മുംബൈ: ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ടും ആമസോണും 90 ശതമാനംവരെ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ, 100 ശതമാനം വിലക്കിഴിവില്‍ വിറ്റുകൂടേയെന്ന് പേ ടിഎം.

ഫ്‌ളിപ്കാര്‍ട്ടും ആമസോണും വിലക്കിഴിവ് മേള നടത്തുമ്പോള്‍തന്നെ 100 ശതമാനം കാഷ്ബാക്ക് ഓഫറുമായി പേ ടിഎമ്മും എത്തുമെന്നാണ് വ്യക്തമായ സൂചന.

വിപണി വിഹിതം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് മത്സരത്തിന് പിന്നില്‍. 

സെപ്റ്റംബര്‍ 20 മുതല്‍ 24വരെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്പന. ഇതേകാലയളവില്‍തന്നെയാകും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും. 

പേ ടിഎംമാളാകട്ടെ ഉടനെതന്നെ ഓഫര്‍ സെയില്‍ പ്രഖ്യാപിക്കും. കാഷ്ബാക്ക്, മാര്‍ക്കറ്റിങ്, പ്രൊമോഷന്‍ എന്നിവയ്ക്കായി കമ്പനി 1000 കോടി രൂപയാണ് ചെലവഴിക്കുക.

ഫാഷന്‍, മൊബൈല്‍, അപ്ലയന്‍സസ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് മികച്ച ഓഫറുകളുമായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ മത്സരിക്കാറുള്ളത്. ഇവയ്ക്ക് പുറമെയുള്ള വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാകും പേ ടിഎമ്മിന്റെ വിലക്കിഴിവ് മേള.