Joy Alukkasതൃശ്ശൂർ നഗരത്തിൽ സ്വർണക്കടയും കുടക്കമ്പനിയും പായ്ക്കിങ് ഉത്പന്ന ബിസിനസുമൊക്കെ നടത്തിവന്ന വർഗീസ് ആലുക്കയ്ക്ക് മക്കൾ പതിനഞ്ചു പേരായിരുന്നു. പതിനൊന്നാമനെ അദ്ദേഹം ‘ജോയ്’ എന്ന് വിളിച്ചു. എന്നും പിതാവിന്റെ വലംകൈയായിരുന്നു ആ കുഞ്ഞുജോയ്. കുഞ്ഞുന്നാളിൽ തന്നെ അച്ചടക്കത്തിൽ ജോയ് മുന്നിലായിരുന്നു. തൃശ്ശൂർ സെന്റ് തോമസ് സ്കൂളിലായിരുന്നു പഠനം. സ്കൂൾ വിട്ടുവന്നാൽ പിതാവിന്റെ കടകളിൽ സഹായിയായി കൂടും. ആറാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ പിതാവിന്റെ കുടക്കമ്പനിയിൽ നടത്തിപ്പുകാരനായി. 

പഠനത്തിൽ ശ്രദ്ധ ചെലുത്താനായി ഒമ്പതാം ക്ലാസിൽ ഒരു ബോർഡിങ് സ്കൂളിൽ ചേർന്നെങ്കിലും കച്ചവടത്തിൽ ഹരം കണ്ടെത്തിയ ജോയ്ക്ക് ഒരു വർഷത്തിലധികം അവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പത്താം ക്ലാസിൽ വീണ്ടും സെന്റ് തോമസിൽ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ പൂർണമായി ബിസിനസിലേക്കിറങ്ങി. ചുരുങ്ങിയ സമയംകൊണ്ടുതന്നെ കച്ചവടത്തിലെ പാഠങ്ങൾ സ്വായത്തമാക്കി. പിതാവിന്റെ സ്വർണക്കടയിലായിരുന്നു ജോയ് കൂടുതൽ സമയം ചെലവഴിച്ചത്. 

ജോയ് ആലുക്കാസ് 

 ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ജൂവലറി ശൃംഖലയായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും. തൃശ്ശൂർ ആലുക്ക വീട്ടിൽ വർഗീസിന്റെയും ഏലിയയുടെയും മകനായി 1956-ൽ ജനനം. 

എൻ.ഡി.ടി.വി., സൂപ്പർബ്രാൻഡ്‌സ്, ടൈംസ് ഗ്രൂപ്പ്, റീട്ടെയിൽ മിഡിൽ ഈസ്റ്റ്, അറേബ്യൻ ബിസിനസ് മാഗസിൻ, ജെം ആൻഡ് ജൂവലറി ട്രേഡ് കൗൺസിൽ, ഹുറൂൺ എന്നിവയുടേതുൾപ്പെടെ ഒട്ടേറെ ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുണ്ട്. 
 2016-ലെ ഫോബ്‌സ് സമ്പന്നപ്പട്ടികയനുസരിച്ച് ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ 74-ാം സ്ഥാനമാണ് ജോയ് ആലുക്കാസിന്. 

ഭാര്യ: ജോളി (ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ മേൽനോട്ടം നിർവഹിക്കുന്നു). മക്കൾ: ജോൺ പോൾ (എക്സിക്യൂട്ടീവ് ഡയറക്ടർ, ജോയ് ആലുക്കാസ്, ദുബായ്), മേരി (ഡയറക്ടർ, ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച്, ദുബായ്), എൽസ (ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർഥിനി, സ്വിറ്റ്‌സർലൻഡ്). 
മരുമക്കൾ: സോണിയ (ഡയറക്ടർ, ജോയ് ആലുക്കാസ്, ദുബായ്), ആന്റണി (എക്സിക്യൂട്ടീവ് ഡയറക്ടർ, ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച്, ദുബായ്). 

മലയാളി ഗൾഫിലേക്ക് കുടിയേറാൻ തുടങ്ങിയ സമയമായിരുന്നു അത്. ആലുക്കാസ് ജൂവലറിയിൽ വിവാഹപ്പാർട്ടിക്കാരായി എത്തുന്നവരിൽ ഗൾഫുകാരൻ ചെക്കന്മാരുമുണ്ടായിരുന്നു. അവരുടെ പത്രാസ്സൊക്കെ കണ്ടപ്പോൾ ജോയ്ക്കും ‘പേർഷ്യ’ കാണാൻ ഒരു മോഹം. അങ്ങനെയാണ് 1986-ൽ ദുബായിലേക്ക് വിമാനം കയറുന്നത്. സ്ഥലം കാണാൻ പോയ ജോയ്, സ്വർണക്കടകൾ കയറിയിറങ്ങി അവിടത്തെ കച്ചവടത്തിന്റെ സ്വഭാവം മനസ്സിലാക്കി. അവിടെ സ്വർണക്കടകൾ നടത്തിയിരുന്നവർ മിക്കവരും ഗുജറാത്തികളാണ്; സെയിൽസിൽ നിൽക്കുന്നവർ മലയാളികളും. മാത്രമല്ല, ഉപഭോക്താക്കളിൽ ഏറിയപങ്കും മലയാളികൾ തന്നെ.

 ഗൾഫിൽ നിന്ന് സ്വർണം കൊണ്ടുവരുന്നത് ഹരമായിരുന്ന കാലമായിരുന്നു അത്. സ്വർണക്കച്ചവടത്തിനു വലിയ സാധ്യതയുള്ള മണ്ണാണ് അവിടമെന്ന് മനസ്സിലാക്കാൻ ആ ചെറുപ്പക്കാരന് അധികംസമയം വേണ്ടിവന്നില്ല. നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം പിതാവിനോട് യു.എ.ഇ.യിൽ ഷോറൂം തുറക്കുന്നതിനെക്കുറിച്ചു ചർച്ച നടത്തി. പക്ഷേ,, ഇറാൻ-ഇറാഖ് യുദ്ധം നടക്കുന്ന അക്കാലത്ത് ഗൾഫിൽ പോകുന്നത് സുരക്ഷിതമല്ലെന്നായിരുന്നു കുടുംബത്തിന്റെ പക്ഷം. എങ്കിലും സാധ്യതകളെക്കുറിച്ച് വിശദമാക്കിയതോടെ പിതാവ് സമ്മതംമൂളി. 
 
ഒടുവിൽ, 87-ൽ അബുദാബിയിൽ ചെറിയൊരു ഷോറൂം തുറന്നുകൊണ്ട് ‘ജോയ് ആലുക്കാസ്’ തന്റെ പ്രയാണം തുടങ്ങി. ദുബായിലാണ് കൂടുതൽ അവസരമെന്നു കണ്ടതോടെ ഷോറൂം അങ്ങോട്ടേക്ക് മാറ്റി. പിന്നീട് ഷാർജയിൽക്കൂടി സ്വർണക്കട തുറന്ന് സാന്നിധ്യം ശക്തമാക്കി. 

പരിശുദ്ധമായ സ്വർണം ലഭ്യമാക്കുന്നതോടൊപ്പം വമ്പൻ സമ്മാനപദ്ധതികൾ ഉൾപ്പെടെ, ആരും ചെയ്യാത്ത രീതിയിലുള്ള പ്രചാരണ പരിപാടികൾ തുടക്കത്തിൽത്തന്നെ അടിത്തറയുണ്ടാക്കാൻ അദ്ദേഹത്തിന് സഹായകമായി. സ്വന്തം നിലയിലായിരുന്നു ജോയ് ആലുക്കാസ് യു.എ.ഇ.യിൽ ജൂവലറി ശൃംഖല വ്യാപിപ്പിച്ചതെങ്കിലും അപ്പോഴും കുടുംബ ബിസിനസിനൊപ്പമായിരുന്നു അത്. 

പിതാവിന്റെ മരണശേഷം സഹോദരങ്ങൾ ബിസിനസ് വീതംവച്ച് സ്വതന്ത്രരായി. ഇന്ത്യക്ക്‌ പുറത്തുള്ള, താൻ തന്നെ കെട്ടിപ്പടുത്ത ഷോറൂമുകളായിരുന്നു ജോയ് ആലുക്കാസിന്. 2000-ത്തിൽ ഗൾഫിലെ വിവിധ ഇടങ്ങളിലായി പതിനൊന്ന് ഷോറൂമുകൾ തുറന്നുകൊണ്ട് അദ്ദേഹം ശൃംഖല വിപുലീകരിച്ചു. തൊട്ടടുത്ത വർഷവും നിരവധി ഷോറൂമുകൾ തുറന്നു. 2002 ചിങ്ങം ഒന്നിന് കോട്ടയത്ത് ഷോറൂം തുറന്നുകൊണ്ട് ജോയ് ആലുക്കാസ് കേരളത്തിലെ ജൂവലറി വിപണിയിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു. 
 
‘ആലുക്കാസ് ഇന്റർനാഷണൽ’ എന്ന ബ്രാൻഡിലായിരുന്നു തുടക്കം. മറ്റു ജൂവലറികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ബ്രാൻഡ് പ്രതിച്ഛായ സൃഷ്ടിക്കാനായിരുന്നു അത്. ദുബായിലേക്ക് മടങ്ങിയ ജോയ് കൂടുതൽ ശക്തമായൊരു ബ്രാൻഡ് സൃഷ്ടിക്കാനുള്ള ആലോചനകൾ തുടർന്നു. അങ്ങനെയാണ്, സ്വന്തം പേരുതന്നെ ജൂവലറി ഷോറൂമുകൾക്കും നൽകിയാലോ എന്ന ആലോചന ഉയരുന്നത്. ഉടൻ തന്നെ, ഗൾഫിലെയും കേരളത്തിലെയും തന്റെ ഷോറൂമുകൾ ‘ജോയ് ആലുക്കാസ്’ എന്ന ബ്രാൻഡിനു കീഴിലാക്കി. ‘ജോയ് ആലുക്കാസ്’ ബ്രാൻഡിന്റെ പിറവി അങ്ങനെയാണ്. 

തുടക്കം മുതൽ പ്രൊഫഷണലിസം കൊണ്ടുവരാനും കൂടുതൽ ഷോറൂമുകളുടെ ശൃംഖല തീർക്കാനും ജോയ് ആലുക്കാസ് പ്രത്യേകം ശ്രദ്ധിച്ചു. അതിനാൽത്തന്നെ, മറ്റുള്ളവരുടെ ജൂവലറി ശൃംഖലകളെക്കാൾ ബഹുദൂരം മുന്നേറാൻ ജോയ് ആലുക്കാസിന് കഴിഞ്ഞു. ഉപഭോക്താക്കൾക്ക് ബിൽ നൽകിയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാനും തുടക്കം മുതൽ ജോയ് ആലുക്കാസ് ശ്രദ്ധ ചെലുത്തി. 

‘ഒരു ലക്ഷ്യം മുന്നിൽവച്ച് അതിനായി പരിശ്രമിച്ചാൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും’ എന്ന് വിശ്വസിക്കുന്നയാളാണ് ജോയ് ആലുക്കാസ്. 2010 ആയതോടെ പത്തു രാജ്യങ്ങളിലായി 100 ഷോറൂമുകൾ എന്ന ലക്ഷ്യമിട്ടത് 2002 ൽ ആയിരുന്നു. ലക്ഷ്യം നിറവേറ്റാനായുള്ള ഓട്ടമായിരുന്നു പിന്നീട്. വലിയ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെയെത്താൻ കഴിയുമായിരുന്നില്ലെന്ന് തൃശ്ശൂർ ശോഭ സിറ്റിയിലെ ‘ജോയ് ആലുക്കാസ് മാൻഷൻ’ എന്ന കൊട്ടാരസമാനമായ വീട്ടിലിരുന്ന് ജോയ് ആലുക്കാസ് ഓർക്കുന്നു.

ക്വാളിറ്റി, ഡിസൈൻ, മികച്ച വാല്യു ഓഫറുകൾ, സൗകര്യങ്ങൾ, കസ്റ്റമർ സർവീസ്, പുതിയ ട്രെൻഡുകൾ എന്നിവ ഒരുക്കുന്നതിൽ ജോയ് ആലുക്കാസ് എന്നും മുന്നേ നടന്നു. ഐ.എസ്.ഒ. 9001, ഐ.എസ്.ഒ. 14001 സർട്ടിഫിക്കേഷനുകൾ നേടുന്ന ആദ്യ റീട്ടെയിൽ ജൂവലറി ശൃംഖലയായി. ചെന്നൈയിൽ ലോകത്തിലെ ഏറ്റവും വലിയ ജൂവലറി ഷോറൂം തുറന്നുകൊണ്ട് ‘ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സി’ൽ ഇടം പിടിച്ചു. 

വളർച്ചയുടെ പ്രയാണത്തിൽ തിരിച്ചടികളെയും സധൈര്യം നേരിട്ടുണ്ട് അദ്ദേഹം. ജൂവലറിക്ക് അനുയോജ്യമല്ലാത്ത സ്ഥലത്ത് ഷോറൂം തുറന്ന് നഷ്ടമുണ്ടാക്കിയതു മുതൽ ഷോറൂമുകളിലെ മോഷണവും തീപിടിത്തവുമൊക്കെ അത്തരത്തിലെ പ്രതിസന്ധികളായിരുന്നു. പക്ഷേ, അവയെയെല്ലാം നേരിട്ട് പ്രയാണം തുടരാനായതാണ് ജോയ് ആലുക്കാസ് എന്ന സംരംഭകന്റെ വിജയത്തിനു കാരണം. 

ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി 130 ഷോറൂമുകളിലെത്തി നിൽക്കുകയാണ് ജോയ് ആലുക്കാസിന്റെ ശൃംഖല. കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഈവർഷം തന്നെ ഷോറൂമുകൾ ആരംഭിക്കും. 2020 കഴിയുന്നതോടെ ഷോറൂമുകളുടെ എണ്ണം ഇരുന്നൂറിലേക്ക് ഉയർത്താനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അതോടെ, 20 രാജ്യങ്ങളിൽ ജോയ് ആലുക്കാസിന് സാന്നിധ്യമാകും. 

ജൂവലറി ബിസിനസിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ജോയ് ആലുക്കാസ് സാമ്രാജ്യം. വസ്ത്രം, സ്വർണം, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കാനായി ‘മാൾ ഓഫ് ജോയ്’ എന്ന പേരിൽ അത്യാധുനിക ഷോപ്പിങ് മാളുകളും ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ, കോട്ടയം എന്നീ നഗരങ്ങളിലാരംഭിച്ച മാളുകൾ ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

‘ജോളി സിൽക്സി’ലൂടെ വസ്ത്രവിപണിയിലും ജോയ് ആലുക്കാസ് മണി എക്സ്‌ചേഞ്ചിലൂടെ വിദേശനാണ്യ വിനിമയത്തിലും ‘ജോയ് ആലുക്കാസ് ലൈഫ്‌സ്റ്റൈൽ ഡെവലപ്പേഴ്‌സി’ലൂടെ റിയൽ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്വന്തം ബിസിനസ് ആവശ്യങ്ങൾക്കും എയർ ടാക്സി സേവനങ്ങൾക്കുമായി ‘ജോയ്‌ ജെറ്റ്‌സ്’ എന്ന പേരിൽ പ്രൈവറ്റ് ജെറ്റ് സർവീസും ഗ്രൂപ്പിനു കീഴിലുണ്ട്. 

ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിലായി ഏതാണ്ട് 8,000 ജീവനക്കാരുണ്ട്. ഇത്രയും പേർക്ക് ഉപജീവനമൊരുക്കാൻ കഴിയുന്നതാണ് തന്റെ ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകുന്ന കാര്യമെന്ന് ജോയ് ആലുക്കാസ് പറയുന്നു. സമ്പത്ത് സൃഷ്ടിക്കുമ്പോൾ അതിൽ നല്ലൊരു പങ്ക് ജീവകാരുണ്യത്തിനായി ചെലവഴിക്കാൻ ജോയ് ആലുക്കാസ് പ്രത്യേകം ശ്രദ്ധിക്കുന്നു. ‘ജോയ് ആലുക്കാസ് ഫൗണ്ടേഷ’നു കീഴിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ.

ചികിത്സാ സഹായങ്ങൾ നൽകുന്നതിലാണ് മുൻഗണന നൽകുന്നത്. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളോടു ചേർന്ന് സ്ഥലം ലഭ്യമാക്കിയാൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓൾഡ് ഏജ് ഹോം പണിതുനൽകാനും പദ്ധതിയുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ ഓൾഡ് ഏജ് ഹോമിന്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യം. ഏതാനും ആശുപത്രികളുമായി ഇതുസംബന്ധിച്ച ചർച്ച ആരംഭിച്ചിട്ടുണ്ട്. 

ഇത്രയും കാലത്തിന്റെ സംരംഭകജീവിതത്തിൽ ജോയ് ആലുക്കാസ് പഠിച്ച പാഠങ്ങൾ അനവധിയാണ്. ‘‘നമുക്ക് ചുറ്റുമുള്ള നല്ല അംശങ്ങളിൽ ജീവിതത്തിൽ പകർത്താനാവുന്നത് എടുക്കുന്നതിൽ മടികാണിക്കേണ്ടതില്ല’’ എന്ന് അദ്ദേഹം പറയുന്നു. “ഏതൊരാളിൽ നിന്നും പുതിയ കാര്യങ്ങൾ കേൾക്കാനുള്ള എളിമ ഇല്ലാത്തതാണ് പലരുടെയും വീഴ്ചയ്ക്കു കാരണം”. 

“വേഗത്തിൽ തീരുമാനമെടുക്കുന്നതും കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതും ബിസിനസിന്റെ വിജയത്തിന് അത്യാവശ്യമാണ്. ആലോചിച്ചുനിന്നാൽ അവസരങ്ങൾ നഷ്ടമാകും”.

സംരംഭക വഴിയിലേക്ക് വരുന്നവർ രണ്ട്-മൂന്ന് വർഷമെങ്കിലും ഏതെങ്കിലും കമ്പനികളിൽ ജോലി ചെയ്ത അനുഭവസമ്പത്ത് സൃഷ്ടിച്ചശേഷം മാത്രമേ ബിസിനസിൽ ഇറങ്ങാൻ പാടുള്ളൂവെന്നാണ് ജോയ് ആലുക്കാസിന്റെ ഉപദേശം. 

ഇ-മെയിൽ: roshan@mpp.co.in