കേരളത്തിൽ നിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് അരങ്ങൊരുങ്ങുകയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡാണ് ഐ.പി.ഒ.യിലൂടെ 1,468 കോടി രൂപ സ്വരൂപിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന പബ്ലിക് ഇഷ്യൂ മൂന്നിന് അവസാനിക്കും. പതിറ്റാണ്ടുകൾക്കു ശേഷമാണ് കേരളം ആസ്ഥാനമായ ഒരു പൊതുമേഖലാ സ്ഥാപനം ഐ.പി.ഒ.യുമായി എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 

ഓഹരി വില്പനയുടെ പശ്ചാത്തലത്തിൽ കപ്പൽശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ ‘മാതൃഭൂമി ധനകാര്യ’വുമായി സംസാരിക്കുന്നു. 

മധു എസ്. നായർ
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി 2016 ജനുവരി ഒന്നിനാണ് മധു എസ്. നായർ ചുമതലയേറ്റത്. 49 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. ഇ. ശ്രീധരനു ശേഷം കൊച്ചി കപ്പൽശാലയുടെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. 

കപ്പൽശാലയിൽ തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ച് അതിന്റെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തി എന്ന വിശേഷണത്തിനും ഉടമ. 1988 ജൂണിൽ മാനേജ്‌മെന്റ് ട്രെയിനിയായാണ് മധു കപ്പൽശാലയിൽ ജോലിയിൽ പ്രവേശിക്കുന്നത്. 

കൊച്ചി സർവകലാശാല (കുസാറ്റ്) യിൽ നിന്ന് നേവൽ ആർക്കിടെക്ചറിൽ ബി.ടെക്കും ജപ്പാനിലെ ഒസാക്ക യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

ഗുരുവായൂർ മാടക്കാവിൽ കുടുംബാംഗമാണ്. ഭാര്യ: രമീത (കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന എൻ.പി.ഒ.എല്ലിൽ ശാസ്ത്രജ്ഞ). മക്കൾ: പാർവതി (ഐ.ഐ.ടി. മദ്രാസിൽ ബി.ടെക്-എം.ടെക് വിദ്യാർഥിനി), കൃഷ്ണൻ (തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിൽ വിദ്യാർഥി). 

സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഐ.പി.ഒ. എന്ന് ആക്ഷേപമുണ്ടല്ലോ?
3,100 കോടി രൂപയുടെ വികസന പദ്ധതികളാണ് കൊച്ചി കപ്പൽശാല അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്‌ വേണമെങ്കിൽ വായ്പയെ ആശ്രയിക്കാം. പക്ഷേ, അത് വലിയ ബാധ്യതയുണ്ടാക്കുമെന്നാണ് കൊച്ചി കപ്പൽശാലയുടെ പൂർവകാല ചരിത്രം തെളിയിക്കുന്നത്. അതിനാൽ, ഏറ്റവും നല്ല മാർഗം പൊതുജനങ്ങളിൽ നിന്നുള്ള മൂലധന സമാഹരണമാണ്. 1,468 കോടി രൂപയുടെ ഓഹരി വില്പനയാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ മൂന്നിലൊന്നു മാത്രമാണ് സർക്കാരിന് ലഭിക്കുക. ശേഷിച്ച തുക കമ്പനിയിലേക്കു തന്നെയാണ് വരുന്നത്. അതായത്, ഏതാണ്ട് 1,000 കോടി രൂപ ഷിപ്പ്‌യാർഡിന്റെ വികസനാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. ഐ.പി.ഒ.യ്ക്കു ശേഷവും കേന്ദ്ര സർക്കാരിന് കമ്പനിയിൽ 75 ശതമാനം പങ്കാളിത്തമുണ്ടാവും. അതിനാൽ, സർക്കാരിന്റെ നിയന്ത്രണം ഏതായാലും നഷ്ടപ്പെടുന്നില്ല. 

ഷിപ്പ്‌യാർഡിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
കപ്പലുകളുടെ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയാണ് ഷിപ്പ്‌യാർഡ് മുഖ്യമായും ചെയ്യുന്നത്. ഇതിൽത്തന്നെ പ്രതിരോധ മേഖലയിൽ നിന്നുള്ള ഓർഡറുകളാണ് നിലവിൽ പ്രധാനമായുള്ളത്. 

നിലവിലുള്ള ഓർഡറുകൾ ഏതൊക്കെയാണ്?
ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി നിർമിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്താണ് നിലവിലുള്ള ഓർഡറുകളിൽ സുപ്രധാനമായിട്ടുള്ളത്. ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് ഇത്. ഇത്തരത്തിലുള്ള കപ്പൽ രൂപകല്പന ചെയ്ത്, നിർമിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി എന്ന പ്രത്യേകതയുണ്ട്. മൂന്നു ഘട്ടമായാണ് ഐ.എൻ.എസ്. വിക്രാന്ത് നിർമിക്കുന്നത്. മുൻ നിശ്ചയിച്ച പ്രകാരം ഇതിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. 

 ഇതുകൂടാതെ, അഞ്ച് കപ്പലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രതിരോധ ഗവേഷണ വികസന കേന്ദ്ര (ഡി.ആർ.ഡി.ഒ.) ത്തിനു വേണ്ടി നിർമിക്കുന്ന ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ കപ്പലാണ് ഇതിലൊരെണ്ണം. ആൻഡമാൻ നിക്കോബാർ അഡ്മിനിസ്‌ട്രേഷനു വേണ്ടി നാലു യാത്രാക്കപ്പലുകൾ നിർമിക്കുന്നുണ്ട്. ഇതിൽ രണ്ടെണ്ണം 500 പേർക്ക് വീതം യാത്ര ചെയ്യാവുന്നതും രണ്ടെണ്ണം 1,200 പേർക്ക് വീതം യാത്ര ചെയ്യാവുന്നതുമാണ്. അടുത്ത 3-4 വർഷങ്ങൾക്കുള്ളിൽ ഇവയെല്ലാം പൂർത്തിയാക്കി കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഷിപ്പ് റിെപ്പയർ ഡിവിഷന്റെ പ്രവർത്തനങ്ങൾ?
 ഷിപ്പ് റിെപ്പയർ വിഭാഗത്തിൽ രണ്ടായിരത്തോളം ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. വർഷം ശരാശരി എൺപതിലധികം കപ്പലുകളുടെ അറ്റകുറ്റപ്പണിയാണ് നിർവഹിക്കുന്നത്. നേവി, പോർട്ട്, ഒ.എൻ.ജി.സി., ഡ്രഡ്ജിങ് കോർപ്പറേഷൻ, ലക്ഷദ്വീപ്, ആൻഡമാൻ അഡ്മിനിസ്‌ട്രേഷനുകൾ എന്നിവയുടെ കപ്പലുകൾ റിെപ്പയർ ചെയ്തു കൊടുക്കുന്നുണ്ട്. 

ഷിപ്പ്‌യാർഡിന്റെ മൊത്തം വരുമാനത്തിൽ റിെപ്പയർ ഡിവിഷന്റെ വിഹിതം എത്രത്തോളമാണ്?
 നിലവിൽ മൊത്തം വരുമാനത്തിന്റെ 26 ശതമാനം അറ്റകുറ്റപ്പണികളിൽ നിന്നാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അറ്റകുറ്റപ്പണികളിൽ നിന്നുള്ള വരുമാനം വൻതോതിൽ ഉയരുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഷിപ്പ് റിെപ്പയറിങ്ങിൽ നിന്നുള്ള വരുമാനം ഏതാണ്ട് 550 കോടി രൂപയിലെത്തിയിട്ടുണ്ട്.

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണല്ലോ ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്?
 അതേ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. 310 മീറ്റർ നീളവും 75 മീറ്റർ വീതിയുമുള്ള അത്യാധുനിക ഡ്രൈ ഡോക്ക് ആണ് വികസന പദ്ധതികളിൽ പ്രധാനം. വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ള കൂറ്റൻ കപ്പലുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും നിർവഹിക്കാൻ കഴിയുന്ന നിർമാണ ശാലയായിരിക്കും ഇത്.

ഏതാണ്ട് 1,800 കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. 970 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന ഇന്റർനാഷണൽ ഷിപ്പ് റിെപ്പയർ ഫെസിലിറ്റി (ഐ.എസ്.ആർ.എഫ്.) ആണ് രണ്ടാമത്തെ പദ്ധതി. വെല്ലിങ്ടൺ ഐലൻഡിൽ കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്ന് പാട്ടത്തിനെടുത്ത 42 ഏക്കറിലാണ് ഇത് വികസിപ്പിക്കുന്നത്. ഇവ രണ്ടിനും പുറമെ, അടുത്ത അഞ്ചു വർഷത്തേക്ക് നിലവിലുള്ള സൗകര്യങ്ങൾക്ക് 300 കോടി രൂപയുടെ പ്രവർത്തന മൂലധനവും ആവശ്യമായി വരും. ഇതിനു പുറമെ ബംഗാളിലെ ഹൂഗ്ലി ഡോക്ക് ആൻഡ് പോർട്ട് എൻജിനീയേഴ്‌സ് (എച്ച്.ഡി.പി.ഇ.എൽ.) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കപ്പൽശാലകളുടെ പ്രവർത്തനവും ഏറ്റെടുക്കുന്നുണ്ട്. ഉൾനാടൻ ജലഗതാഗത കപ്പലുകളുടെ നിർമാണം ലക്ഷ്യമിട്ടാണ് ഇത്. 

തീയിൽ കുരുത്ത വസന്തം
നഷ്ടങ്ങളുടെ കണക്കുകൾ ഏറെയുണ്ടായിരുന്നു കൊച്ചി കപ്പൽശാലയുടെ ചരിത്രത്തിൽ. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് നീങ്ങി ഒരവസരത്തിൽ പൊതുമേഖലാ പുനരുദ്ധാരണ ബോർഡിനു മുമ്പിലെത്തി; 90-കളുടെ തുടക്കത്തിൽ. ഒടുവിൽ, ബി.ഐ.എഫ്.ആറിന്റെ സഹായത്തോടെ 93-ൽ പുനരുദ്ധാരണം പൂർത്തിയാക്കി. 

2002-ൽ അബുദാബിയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനി (എൻ.പി.സി.സി.) യിൽ നിന്ന് ആദ്യ അന്താരാഷ്ട്ര ഓർഡർ ലഭിച്ചു. ഇതോടെയാണ് കുതിപ്പിന്റെ പുതിയ തീരങ്ങളിലേക്ക് കൊച്ചി കപ്പൽശാല നീന്താൻ തുടങ്ങിയത്. പറഞ്ഞ സമയത്ത് തന്നെ നിർമാണം പൂർത്തിയാക്കി നൽകിയതോടെ കൂടുതൽ ഓർഡറുകൾ വരാൻ തുടങ്ങി. പിന്നീട് സൗദി, ഡെൻമാർക്ക്, നോർവേ എന്നിവിടങ്ങളിൽ നിന്നൊക്കെ കരാറുകൾ ലഭിച്ചു. 

2008-ൽ അമേരിക്കയിൽ ലേമാൻ ബ്രദേഴ്‌സിന്റെ പതനത്തോടെയുണ്ടായ സാമ്പത്തിക മാന്ദ്യം, പിന്നീട് എണ്ണവിലയിലുണ്ടായ ഇടിവു മൂലം ഗൾഫ് മേഖലയിലുണ്ടായ മാന്ദ്യം, ഏറ്റവുമൊടുവിൽ ചൈനയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയൊക്കെ ആഗോള കപ്പൽവ്യവസായ മേഖലയുടെയും മാന്ദ്യത്തിനു വഴിവച്ചിട്ടുണ്ട്. എന്നാൽ, ഈ കാലയളവിലും വരുമാനത്തിലും ലാഭത്തിലും സ്ഥായിയായ വളർച്ച കാത്തുസൂക്ഷിക്കാൻ കൊച്ചി കപ്പൽശാലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വരുമാനം 2,000 കോടി രൂപ കടന്ന് റെക്കോഡിട്ടു. അറ്റാദായമാകട്ടെ, 322 കോടി രൂപയിലെത്തി നിൽക്കുകയാണ്. 

ഇ-മെയിൽ: roshan@mpp.co.in