Insurenceൻഷുറൻസിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യക്കാർക്കിടയിൽ അവബോധം വർധിച്ചുവരികയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. ശ്രീനിവാസൻ ‘മാതൃഭൂമി ധനകാര്യ’ ത്തോട് പറഞ്ഞു. ഇന്ത്യൻ ഇൻഷുറൻസ് രംഗം 4-5 വർഷത്തിനുള്ളിൽ ആഗോള നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

QUESTIONഇൻഷുറൻസിന്റെ വ്യാപ്തി ഇന്ത്യയിൽ ഇപ്പോഴും കുറവാണല്ലോ?
‘നഷ്ടങ്ങളെ നേരിടാനുള്ള ഉപാധി’ എന്ന നിലയിൽ ഇൻഷുറൻസിന്റെ പ്രസക്തി ഏറിവരികയാണ്. ജനറൽ ഇൻഷുറൻസ് പോളിസികളുടെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചെല്ലാമുള്ള അവബോധം കൂടുന്നുണ്ട്. ഈ നില തുടരാനായാൽ അടുത്ത 4-5 വർഷത്തിനുള്ളിൽ ആഗോള നിലവാരത്തിലേക്ക് ഇന്ത്യൻ ഇൻഷുറൻസ് രംഗം ഉയരും. 

QUESTIONജനറൽ ഇൻഷുറൻസ് രംഗത്ത് ന്യൂ ഇന്ത്യയുടെ വിപണി വിഹിതം?
കഴിഞ്ഞ വർഷം 18,371 കോടി രൂപയുടെ പ്രീമിയം വരുമാനമാണ് ന്യൂ ഇന്ത്യ കൈവരിച്ചത്. ഇന്ത്യൻ ഇൻഷുറൻസ് വിപണിയിൽ 16.7 ശതമാനം വിഹിതമാണ് ഞങ്ങൾക്ക് ഉള്ളത്. ജനറൽ ഇൻഷുറൻസിൽ ‘മാർക്കറ്റ് ലീഡർ’ ആണ് ഞങ്ങൾ. അടുത്ത 10 വർഷങ്ങൾകൊണ്ട് അഞ്ച് മടങ്ങ് വളരുകയാണ് ലക്ഷ്യം. അതോടെ, മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപയിലെത്തും. പ്രതിവർഷം ശരാശരി 16-17 ശതമാനം നിരക്കിൽ വളർന്നാൽ തന്നെ ഈ ലക്ഷ്യം കൈവരിക്കാനാകും. 

QUESTIONസ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള മത്സരം?
ഒന്നര പതിറ്റാണ്ട് മുമ്പ് ഇൻഷുറൻസ് രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തതോടെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ വിപണി വിഹിതം കുറയുന്നുണ്ടായിരുന്നു. എന്നാൽ, 2014-15 മുതൽ ന്യൂ ഇന്ത്യ വിപണി വിഹിതത്തിൽ വളർച്ച തിരിച്ചുപിടിക്കുകയാണ്. ജനറൽ ഇൻഷുറൻസ് മേഖലയിൽ 2020 ഓടെ 20 ശതമാനം വിപണി വിഹിതമാണ് ന്യൂ ഇന്ത്യ ലക്ഷ്യമിടുന്നത്. 2020 ഓടെ ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് വിപണി രണ്ട് ലക്ഷം കോടി രൂപയുടേതായി വളരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 40,000 കോടി രൂപയുടെ പ്രീമിയം വരുമാനം ന്യൂ ഇന്ത്യയ്ക്ക് നേടാനാകും. 

QUESTIONഏതു മേഖലയാണ് ഏറ്റവുമധികം പ്രീമിയം വരുമാനം നേടിത്തരുന്നത്?
വാഹന ഇൻഷുറൻസാണ് ന്യൂ ഇന്ത്യയുടെ ശക്തി. മൊത്തം പ്രീമിയം വരുമാനത്തിൽ 40 ശതമാനം ഈ മേഖലയിൽ നിന്നാണ്. 30 ശതമാനവുമായി ഹെൽത്ത് ഇൻഷുറൻസാണ് തൊട്ടടുത്ത സ്ഥാനത്ത്. 

QUESTIONമറ്റു പോളിസികൾ ഏതൊക്കെയാണ്?
വ്യക്തിഗത ഇൻഷുറൻസ് പോളിസികൾക്ക് പുറമെ വ്യാപാര-വ്യവസായ മേഖലകൾക്ക് ആവശ്യമായ ഒട്ടേറെ പോളിസികളുണ്ട്. പ്രധാനമന്ത്രി സുരക്ഷ ബീമ യോജന തുടങ്ങി ഒട്ടേറെ സാമൂഹ്യ ഇൻഷുറൻസ് പദ്ധതികളിലും ന്യൂ ഇന്ത്യയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. വിള ഇൻഷുറൻസ്, എൻജിനീയറിങ് ഇൻഷുറൻസ്, ഫയർ ഇൻഷുറൻസ്, മറൈൻ ഇൻഷുറൻസ് എന്നിവയിലും വളർച്ചാ സാധ്യതയുണ്ട്. ന്യൂക്ലിയർ പവർ മേഖലയ്ക്കായുള്ള ഇൻഷുറൻസാണ് പുതിയ പോളിസി. 

QUESTIONന്യൂ ഇന്ത്യയുടെ കേരളത്തിലെ സാന്നിധ്യം?
മൊത്തം ബിസിനസ്സിന്റെ ഏതാണ്ട് അഞ്ച് ശതമാനമാണ് കേരളത്തിന്റെ സംഭാവന. പ്രീമിയം വരുമാനത്തിൽ 23 ശതമാനം വളർച്ചയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 733 കോടി രൂപയായിരുന്നു പ്രീമിയം വരുമാനം. ഈ സാമ്പത്തിക വർഷം അത് 1,000 കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം. ജോൺ ഫിലിപ്പാണ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 137 ഓഫീസുകളാണ് ന്യൂ ഇന്ത്യയ്ക്ക് കേരളത്തിലുള്ളത്. ഇതിന് പുറമെ ഒമ്പതു ക്ലെയിം സർവീസ് ഹബ്ബുകളുമുണ്ട്.

ഈ സാമ്പത്തിക വർഷം 10 പുതിയ ശാഖകൾ കൂടി തുറക്കും. മൈക്രോ ഓഫീസുകളിൽ ചിലത് ശാഖകളാക്കി മാറ്റാനും പദ്ധതിയുണ്ട്. ഏജന്റുമാരുടെ സാന്നിധ്യവും ശക്തമാണ്. ന്യൂ ഇന്ത്യയുടെ ഏജന്റ്‌സ് പോർട്ടൽ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.

6,000 ഏജന്റുമാരിൽ ഏതാണ്ട് 2,500 പേരും ഓൺലൈൻ അധിഷ്ഠിതമായ ഏജന്റ്‌സ് പോർട്ടൽ ഉപയോഗിച്ചാണ് പോളിസി ഇഷ്യു ചെയ്യുന്നത്. ഓഫീസ് സമയത്തിന് ശേഷവും, അവധി ദിനങ്ങളിൽ പോലും പോളിസി നൽകാമെന്നതാണ് ഈ പോർട്ടലിന്റെ പ്രത്യേകത. സംസ്ഥാന ഐ.ടി. മിഷനുമായി സഹകരിച്ച് അക്ഷയ കേന്ദ്രങ്ങളിലൂടെ പോളിസികൾ വിതരണം ചെയ്യുന്നുണ്ട്. 

QUESTIONഓൺലൈൻ വഴിയുള്ള വിൽപനയിൽ വർധനയുണ്ടോ?
ഓൺലൈൻ ഇൻഷുറൻസ് സംരംഭങ്ങൾ വഴി ഏതാണ്ട് 1,000 കോടി രൂപയുടെ പ്രീമിയം വരുമാനമാണ് കമ്പനി കൈവരിച്ചത്. വരും വർഷങ്ങളിൽ കാര്യമായ വർധനയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. 

പ്രഥമ പബ്ലിക് ഇഷ്യു (ഐ.പി.ഒ.)വിലൂടെ ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയുണ്ടല്ലോ?
ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായിരിക്കും ഒരുപക്ഷെ ന്യൂ ഇന്ത്യ. ഐ.പി.ഒ.യ്ക്ക് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി ആയിക്കഴിഞ്ഞു. മന്ത്രിസഭയുടെ അനുമതി കൂടി കിട്ടിയാൽ ഐ.പി.ഒ. നടപടികൾ ആരംഭിക്കും. ഈ സാമ്പത്തിക വർഷം തന്നെ ഓഹരി വിൽപന നടത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. 

QUESTIONഎത്ര രൂപയായിരിക്കും ഐ.പി.ഒ.യിലൂടെ സമാഹരിക്കുക?
അതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. അതിന് മുമ്പ് കമ്പനിയുടെ മൂല്യനിർണയം നടത്തേണ്ടതുണ്ട്. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ, മൂല്യനിർണയത്തിനായി മർച്ചന്റ് ബാങ്കർമാരെ നിയോഗിക്കും. 

ഇ-മെയിൽ: roshan36@gmail.com