ലോകത്തിലെ ഏറ്റവും ലാഭകരമായി നടക്കുന്ന കമ്പനി. അവരുടെ ഉത്പന്നം വാങ്ങാനാകട്ടെ രാത്രിവരെ നീളുന്ന ക്യൂ. ഈ വിതരണ ശൃംഖലയുടെ ചുമതല വഹിക്കുവാൻ ഒരാളെ വേണം.

കമ്പനി തുടങ്ങി പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ അങ്ങനെയാണ് ആദ്യമായി ആപ്പിൾ അവരുടെ റീട്ടെയിൽ ഷോപ്പുകളുടെ രൂപ കല്പനയിൽ മാറ്റം വരുത്തുവാൻ തീരുമാനിക്കുന്നത്. ആരായിരിക്കണം അത് ചെയ്യേണ്ടതെന്നും റീട്ടെയിൽ വിഭാഗത്തിന്റെ ഏറ്റവും ഉന്നത സ്ഥാനത്ത് വരേണ്ടത് ആരെന്നും ആപ്പിൾ സി.ഇ.ഒ. ടിം കുക്കിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ബർബറി എന്ന കമ്പനിയുടെ സി.ഇ.ഒ. ആയ ആഞ്ചെല ജീൻ ഹാറെൻഡ്‌സിനെയാണ് ടിം കുക്ക് കണ്ടെത്തിയത്.

ആഞ്ചെലയ്ക്ക് നറുക്ക് വീണെങ്കിലും ജോലിക്ക്‌ എത്തിയത് ജോൺ ബ്രോവെറ്റ് ആയിരുന്നു. ലാഭം കൂട്ടുവാൻ വേണ്ടി മാർജിൻ കുറയ്ക്കുക എന്നുള്ള സാഹസത്തിനായിരുന്നു ജോൺ ആദ്യം മുതിർന്നത്. മാത്രമല്ല റീട്ടെയിൽ ജോലിക്കാരുടെ ശമ്പളം കുറയ്ക്കുക , അവർക്കുള്ള അലവൻസുകൾ കുറയ്ക്കുക തുടങ്ങിയ നടപടികൾ കാരണം തൊഴിലാളികൾ എതിർപ്പ് കാണിക്കുവാൻ തുടങ്ങി. കഷ്ടിച്ച് അഞ്ച് മാസം കഴിഞ്ഞ് ടിം കുക്ക് ജോൺ ബ്രോവൈറ്റിനെ പുറത്താക്കി.

ജോൺ ബ്രോവൈറ്റിനെ പുറത്താക്കിയതിന് ശേഷമാണ് ടിം ആഞ്ചെലയുമായി നേരിൽ കാണുന്നത്. ‘കണ്ട നിമിഷം തന്നെ അത് സംഭവിച്ചു. നിയമനത്തിന്റെ സാങ്കേതിക കാര്യങ്ങൾ മാത്രമെ പിന്നീട് ബാക്കിയുണ്ടായിരുന്നുള്ളൂ’ എന്ന് ടിം പിന്നീട് പറഞ്ഞു.

എങ്കിലും ടിം വിചാരിച്ച പോലെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആഞ്ചെല അന്ന് ഇംഗ്ലണ്ടിലാണ്. അവിടെ നിന്ന് 5000 മൈൽ അകലെയുള്ള ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സിൽ ജോലിക്ക് എത്തുവാൻ കുടുംബം ഉൾെപ്പടെ എല്ലാവരും അമേരിക്കയിലേക്ക്‌ കൂട് മാറി.

ആപ്പിളിന്റെ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം ആഞ്ചെല ആപ്പിളിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് റീട്ടെയിൽ എന്ന സ്ഥാനം വഹിക്കുന്നു. സ്ട്രാറ്റജി, റിയൽ എസ്റ്റേറ്റ് ആൻഡ് ഡെവലപ്മെന്റ്, ഓൺലൈൻ സ്റ്റോറുകൾ, നേരിട്ടുള്ള സ്റ്റോറുകൾ കോൺടാക്ട് സെന്ററുകൾ എന്നിവയുടെ നിയന്ത്രണവും മേൽനോട്ടവും ആഞ്ചെലയ്ക്കാണ്. മുകളിൽ സി.ഇ.ഒ. ആയ ടിം കുക്ക് മാത്രം.

ടിമ്മിനെ കണ്ടപ്പോൾ ആഞ്ചെല പറഞ്ഞുതുടങ്ങിയത് ഇങ്ങനെ ‘എന്നെക്കുറിച്ചു വായിച്ചതൊന്നും വിശ്വസിക്കരുത്. ഞാൻ ഒരു ടെക്കി അല്ല’. പേടിേക്കണ്ട, എന്റെ അടുത്ത് ധാരാളം ടെക്കികൾ ജോലി ചെയ്യുന്നുണ്ടെന്നായി ടിം. റീട്ടെയിൽ ബിസിനസ് കൈകാര്യം ചെയ്യുവാൻ ഞാൻ നല്ലൊരു റീട്ടെയിൽ ബിസിനസ് മാനേജർ ഒന്നുമല്ല എന്നായി ആഞ്ചെല. അത്തരം ആളുകളെ ജോലിക്കെടുക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്ന് കൂടി അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ലാഭം കൊയ്യുന്ന റീട്ടെയ്‌ലർ ആണ് ആപ്പിൾ. അത്തരക്കാരെ എത്ര വേണമെങ്കിലും ഇവിടെ ലഭ്യമാണ് എന്നായിരുന്നു ടിമ്മിന്റെ മറുപടി. അതോടെ ആഞ്ചെല ‘വീണു’.

എന്തുകൊണ്ടാകാം ടിം കുക്ക് ആഞ്ചെലയെ ഈ ജോലിയിലേക്ക് തിരഞ്ഞെടുത്തത്. 1856 മുതൽ വസ്ത്ര നിർമ്മാണ രംഗത്തുണ്ടായിരുന്ന കമ്പനിയാണ് ബർബറി. വൈവിധ്യമാർന്ന ഡിസൈനുകൾക്ക് പേര് കേട്ട ബർബറിയുടെ ചെക്ക് പാറ്റേൺ ലോക പ്രശസ്തമാണ്. എങ്കിലും 2006 ആയപ്പോഴേയ്ക്കും കമ്പനിയുടെ മൂല്യം വെറും രണ്ടു ബില്യൺ ആയി കുറഞ്ഞു. ആ സമയത്താണ് ആഞ്ചെല ബർബറിയുടെ സി.ഇ.ഒ. ആയി ചുമതല എല്ക്കുന്നത്.

ബ്രാ ഉണ്ടാക്കുന്ന വാർണക്കോ മുതൽ ഫിഫ്ത് ആൻഡ് പസിഫിക് കമ്പനീസ് വരെയുള്ള വിവിധ കമ്പനികളിൽ നിന്ന് നേടിയ പരിചയ സമ്പത്തായിരുന്നു ആഞ്ചെലയെ ബർബറിയിലെത്തിച്ചത്. ബർബറിയുടെ ഏറ്റവും വലിയ ശത്രു അവരുടെ തന്നെ ഡിസൈനുകൾ ആണെന്ന് തിരിച്ചറിഞ്ഞത് ആഞ്ചെലയാണ്. ആർക്കും അനുകരിക്കാവുന്ന ഡിസൈനുകൾ ആയിരുന്നു അവ. ആഞ്ചെല നിർമ്മാണത്തിന്റെ അനുപാതത്തിൽ മാറ്റം വരുത്തുകയും കമ്പനിയുടെ പല ഫ്രാഞ്ചൈസികൾ വിലയ്ക്ക് വാങ്ങുകയും ചെയ്തു. രണ്ടു ബില്യണിൽ നിന്ന് ഏഴു ബില്യൺ ആയി കമ്പനിയുടെ മൂല്യം ഉയർന്നു.

ഈ സമയത്താണ് ടിം കുക്ക് സമീപിക്കുന്നത്.
ബർബറിയിൽ ചേരുന്നതിനു മുൻപായി പുരുഷന്മാരുടെ വസ്ത്രങ്ങൾക്ക് പേരുകേട്ട ലിസ് ക്ലേയ്‌ബോൺ ഉത്പന്നങ്ങളുടെ ചുമതലയായിരുന്നു ആഞ്ചെല വഹിച്ചിരുന്നത്. പുരുഷന്മാർ ഒരു കടയിൽ വന്നാൽ എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ട് എന്നുള്ളതിനെ കുറിച്ച് ഒരു ധാരണ ആഞ്ചെലയ്ക്കുണ്ടായത് ഈ പരിചയത്തിൽ നിന്നായിരുന്നു. ആഞ്ചെല ആപ്പിളിൽ എത്തിയതോടെ രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഓൺലൈൻ വ്യാപാരവും ആപ്പിൾ സ്റ്റോറും ബന്ധിപ്പിക്കുക. ആപ്പിൾ സ്റ്റോറിന്റെ ഡിസൈൻ അടിമുടി മാറുക.

പണ്ടുതന്നെ ആപ്പിളിന്റെ ആരാധികയായിരുന്നു ആഞ്ചെല. ബർബറിയിൽ അവർ ഉള്ളപ്പോഴാണ് ആദ്യമായി ഐപാഡ് മാർക്കറ്റിൽ എത്തുന്നത്. അന്ന് അവർ നേരിട്ട് ആപ്പിളുമായി ബന്ധപ്പെട്ട് ഐപാഡ് വാങ്ങി തന്റെ എല്ലാ എക്സിക്യൂട്ടീവുകൾക്കും ഓരോന്ന് നൽകിയെന്ന് മാത്രമല്ല ആപ്പിളിന്റെ ഉദ്യോഗസ്ഥർ നേരിട്ടുവന്ന്‌ ഓരോ എക്സിക്യൂട്ടീവിനും വേണ്ട പരിശീലനം നൽകുവാൻ ഏർപ്പാടുണ്ടാക്കുകയും ചെയ്തു. 2012 ലെ ഫോർച്യൂൺ മാസികയുടെ കവറിൽ ആഞ്ചെല പ്രത്യക്ഷപ്പെട്ടത് െെകയിൽ ഐപാഡുമായാണ്.
ഹിലാരി ക്ളിന്റൺന്റെ മാതൃകയിൽ ആയിരുന്നു ആഞ്ചെലയുടെ തുടക്കം. ആദ്യം നൂറു ഷോപ്പുകൾ, കോൾ സെന്ററുകൾ തുടങ്ങിയവ സന്ദർശിക്കുക

എന്താണ് അതിൽ നിന്നുമുണ്ടായ നേട്ടം?
‘ജോലിക്കാരുടെ പരാതികൾ, ആവശ്യങ്ങൾ, അവരുടെ നിർദ്ദേശങ്ങൾ ഞാൻ നിശ്ശബ്ദം കേട്ടു നിന്നു. അവയുടെ ആകെ തുക ഞാൻ വിശകലനം ചെയ്തു. എല്ലാ പരാതിയുടെയും അടിസ്ഥാനം ഒന്നു തന്നെ - ജോലിക്കാരെ മാനേജ്‌മെന്റിന് വിശ്വാസമില്ല. ആപ്പിളിൽ എന്ത് സംഭവിക്കുന്നു എന്ന് പല ജോലിക്കാരും അറിയുന്നത് മറ്റ് കമ്പനികളിൽ നിന്നോ ഇന്റർനെറ്റിൽ നിന്നോ ആണ്’ ആഞ്ചെലയുടെ വാക്കുകൾ

ആഞ്ചെലയുടെ ആദ്യ നീക്കം എല്ലാ ഷോപ്പുകളുമായി ആഴ്ചയിലൊരിക്കലുള്ള വീഡിയോ കോൺഫറൻസ്‌ ആയിരുന്നു. ജോലിക്കാർ എന്തുചെയ്യണമെന്ന് ആഞ്ചെല പറഞ്ഞില്ല. അവർക്ക് ടാർഗറ്റ് നൽകിയില്ല. അവരുടെ തെറ്റുകളെ കുറിച്ചു ചോദിക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്തില്ല. പകരം താൻ എന്ത് ചെയ്യണമെന്ന് ജോലിക്കാർ പറയുന്നത് ക്ഷമയോടെ അവർ കേട്ടിരുന്നു. മറ്റൊന്ന് പുതുതായി അവർ കൊണ്ടുവന്ന ഒരു ആപ്പ് ആയിരുന്നു. ഇതിലൂടെ ഏത് ജോലിക്കാരനും ആഞ്ചെലയ്ക്ക് സന്ദേശം ഇടാം. നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഒന്നുകിൽ ആഞ്ചെല നേരിട്ട്, അല്ലെങ്കിൽ അവരുടെ ഓഫീസിൽ നിന്ന്‌ ആ ജോലിക്കാരനുമായി ബന്ധപ്പെട്ടിട്ടുണ്ടാകും. എല്ലാ സന്ദേശങ്ങളും അവർ നേരിട്ട് വായിക്കുമെന്നും ഉറപ്പു നൽകുന്നു.

ഷോപ്പിൽ വരുന്ന കസ്റ്റമറെ സ്വീകരിക്കുന്ന രീതിയിലും വന്നു ചില മാറ്റങ്ങൾ. കടയിൽ വരുവാൻ നേരത്തെ സമയം കുറിച്ചിട്ടുണ്ടെങ്കിൽ അതിനു കൃത്യം പത്ത് മിനിറ്റ് മുൻപ് ഒരു ടെക്സ്റ്റ് മെസേജ് ലഭിക്കും. ഷോപ്പിൽ എത്തുമ്പോൾ ആപ്പിൾ ജോലിക്കാരൻ നിങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി എന്നുള്ളതിന്റെ സൂചനയായി ഒരു സന്ദേശം ലഭിക്കും. തിരക്കുള്ളവർ ആണ് ആപ്പിൾ ഉപഭോക്താക്കൾ എന്നാണ് ആഞ്ചെലയുടെ കണക്കു കൂട്ടൽ. അത്തരക്കാരുടെ സമയം വെറുതെ കളയുവാൻ ആപ്പിൾ തയ്യാറല്ല എന്ന് സാരം. മറ്റൊന്ന് കസ്റ്റമറിനു മേലെ ആപ്പിളിനുള്ള വിശ്വാസമാണ്. വിലയേറിയ വാച്ച് എടുക്കുവാൻ വരുന്ന ആളുടെ െെകയിൽ അത് കെട്ടിക്കൊടുക്കുവാൻ ആപ്പിൾ തയ്യാറായി. (അതിനു മുൻപ് കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന വാച്ച് പുറത്തുനിന്നും കണ്ടു വാങ്ങണമായിരുന്നു). ഓരോ ആപ്പിൾ സ്റ്റോറും ഓരോ ‘കമ്യൂണിറ്റി സെന്റർ’ ആയിരിക്കണം എന്നവർ തീരുമാനിച്ചു.

ഇനിയുമുണ്ട് ആഞ്ചെലയുടെ പരിഷ്കാരങ്ങൾ. എല്ലാ വർഷവും പത്ത് ശതമാനം ജോലിക്കാർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം നൽകുക എന്നുള്ളതാണ് അതിലൊന്ന്. സ്റ്റോർ മാനേജർ മുതൽ മാത്രമേ പ്രൊമോഷൻ സാധ്യതയുള്ളു എന്നുള്ളതും അവർ മാറ്റി. ജോലിക്കാർക്ക് ഒരേ പോലെയുള്ള വസ്ത്രങ്ങൾ. ആഞ്ചെലയോട് നിങ്ങൾ എങ്ങനെ ജോലി ചെയ്യണമെന്ന് പറയുവാനുള്ള സ്വാതന്ത്ര്യം, എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം -അതായിരുന്നു പ്രധാനം.

 ഒരു ഉദാഹരണം കേൾക്കണോ? ഒരു ഷോപ്പിൽ ചെന്ന ആഞ്ചെലയോട് സ്റ്റോർ മാനേജർ ചോദിച്ചത് അവർക്ക് ഏറ്റവും ഇഷ്ടമുള്ള മണമേെതന്നായിരുന്നു. ‘ചുരുട്ടിന്റെ മണം, എന്റെ അച്ഛൻ ചുരുട്ട് വലിക്കുമായിരുന്നു’. ഒരു നിമിഷം കഴിഞ്ഞ്‌ അവർ പറഞ്ഞു. ‘ഇടയ്ക്ക് എന്റെ ഭർത്താവും ചുരുട്ട് വലിക്കാറുണ്ട്. അപ്പോൾ എനിക്ക്‌ എന്റെ അച്ഛനെ ഓർമ്മ വരും. ആ ചിന്തകൾ എനിക്ക്‌ ശാന്തമായ അന്തരീക്ഷവും കുട്ടിക്കാലത്ത് അച്ഛന്റെ അടുത്ത് നിന്ന്‌ ലഭിച്ചിരുന്ന സുരക്ഷിതാ ബോധവും ഒരുക്കി ത്തരും’. (കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനെ പതിനേഴ് വർഷം പ്രേമിച്ചു നടന്നിട്ടാണ് ആഞ്ചെല വിവാഹം കഴിച്ചത്. ആഞ്ചെല നേരിടുന്ന ചോദ്യങ്ങളിൽ പ്രേമത്തെക്കുറിച്ച് ഒരെണ്ണമെങ്കിലും ഉണ്ടാകും)

തങ്ങളെ മാനേജ്‌മെന്റ് വിശ്വസിക്കുന്നുവെന്നും, തങ്ങൾ പറയുന്നതും കൂടി കണക്കിൽ എടുക്കുന്നുവെന്നുമുള്ള ധാരണ ജോലിക്കാർക്ക് ഉണ്ടായതോടെ ആപ്പിളിന്റെ ലാഭം കുതിച്ചുയർന്നു. ജോലിക്കാരുടെ ശമ്പളം ശരാശരി മണിക്കൂറിൽ 13 ഡോളറിൽ നിന്ന് 18 ഡോളറായി ഉയർന്നു. ശമ്പളവും ലാഭ വിഹിതവുമായി ആഞ്ചെലയ്ക്ക് ആദ്യം വർഷം ലഭിച്ചത് 70 ദശലക്ഷം ഡോളർ ആണെന്നു പറയുമ്പോൾ ആപ്പിളിന്റെ വരുമാനം എന്തായിരിക്കും എന്നൂഹിക്കാമല്ലോ.

 1,00,000 നു മേലെയുള്ള ജോലിക്കാരുടെ അറുപത് ശതമാനവും ജോലി ചെയ്യുന്നത് റീട്ടെയിലിൽ ആണ്. അവർ ആപ്പിളിന്റെ കച്ചവടച്ചരക്കല്ല. അവരാണ് ആപ്പിളിന് ലാഭം ഉണ്ടാക്കിത്തരുന്നവർ. അവർ പറയുന്നത് മനസ്സിലാക്കാതെ, കണക്കിലെടുക്കാതെ ആപ്പിളിനെന്നല്ല ഒരു കമ്പനിക്കും മുന്നോട്ട് പോകുവാൻ സാധിക്കുകയില്ല എന്നും കൂടി പറയുന്നു ആഞ്ചെല. അത് തലകുലുക്കി സമ്മതിക്കുന്നു ആപ്പിളിന്റെ സി.ഇ.ഒ. ടിം കുക്ക്. അതു കൊണ്ടാണല്ലോ ആപ്പിളിന്റെ ടോപ് മാനേജ്‌മെൻറ്റിൽ ഉള്ള ഏക സ്ത്രീ എന്ന സ്ഥാനം ആഞ്ചെല നേടിയതും പതിനൊന്നു ദശലക്ഷം ഡോളർ വിലവരുന്ന ആപ്പിൾ ഷെയർ സ്വന്തമാക്കിയതും.