏതാനും തവണ ഞാൻ കേരളത്തിൽ വന്നിട്ടുണ്ട്. കേരളം ഗോദ്‌റെജിന്റെ പ്രധാന വിപണികളിലൊന്നാണ്. ഞങ്ങളുടെ മിക്കവാറും എല്ലാ ബ്രാൻഡുകൾക്കും പരമ്പരാഗതമായി തന്നെ കേരളത്തിൽ നല്ല സാന്നിധ്യമാണ് ഉള്ളത്. 

QUESTION 1ഗോദ്‌റെജ് ഗ്രൂപ്പിന്റെ വളർച്ചാലക്ഷ്യങ്ങൾ?
പത്ത്‌ വർഷം കൊണ്ട് പത്ത് മടങ്ങ് വളർച്ച എന്ന ലക്ഷ്യവുമായി ‘10x10’ എന്ന പദ്ധതിക്ക്‌ 2011-ൽ രൂപം നല്കി. അന്ന് 15,000 കോടി രൂപയായിരുന്നു വിറ്റുവരവ്. 2021-ഓടെ 1.50 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് വിറ്റുവരവാണ് ലക്ഷ്യം.

അതിനായി പ്രതിവർഷം ശരാശരി 26 ശതമാനം നിരക്കിൽ വളരണം. കഴിഞ്ഞ ഏതാനും പാദങ്ങളിലെ പ്രകടനം മാറ്റിനിർത്തിയാൽ മികച്ച വളർച്ച ഉറപ്പാക്കാൻ കഴിയുന്നുണ്ട്. സമ്പദ്ഘടനയിലെ മെല്ലെപ്പോക്ക് മൂലം കഴിഞ്ഞ ഏതാനും പാദങ്ങളിൽ വളർച്ച കുറഞ്ഞിരുന്നു. സ്വന്തം നിലയിൽ 17-18 ശതമാനവും ഏറ്റെടുക്കലുകളിലൂടെ 6-7 ശതമാനവും വളർന്നാൽ ലക്ഷ്യം എളുപ്പത്തിൽ നേടാനാകും. 

QUESTION 1ഏറ്റെടുക്കലുകൾക്ക് പദ്ധതിയുണ്ടോ?

അനുയോജ്യമായ കമ്പനികളെ ഏറ്റെടുക്കാൻ എപ്പോഴും ഞങ്ങൾ സജ്ജമാണ്. ഇതിനോടകം ഒട്ടേറെ ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഒരു അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു. ഇന്ത്യയ്ക്കകത്തും പുറത്തും ഇനിയും അത്തരം സാധ്യതകൾ തേടും.

പക്ഷേ,, അതെക്കുറിച്ച് മുൻകൂർ പറയാനാവില്ല. ഉപഭോക്തൃ ഉത്പന്നങ്ങൾക്ക് ഇന്ത്യ, ഇൻഡൊനീഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ വലിയ വളർച്ചാ സാധ്യതയാണ് ഉള്ളത്. അതിനാൽ, ഈ പ്രദേശങ്ങളിൽ സാന്നിധ്യമുള്ള കമ്പനികൾ വന്നാൽ ഏറ്റെടുക്കലിനെക്കുറിച്ച് ആലോചിക്കും. 

QUESTION 1റിയൽ എസ്‌റ്റേറ്റ് ഉൾപ്പെടെ പല മേഖലകളിലും ഗോദ്‌റെജിന് സാന്നിധ്യമുണ്ട്. പക്ഷേ, ഐ.ടി. സേവനരംഗം എന്താണ് വേണ്ടെന്നു വച്ചത്?

ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സിലൂടെ ഉപഭോക്തൃ ഉത്പന്ന രംഗത്തുണ്ട്. ഗോദ്‌റെജ് അഗ്രോവെറ്റിലൂടെ കാർഷിക-ക്ഷീരോത്‌പന്ന വിപണിയിലും സജീവമാണ്. പിന്നെ, ഗോദ്‌റെജ് പ്രോപ്പർട്ടീസിലൂടെ പാർപ്പിട-റിയൽ എസ്റ്റേറ്റ് രംഗത്തും സാന്നിധ്യമായി.

പിന്നെയും ഒട്ടേറെ കമ്പനികൾ ഗ്രൂപ്പിന് കീഴിലുണ്ട്. അവ പലതും നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ പ്രവർത്തന മണ്ഡലങ്ങളിൽ ഞങ്ങൾ സംതൃപ്തരാണ്. ഐ.ടി. രംഗത്തേക്ക് ഇറങ്ങാൻ കഴിയാത്തതിൽ ഒട്ടും ഖേദമില്ല. വഴിയേ പോകുന്ന എല്ലാ ബസ്സിലും കയറാൻ പറ്റില്ലല്ലോ (ചിരിക്കുന്നു).

QUESTION 1രാജ്യത്തെ മുൻനിര വ്യവസായ ഗ്രൂപ്പുകളൊക്കെ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചുവടു വയ്ക്കുകയാണല്ലോ? ഗോദ്‌റെജിന് സ്വന്തമായി ഇ-കൊമേഴ്‌സ് സൈറ്റ് തുടങ്ങാൻ പദ്ധതിയുണ്ടോ?

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലൂടെ ഗോദ്‌റെജിന്റെ പല ഉത്പന്നങ്ങളും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, സ്വന്തം നിലയിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. 

QUESTION 1സ്റ്റാർട്ട്അപ്പ് സംരംഭകരോട് എന്താണ് പറയാനുള്ളത്?

 സംരംഭകത്വം വളരെ ആനന്ദപ്രദമാണ്. ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് മുന്നോട്ടു പോകണം. നമ്മൾ വളരെ ചിട്ടയുള്ളവരുമാകണം. അത് അത്ര എളുപ്പമല്ല. 

ഇ-മെയിൽ: roshan36@gmail.com