മുംബൈ: സമ്പദ്ഘടനയുടെ ഭാവിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സര്‍വേകള്‍. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുകയാണെന്നും പണപ്പെരുപ്പം കൂടുകയാണെന്നും ഉപഭോഗശേഷി ഇടിയുകയാണെന്നുമാണ് ഭൂരിപക്ഷമാളുകളും വിശ്വസിക്കുന്നത്.
 
ഈ സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജി.ഡി.പി. വളര്‍ച്ച 6.7 ശതമാനമായി കുറയുമെന്ന് ഒക്ടോബര്‍ നാലിന് ദ്വൈമാസ പണനയ അവലോകനം പ്രഖ്യാപിച്ചപ്പോള്‍ ആര്‍.ബി.ഐ. അഭിപ്രായപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് സമ്പദ് മേഖലയുടെ അവസ്ഥ ശുഭകരമല്ലെന്ന് ജനങ്ങളും കരുതുന്നതായി സൂചിപ്പിക്കുന്ന സര്‍വേഫലങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യയുടെ പൊതു സാമ്പത്തികസ്ഥിതി മുമ്പത്തേക്കാള്‍ മോശമായെന്ന് 40.7 ശതമാനമാളുകളും കരുതുന്നതായാണ് ആര്‍.ബി.ഐയുടെ 'കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ' പറയുന്നത്. സാമ്പത്തികരംഗം മെച്ചപ്പെട്ടെന്ന് അഭിപ്രായപ്പെട്ടത് 34.6 ശതമാനംപേര്‍ മാത്രമാണ്. മുന്‍വര്‍ഷം സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ 25.3 ശതമാനമാളുകള്‍ മാത്രമാണ് സാമ്പത്തിക സ്ഥിതി മോശമാവുകയാണെന്നു പറഞ്ഞത്. അന്ന് 44.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് സമ്പദ്‌മേഖല മെച്ചപ്പെട്ടെന്നാണ്. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, െഹെദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലെ 5,100 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

തൊഴിലവസരങ്ങള്‍ കുറയുന്നതാണ് പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. രാജ്യത്തെ തൊഴില്‍സാധ്യതകള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 43.7 ശതമാനംപേരും അഭിപ്രായപ്പെട്ടു. മുന്‍വര്‍ഷം ഇതേസമയത്ത് 31.9 ശതമാനം പേര്‍ക്കു മാത്രമാണ് ഈ അഭിപ്രായമുണ്ടായിരുന്നത്. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതായി 85 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ വരുമാനം കൂടിയെന്നുപറഞ്ഞത് 26.6 ശതമാനം മാത്രമാണ്.

ആര്‍.ബി.ഐയുടെ 'പ്രൊഫഷണല്‍ ഫോര്‍കാസ്റ്റേഴ്‌സ് സര്‍വേ'യുടെ കണ്ടെത്തലും സമാനമാണ്. ഈ വര്‍ഷം സാമ്പത്തികവളര്‍ച്ച നേരത്തേ കണക്കുകൂട്ടിയതിലും കുറയുമെന്നും എന്നാല്‍ അടുത്ത സാമ്പത്തികവര്‍ഷം സ്ഥിതി മെച്ചപ്പെട്ടേക്കുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. പ്രമുഖരായ 30 സാമ്പത്തികവിദഗ്ധരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്.

നിര്‍മാണമേഖലയുടെ മൊത്തത്തിലുള്ള അവസ്ഥ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മോശമായതായി 'ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട് സര്‍വേ' കണ്ടെത്തുന്നു. മൂന്നാംപാദത്തിലും നിര്‍മാണമേഖലയുടെ നില വഷളാവാനാണ് സാധ്യത. വായ്പയുടെയും അസംസ്‌കൃതസാധനങ്ങളുടെയും ചെലവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഉപഭോഗം കുറയുന്നതാണ് ലാഭം കുറയ്ക്കുന്നത്. രാജ്യമെമ്പാടുമുള്ള 1141 കമ്പനികളില്‍നിന്നാണ് ഈ സര്‍വേയ്ക്കു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്.