തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നോട്ട് ക്ഷാമം. ആവശ്യപ്പെട്ട കറന്‍സി റിസര്‍വ് ബാങ്ക് നല്‍കാത്തതിനാല്‍ ട്രഷറികളിലെ ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണം തടസ്സപ്പെട്ടു. നോട്ട് ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്കവാറും എ.ടി.എമ്മുകള്‍ അടഞ്ഞുകിടക്കുകയാണ്.

ട്രക്ക് സമരംമൂലം യഥാസമയം നോട്ട് എത്തിക്കാനാകുന്നില്ലെന്നാണ് വിശദീകരണമെങ്കിലും ക്ഷാമം കൃത്രിമമായി ഉണ്ടാക്കുന്നതാണെന്നും ആരോപണമുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കൃത്രിമാമായി ക്ഷാമമുണ്ടാക്കുന്നതെന്നാണ് ആരോപണം. 

സംസ്ഥാനത്തെ 38 ട്രഷറികളില്‍നിന്ന് പണമൊന്നും കിട്ടിയില്ല. ബുധനാഴ്ച 103 കോടിരൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 49 കോടിയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കറന്‍സിക്ഷാമം രൂക്ഷമായിട്ടുള്ളത്.

വയനാട്, കാസര്‍കോട് ജില്ലാട്രഷറികളില്‍ പണമൊന്നും കിട്ടിയില്ല. വെള്ളനാട്, കുണ്ടറ, ചവറ, കൊല്ലം പെന്‍ഷന്‍ ട്രഷറി, അഞ്ചല്‍, പത്തനംതിട്ട, അടൂര്‍, ആലപ്പുഴ, ചേര്‍ത്തല, പൂച്ചാക്കല്‍, പള്ളിക്കത്തോട്, കുറവിലങ്ങാട്, പൈനാവ്, രാജകുമാരി, കട്ടപ്പന, എറണാകുളം, കല്ലൂര്‍ക്കാട്, കോഴിക്കോട്, നടവയല്‍, ദ്വാരക, ചട്ടഞ്ചാല്‍, മാലക്കല്ല്, പേരാവൂര്‍, ഇരിട്ടി എന്നീ സബ്ട്രഷറികളിലും പെന്‍ഷന്‍, ശമ്പളം വിതരണം തടസ്സപ്പെട്ടു. 

കണ്ണൂരില്‍ ബുധനാഴ്ച 70 ലക്ഷം ആവശ്യപ്പെട്ടിടത്ത് കിട്ടിയത് 15 ലക്ഷം. ചൊവ്വാഴ്ച ഒരുകോടി ചോദിച്ചപ്പോള്‍ കിട്ടിയത് അരക്കോടിയും. 

ശ്രീകണ്ഠാപുരത്തും പാനൂരിലും പണവിതരണം മുടങ്ങി. പയ്യന്നൂരില്‍ ഭാഗികമായിരുന്നു വിതരണം. ഇരിട്ടിയില്‍ ചൊവ്വാഴ്ച 50 ലക്ഷം ആവശ്യമായിടത്ത് 12 ലക്ഷമാണ് കിട്ടിയത്. ബുധനാഴ്ച 50 ലക്ഷത്തിന് പകരം 15 ലക്ഷവും. പേരാവൂരില്‍ ചൊവ്വാഴ്ച 20 ലക്ഷത്തിനുപകരം 15 ലക്ഷവും ബുധനാഴ്ച 30 ലക്ഷത്തിനുപകരം 10 ലക്ഷം രൂപയുമാണ് ബാങ്ക് നല്‍കിയത്.